വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. എന്നാൽ പലരും വീട് വൃത്തിയാക്കുന്നത് എവിടെ തുടങ്ങും എന്ന ആശയക്കുഴപ്പത്തിലാണ്.


സഹായം

 • ∙വീടുകളിലേക്കു മടങ്ങുന്നവരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം.
 • ∙അടിയന്തരധനസഹായമായി 10000 രൂപ.
 • ∙വീടു വൃത്തിയാക്കാൻ സന്നദ്ധപ്രവർത്തകരുടെ സേവനം.
 • ∙ഓരോ വാർഡിലും തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
 • ∙ശുചിത്വം ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ടാകും.
 • ∙ചെളി നീക്കം ചെയ്യാൻ ഫയർ ഫോഴ്സിന്റെ സഹായം. വാർഡ് കൗൺസിലർ വഴി സഹായം തേടാം.


ചെളി നീക്കം ചെയ്യുമ്പോൾ
വെള്ളപ്പൊക്കത്തിനുശേഷം വീടുകളിലെ ചെളിയും മാലിന്യങ്ങളും നീക്കംചെയ്യുന്ന വീട്ടമ്മമാർ. കടുത്തുരുത്തിയിൽ നിന്നുള്ള കാഴ്ച.

 • ∙കയ്യിൽ ഗ്ലൗസ് , മുഖത്ത് മാസ്ക് എന്നിവ ധരിക്കുക.
 • ∙വെള്ളത്തിനൊപ്പം ആണികൾ, കൂർത്ത കല്ലുകൾ,കുപ്പിച്ചില്ലുകൾ ,മാലിന്യം തുടങ്ങിയവ കണ്ടേക്കാം. ചെരിപ്പോ,
 • ബൂട്ടോ  ഉപയോഗിക്കാം.
 • ∙മൺവെട്ടി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കാം.
 • ∙കൂടുതൽ വെള്ളം കെട്ടിനിന്നാൽ,പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. 
 • ∙വെള്ളവും ചെളിയും മാറ്റിക്കഴിഞ്ഞാൽ മുറികൾ വെള്ളം ഉപയോഗിച്ചു കഴുകാം.
 • ∙പിന്നീട് നീണ്ട ബ്രഷ് ഉപയോഗിച്ചു പലതവണ  സോപ്പുവെള്ളത്തിൽ കഴുകുക.
https://www.manoramaonline.com
 "ആറാട്ടുപുഴ ഗവ.യു.പി.സ്കൂൾ മുഴുവനും ചെളി കൊണ്ടു നിറഞ്ഞിരിക്കുന്നു 'എന്തു ചെയ്യുമെന്നറിയില്ല' എല്ലാം നഷ്ടപ്പെട്ട് വിവിധ വീടുകളുടെ ടെറസുകളിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥ. എന്റെ കുട്ടികളെ ജീവിതത്തിലേക്കും പഠനാന്തരീക്ഷത്തിലേക്കും തിരികെ കൊണ്ടുവരാൻ ഏവരുടേയും സഹായ ഹസ്തങ്ങൾ അവർക്കു നേരേ നീട്ടണേ..."
(HM വാട്സ് ആപ്പ് ഗ്രൂപ്പില്‍ )

ഇതേ പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്നഭരിതമാണ് വിദ്യാലയങ്ങള്‍. അധ്യാപകരുടെ മനസ് വേദനപ്പെടുന്നു.നാം പ്രളയാനന്തരകാലത്തെ വിദ്യാലയപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. ചില കാര്യങ്ങള്‍  പരിഗണനയ്കായി അവതരിപ്പിക്കുന്നു. കൂട്ടിച്ചേര്‍ക്കാം.

1. നമ്മുടെ കുഞ്ഞുങ്ങള്‍

പേമാരി. മലവെളളപ്പാച്ചില്‍, മഹാപ്രളയം, ഉരുള്‍പൊട്ടല്‍, എല്ലാ സങ്കല്പങ്ങളെയും കശക്കിയെറിഞ്ഞ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭത്തിന് സാക്ഷ്യം വഹിച്ച നമ്മുടെ കുട്ടികള്‍ ഓണം കഴിഞ്ഞ് സ്കൂളിലേക്ക് വരും. അവരില്‍ പലരും അതീവ ദുഖഭാരമുളളവരായിരിക്കും. അവര്‍ വന്ന ശേഷം കാര്യങ്ങള്‍ നേരെയാക്കാം എന്നായിരിക്കും അധ്യാപകരില്‍ പലരും കരുതുന്നത്. പോര. ഉടന്‍ അവരുമായി ബന്ധപ്പെടണം. ആരെയാണ് ഫോണ്‍ വിളിക്കേണ്ടത്? ആരെയാണ് നേരി‍ല്‍ കാണേണ്ടത് എന്ന് അധ്യാപകര്‍ ആലോചിക്കണം. പലതരം പ്രശ്നങ്ങളില്‍പ്പെട്ട് വാടിപ്പോയവരാണ്. പ്രശ്നസ്വഭാവത്തിന്റെയടിസ്ഥാനത്തില്‍ പല വിഭാഗത്തിലായി കുട്ടികളെ തരം തിരിക്കണം.


പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍

ഇവര്‍ സുരക്ഷിതരാണോ? പ്രളയം അവരെ വീണ്ടും കഷ്ടത്തിലാക്കിയോ? എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഇവര്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണ്ടത് നമ്മള്‍ അധ്യാപകരാണല്ലോ?

ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടിയ കുട്ടികള്‍

ഇത്തരം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ജീവിതത്തിന്റെ വേറൊരു മുഖം കണ്ടവരാണ്. നാടിന്റെ നന്മമനസിന്റെ സ്പര്‍ശനം ലഭിച്ചവരാണ്. ഏറെ ദിവസം വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ കഴിഞ്ഞവരാണ്. അവര്‍ക്ക് മനക്കരുത്ത് വേണ്ടത്രയുണ്ടാകണമെന്നില്ല. പഠിക്കാന്‍ സമര്‍ഥരും കൂടുതല്‍ പഠനപിന്തുണ ആവശ്യമുളളവരും ഇക്കൂട്ടത്തില്‍ കണ്ടേക്കാം. നല്ലപിളള ഗ്രൂപ്പില്‍ പെടാത്തവരും കണ്ടേക്കാം. പക്ഷേ ഇവര്‍ കൂടുതല്‍ കരുതലും സ്നേഹവും ആവശ്യപ്പെടുന്നു. അവരെ ഓരോരുത്തരെയും വിളിക്കണം. സംസാരിക്കണം. വിദ്യാലയത്തെ ഇവര്‍ക്കു വേണ്ടി ഒരുക്കിയെടുക്കണം

പ്രകൃതിക്ഷോഭം കാരണം അംഗങ്ങള്‍ മരണപ്പെടുകയോ പരിക്കുകകള്‍ സംഭവിക്കുകയോ ചെയ്ത വീട്ടിലെ കുട്ടികള്‍ 

ദുഖം പെയ്തൊഴിയാത്തവരാകും അവര്‍. അനിശ്ചിതത്വവും നിരാശയും അവരുടെ മനസില്‍ വിങ്ങിനില്‍പ്പുണ്ടാകും. നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കണം. പ്രത്യാശയുടെ ലോകത്തേക്ക് നയിക്കണം. ഉപദേശമല്ല, സ്നേഹാനുഭവമാണ് അവര്‍ക്ക് വേണ്ടത്. ഈ വീട്ടുകാര്‍ക്ക് വേറെയും നഷ്ടങ്ങളുണ്ടായിക്കാണും. നിത്യേന ഈ കുട്ടികള്‍ വിദ്യാലയത്തിന്റെ സ്നേഹപരിചരണങ്ങളും പിന്തുണയും ലഭിക്കുന്നവരാകണം. അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട കടമ വിദ്യാലയത്തിനുണ്ട്. അകാലത്തില്‍ മരിച്ചവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി കഠിനപ്രയത്നം നടത്താന്‍ വിദ്യാലയം മനസര്‍പ്പിക്കുക തന്നെ വേണം. ഇവര്‍ക്കായി സ്നേഹത്തിന്റെ പാഠ്യപദ്ധതിയാണ് വിനിമയം ചെയ്യപ്പെടേണ്ടത്.

പ്രകൃതിക്ഷോഭം കാരണം യൂണിഫോം, വസ്ത്രം, പഠനോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍


Photo manoramaഇത്തരം കുട്ടികളുടെ കണക്കെടുക്കണം. ഓണം കഴിഞ്ഞ് പുതുവസ്ത്രം പോയിട്ട് സ്കൂളില്‍ നിന്നും നല്‍കിയ യൂണിഫോം പോലും ഇല്ലാത്തവര്‍ ഉണ്ടാകും. പുഴയുടെ സംഹാരപ്പാച്ചിലില്‍ ചെളിയില്‍ കുഴഞ്ഞ് വീണ്ടെടുക്കാനാവാത്ത വിധം വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. അത്തരം കുട്ടികള്‍ക്ക് പുതുവസ്ത്രം ഇരുചെവിയറിയാതെ വീട്ടിലെത്തിച്ചു നല്‍കണം. പൊതുചടങ്ങ് നടത്തി വസ്ത്രവിതരണം നടത്തി ഫോട്ടോ എടുക്കുന്ന അല്പത്തം കാട്ടരുത്. ഒന്നോ രണ്ടോ മാസത്തേക്ക് സ്കൂള്‍ യൂണിഫോം നിര്‍ബന്ധിക്കാതിരിക്കുന്നതുകൊണ്ട് ഒത്തിരി ആശ്വാസം ഈ വിഭാഗം കുട്ടികള്‍ക്ക് ലഭിക്കും. പുതിയ യൂണിഫോം സര്‍ക്കാരില്‍ നിന്നും ലഭിക്കും വരെയെങ്കിലും ബദല്‍ രീതികള്‍ വേണ്ടിവരും

പാഠപുസ്തകം നനഞ്ഞ് പിഞ്ചിപ്പോയിട്ടുണ്ടാകും. അത് വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നു പ്രതീക്ഷിക്കാം. അതു ലഭ്യമാകുന്നതുവരെ ഫോട്ടോ കോപ്പിയായിട്ടാണെങ്കിലും പാഠങ്ങള്‍ നല്‍കാന്‍ ക്രമീകരണം വേണം.

നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ക്ലാസില്‍ പത്തോ അമ്പതോ നോട്ട് ബുക്കുകളും പേനകളും പെന്‍സിലുകളും ഇൻ്‍സ്ട്രമെന്റല്‍ ബോക്സുകളുമെല്ലാം പൊതു സംവിധാനമായി വെക്കാം. ആവശ്യാനുസരണം കുട്ടികള്‍ ഉപയോഗിക്കട്ടെ. അതിനായി പി ടി എ വിഭവസമാഹരണം നടത്തണം.

പ്രകൃതിക്ഷോഭം കാരണം വീട് നഷ്ടപ്പെട്ട കുട്ടികള്‍

വീടു പണിത് കൊടുക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതര പ്രസ്ഥാനങ്ങളും മുന്നോട്ടു വരും. അതിനുളള മുന്‍കൊയെടുക്കലില്‍ വിദ്യാലയം കൈത്താങ്ങ് നല്‍കണം. ഇത്തരം കുട്ടികള്‍ താല്‍ക്കാലിക സംവിധാനങ്ങളായിരിക്കും ഉപയോഗിക്കുക. അവര്‍ക്ക് വേണ്ടവണ്ണം തുടര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള അന്തരീക്ഷം ലഭിക്കണമെന്നില്ല. വിദ്യാലയത്തില്‍ത്തന്നെ ക്രമീകരണം വേണം.


മറ്റുതരത്തിലുളള പ്രകൃതിക്ഷോഭനാശനഷ്ടം സംഭവിച്ച വീട്ടിലെ കുട്ടികള്‍

എന്താണ് ഇവരുടെ പ്രശ്നമെന്നു മനസിലാക്കണം. അതനുസരിച്ചുളള പരിഗണനയും പിന്തുണയും ഉണ്ടാകണം. ഉരുള്‍പൊട്ടലും മറ്റും കണ്ട് ഭയന്നു പോയവരുണ്ടാകും. മരണത്തെ മുഖാമുഖം കണ്ടവരുണ്ടാകും. കൗണ്‍സലിംഗ് ആവശ്യമുളളവര്‍ കണ്ടേക്കാം. എല്ലാം നമ്മുടെ അജണ്ടയാകണം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കുട്ടികള്‍ ചിലപാഠങ്ങള്‍ പഠിക്കുകയാണ്. എങ്ങനെയാണ് ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പെരുമാറേണ്ടതെന്ന് അധ്യാപകര്‍ കാണിച്ചുകൊടുക്കുകയാണ്.

വിദഗ്ധരുടെ സേവനം ആവശ്യമെങ്കില്‍ ലഭ്യമാക്കണം

ഒരേ സംഭവം ഒരേ പോലെയല്ല എല്ലാ കുട്ടികളെയും ബാധിക്കുക. അതിനാല്‍ തീവ്രദുരന്താനുഭവത്തിന് ഇരയായ കുട്ടികളുടെ പെരുമാറ്റങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷണവിധേയമാക്കണം.

 • ഉറക്കമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ടോ?
 • പെട്ടെന്ന് പതിവില്ലാത്ത വിധം ദേഷ്യപ്പെടുന്നുണ്ടോ?
 • വേറിട്ട രീതിയില്‍ പെരുമാറുന്നുണ്ടോ?
 • തലവേദന , വയറുവേദന,ശരീരവേദന എന്നിവ ഉണ്ടെന്നു പറയുകയും പരിശോധനയില്‍ അത്തരം രോഗങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യല്‍
 • ഉറക്കത്തില്‍ ഞെട്ടിയുണരുന്നുണ്ടോ?
 • നിരാശ പ്രകടിപ്പിക്കുന്നുണ്ടോ?
 • തന്നെയും ലോകത്തെയും പഴിക്കുന്നുണ്ടോ?
 • ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്നുണ്ടോ?
 • കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ വിട്ടുപോകുന്നുണ്ടോ?
 • സ്കൂളില്‍ പോകാന്‍ ഉന്മേഷക്കുറവ് കാണിക്കുന്നുണ്ടോ?
 • ഭയപ്പെടുന്നതായി തോന്നുന്നുണ്ടോ?
 • ഏകാകിയായി കഴിയാനിഷ്ടപ്പെടുന്നുണ്ടോ?
ഇത്തരംപ്രതികരണ സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ശാസിക്കുന്നതുകൊണ്ട് പ്രയോജനമില്ല. മനശാസ്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള വിദഗ്ധരുടെ സേവനം തേടുകയാണ് വേണ്ടത്.

2. രക്ഷിതാക്കളെയും ശക്തരാക്കണം

Photo Times of India

രക്ഷിതാക്കളില്‍ ചിലരെങ്കിലും മനോധൈര്യം കുറഞ്ഞവരായിരിക്കും. അവര്‍ കരഞ്ഞും പിഴിഞ്ഞും വീട്ടിലെ അന്തരീക്ഷം പ്രളയാനുഭവത്തില്‍ത്തന്നെ തളച്ചിടും. ഇത് കുട്ടിയെ ബാധിക്കും. കുട്ടിയുടെ ഓര്‍മയില്‍ ദുരന്താനുഭവം സജീവമായി നിലനില്‍ക്കും. കുട്ടിയുടെ പഠനത്തെ പ്രതീകൂലമായി ബാധിക്കുക മാത്രമല്ല മാനസീകാരോഗ്യത്തെയും ബാധിക്കും. രക്ഷിതാക്കളായ ഗര്‍ഭിണികളുടെ കാര്യവും പ്രധാനമാണ്. അവര്‍ വിഷാദത്തെക്കൂടി ഗര്‍ഭം ധരിക്കുന്ന അവസ്ഥയുണ്ടായിക്കൂടാ. ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെപ്പോലും ഇത് ബാധിക്കും. അതിനാല്‍ രക്ഷിതാക്കളെ പ്രത്യാശയുളളവരാക്കി മാറ്റണം. വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജാവമാക്കണം. ക്ലാസ് പി ടി എ കൂടി ചില പരിപാടികള്‍ ആസൂത്രണം ചെയ്യണം. കുട്ടിയുടെ വീടന്തരീക്ഷം പഠനോന്മുഖമാക്കുന്നതിനുളള കര്‍മപരിപാടികളും വേണം. കുട്ടിയുടെ മനസിനെ കരുത്തുളളതാക്കിത്തീര്‍ക്കുക എന്നതും ലക്ഷ്യമാക്കണം. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ വീഡിയോ ദൃശ്യങ്ങളും ചാനല്‍ക്കാഴ്ചകളും വീണ്ടും കുട്ടികള്‍ കാണുന്നത് പരമാവധി കുറയ്കണം. എന്നാല്‍ ദുരന്തത്തെ അതിജീവിച്ചവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ദുരന്ത നിവാരണ രീതികളും ചര്‍ച്ച ചെയ്യാം. പോസിറ്റീവായ ചര്‍ച്ചകള്‍ അനുവദിക്കാം. മത്സ്യത്തൊഴിലാളികള്‍, പട്ടാളക്കാര്‍, യുവജനങ്ങള്‍, നാനാജാതിമതസ്ഥരായ മനുഷ്യര്‍ എന്നിവരെല്ലാം ഒറ്റമനസോടെ നമ്മള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ പ്രകീര്‍ത്തിക്കാം. ജീവിതം മറ്റുളളവര്‍ക്കു വേണ്ടിക്കൂടിയാണെന്ന സന്ദേശം നല്‍കാം.

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ വിദ്യാഭ്യാസ പരിപാടി


 • ജലശുദ്ധീകരണം
 • ജലജന്യ രോഗങ്ങള്‍
 • ജന്തു ജന്യരോഗങ്ങള്‍, രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയിലൂന്നിയാകട്ടെ ആരോഗ്യ വിദ്യാഭ്യാസ പരിപാടി. ഇതിനായി വിദഗ്ധരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം.

3. ഭൗതികാന്തരീക്ഷം 

3.1 സ്കൂള്‍ കെട്ടിടം


നോക്കൂ , വയനാട്ടിലെ ഈ സ്കൂള്‍ ആകെ തകര്‍ന്നു പോയിരിക്കുന്നു. ഇതേ പോലെ നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാകും

 • പൂര്‍ണമായി തകര്‍ന്നവ
 • മേല്‍ക്കൂര തകര്‍ന്നവ
 • ഭിത്തി വിണ്ടു കീറിയവ
 • ചില ക്ലാസ് മുറികള്‍ മാത്രം നാമാവിശേഷമായവ
 • വെളളത്തില്‍ മുങ്ങി ചുമരുകള്‍ നനഞ്ഞു കുതിര്‍ന്ന് തനിയെ നിലം പൊത്താന്‍ സാധ്യതയുളള പഴയ കെട്ടിടങ്ങള്‍
 • അടിത്തറയിളകിപ്പോയവ
 • അപകടകരമാം വിധം മുറ്റം ഇടിഞ്ഞു പോയവ
ഒരേ വളപ്പില്‍ത്തന്നെ പല കാലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ കാണും. അവയ്കെല്ലാം ഒരേ പോലെയാകില്ല സുരക്ഷാ പ്രശ്നങ്ങള്‍. അതിനാല്‍ ഓരോ കെട്ടിടത്തെയും പ്രത്യേകം പരിഗണിച്ച് ഇടപെടല്‍ മേഖല തീരുമാനിക്കുകയാകും ഉചിതം
പ്രളയത്തില്‍ മുങ്ങി നനഞ്ഞു കുതിര്‍ന്നിട്ടുളള  വിദ്യാലയങ്ങളുടെ ചുമരുകളുടെ നനവ് മാറിയെന്നുറപ്പുവരുത്തണം. മണ്ണ്, സാധാരണ കട്ട എന്നിവയാണ് ചുമരിന്റെ നിര്‍മാണത്തിനുപയോഗിച്ചതെങ്കില്‍ പ്രത്യേകിച്ചും. നനവ് ബലക്ഷയം , വൈദ്യുതി പ്രവാഹം മൂലമുളള ഷോക്കടിക്കല്‍ എന്നിവയ്ക് കാരണമാകാം. സൂക്ഷ്മ നിരീക്ഷണം ആവശ്യം.
 • ചുമരിന്റെ ചായവോ ചരിവോ സംഭവിച്ചിട്ടുണ്ടോ?
 • മേല്‍ക്കൂരയുടെ ( കോണ്‍ക്രീറ്റ് ) കമ്പികള്‍ തുരുമ്പെടുത്തിട്ടുണ്ടോ?
 •  കെട്ടിടത്തിന്റെ മൂലകള്‍ ഏങ്കോണിച്ചിട്ടുണ്ടോ?
 • കഴുക്കോലുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടുണ്ടോ?
 • ചിതലുകള്‍ നനഞ്ഞു കുതിര്‍ന്ന കഴുക്കോലുകളെ ആക്രമിക്കാന്‍ തുടങ്ങിയോ?
 • . ഇങ്ങനെ കെട്ടിടങ്ങളെ തരം തിരിക്കാം.
 • ഒരു കുഴപ്പവും ഇല്ലാത്തവ (പച്ച സിഗ്നൽ),
 • അത്യാവശ്യം റിപ്പയർ നടത്തി ക്ലാസ് ആരംഭിക്കാവുന്നവ (ഓറഞ്ച് സിഗ്നൽ)
 • സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്നൽ)

ഓരോ വിഭാഗത്തിലുമുളളവ എത്രയെന്ന് ഓരോ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്ക് ശേഖരിക്കണം. ഏകദേശം എത്ര രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും. പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്,എസ് എസ് എ, ആര്‍ എം എസ് എ പ്രോജക്ടുകള്‍, ദുരിതാശ്വാസ നിധി എന്നിവ ഉപയോഗിച്ച് അവ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം. അതുവരെ കുട്ടികള്‍ക്ക് പഠിക്കാന്‍ താല്കാലിക സംവിധാനം ഏര്‍പ്പെടുത്തണം.

കിണറുകള്‍, ശുദ്ധജല ലഭ്യത, വെളളക്കെട്ട്

കിണറുകള്‍ക്ക് പലതരത്തിലുളള പ്രശ്നങ്ങളാകും
 • മലിന ജലം നിറഞ്ഞ് ഉപയോഗ ശൂന്യമായവ
 • ഇ‍ടിഞ്ഞു പോയവ
 • ജലം വറ്റിപ്പോയവ
 • ചുറ്റുമതില്‍ തകര്‍ന്നവ
ഇതിന്റെയും അറ്റകുറ്റപ്പണി ആലോചിക്കണം. സാമ്പത്തികം കണക്കാക്കണം. വിദ്യാലയ വികസനസമിതി എത്രയും വേഗം ഇത്തരം പ്രദേശത്ത് കൂടണം. കാത്തിരിക്കാന്‍ പറ്റില്ല. വെളളം പൂര്‍ണമായും വറ്റിക്കേണ്ട സ്ഥലങ്ങളില്‍ അതു ചെയ്ത് വെളളം ശുദ്ധീകരിച്ചതിന് ശേഷമേ ഉപയോഗിക്കാവൂ. അതുവരെ ജലസംഭരണികളില്‍ സമീപത്തു നിന്നും വെളളം നിറച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്യേണ്ടി വരും.

 • കിണര്‍ ക്ലോറിനേഷന്‍ നിര്‍ബന്ധം.

 • രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന വെളളക്കെട്ട് അടുത്തുണ്ടാകാം. ജന്തുജന്യ രോഗസാധ്യത കണക്കിലെടുക്കണം. അതിനാല്‍ വെളളക്കെട്ടില്‍ ഇറങ്ങാതെ നോക്കണം. പ്രത്യേകിച്ചും മുറിവുളളവര്‍. എലിപ്പനി എലികളില്‍ കൂടി മാത്രമല്ല പകരുന്നെതന്നോര്‍മവേണം.

 • ശൗചാലങ്ങള്‍ കവിഞ്ഞൊഴുകി മലിനമായിട്ടുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിക്കണം. പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാന്‍ തിളപ്പിച്ചാറിയ ജലമേ വിദ്യാലയത്തിലും വീട്ടിലും ഉപയോഗിക്കുന്നുളളുവെന്ന് ഉറപ്പു വരുത്തണം.

 • കൊതുക് നിവാരണം.ഡങ്കി, ചിക്കന്‍ഗുനിയ, വെസ്റ്റ് നൈല്‍പനി തുടങ്ങിയവ പകര്‍ത്തുന്ന ഈഡിസ് കൊതുകകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ അവസരം ഉണ്ടാകുന്ന സാഹചര്യമാണ് വിദ്യാലയ പരിസരത്തുളള വെളളക്കെട്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി നിര്‍മിച്ച ചെറുജലാശയം, പൂച്ചട്ടികള്‍, ഓടകള്‍ തുടങ്ങിയവ. കെട്ടിക്കിടക്കുന്ന വെളളം പൊട്ടിയൊഴുകാനും നീക്കം ചെയ്യാനും ശ്രദ്ധ വേണം. കൊതുകുനശീകരണ പ്രവര്‍ത്തനവും അജണ്ടയില്‍ വരണം

 • പാമ്പ്, പഴുതാര, തേള്‍ തുടങ്ങിയ ജീവികള്‍ അഭയം തേടി വിദ്യാലയത്തിലെ എവിടെയും ഒളിച്ചിരിക്കാം. ബഞ്ച്, ‍ഡസ്ക്, മേശ, കസേര , ബോര്‍ഡ്, കലണ്ടര്‍ തുടങ്ങി എല്ലാ സാധനസാമഗ്രികളും ഇക്കാര്യം മനസില്‍ വെച്ച് പരിശോധിക്കണം.  
താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളില്‍ കണ്ണുപതിയണം. ഓരോരുത്തര്‍ക്കും പരിശോധനച്ചുമതല നല്‍കണം.
 • രസതന്ത്ര പരീക്ഷണശാല,
 • ഗ്യാസ്
 • വിറകുപുര
 • കളിസ്ഥലം
 • മൂത്രപ്പുര
 • ശൗചാലയം
 • ചെടിച്ചട്ടികള്‍
 • പാത്രങ്ങള്‍
 • വെളളക്കെട്ടുളള സ്ഥലങ്ങള്‍
 • പച്ചക്കറിത്തോട്ടം
 • കമ്പ്യൂട്ടര്‍ റൂം
ഹൈടെക്ക് സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവയ്ക് നാശനഷ്ടം വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും ഇനം തിരിച്ച് ശേഖരിച്ച് ബന്ധപ്പെട്ട ഏജന്‍സിയെ അറിയിക്കണം.

ഉപകരണങ്ങൾ പരിശോധന നടത്തി

 • ഉപയോഗ ശൂന്യമായത്,
 • റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്നത്
 • കുഴപ്പമില്ലാത്തത് എന്നിങ്ങനെ തരം തിരിക്കണം.
ഐ ടി @ സ്കൂള്‍ പ്രവര്‍ത്തകരെ അറിയിച്ച് ബദല്‍ ക്രമീകരണം നടത്തണം. പ്രൈമറി തലത്തില്‍ വിവരശേഖരണം നടത്തുമ്പോള്‍ നേരത്തെ കേടായവയെ പ്രളയത്തിന്റെ ചുമലില്‍ കയറ്റി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. യഥാര്‍ഥ വസ്തുതയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വകുപ്പില്‍ നിന്നും അവശ്യപ്പെട്ടിട്ട് കൊടുക്കാം എന്ന് വിചാരിക്കണ്ടതില്ല. വിദ്യാലയത്തിനാണ് ആവശ്യം. ഗ്യാരന്റി കാലാവധി സംബന്ധിച്ച് അന്വേഷണവും നടത്തണം..

4.1. അക്കാദമികാന്തരീക്ഷം

ഉല്ലാസത്തിലേക്ക് കുട്ടികളുടെ മനസിനെകൊണ്ടു വരാന്‍ കഴിയണം. പാട്ടും കഥകളും അഭിനയവും എല്ലാം കൂടി അത്യാഹ്ലാദം പകരണം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. ക്ലാസ് പാര്‍ലമെന്റ് സജ്ജമാക്കണം. ചുമതലകള്‍ നല്‍കണം. കായിക മത്സരങ്ങള്‍ അവഗണിക്കരുത്. ഓണാനന്തര ആഘോഷമായി കണ്ടാല്‍ മതി. പാഠഭാഗങ്ങള്‍ തീരാനുണ്ടെന്നത് ശരിയാണ്. പക്ഷേ മനസൊരുക്കം അതിലും പ്രധാനമാണ്. ക്ലാസ് ലൈബ്രറി സജീവമാക്കണം. ജീവിതവിജയം വരിച്ചവരുടെ ആത്മകഥകള്‍ പങ്കിടാം. ക്ലാസ് തല പരീക്ഷണമേളകള്‍ സംഘടിപ്പിക്കാം. സ്കൂള്‍ തലത്തില്‍ ശില്പശാലകളും ആകാം.

4.2 പരീക്ഷ

ഓണപ്പരീക്ഷ നടത്തിയിട്ടില്ല. അത് വലിയ സംഭവമായി കുട്ടികളുടെ മുമ്പാകെ അവതരിപ്പിക്കേണ്ടതില്ല. പരീക്ഷ അതത് ക്ലാസ് അധ്യാപകര്‍ നടത്തിയാല്‍ മതി. പൊതു ടൈം ടേബിളൊന്നും വേണ്ടതില്ല. അവധിയായതിനാല്‍ ഈ വര്‍ഷം ഇങ്ങനെയാണ് പരീക്ഷ എന്ന് കുട്ടികളോടും രക്ഷിതാക്കളോടും പറയണം. എല്ലാ പരീക്ഷയും ഒരാഴ്ചയില്‍ വരാതെ നോക്കാവുന്നതാണ്. ഒരു പിരീഡ് പരീക്ഷയെക്കുറിച്ചും അലോചിക്കാം. സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ അനുയോജ്യമായി കൂട്ടിച്ചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍, ഭേദഗതി വരുത്തല്‍ എന്നിവ ഏതൊരു അധ്യാപികയ്കും നടത്താവുന്നതേയുളളൂ. സെപ്തംബര്‍ പകുതിയാകുമ്പോഴേക്കും എല്ലാ വിഷയങ്ങളുടെയും പരീക്ഷ വിദ്യാര്‍ഥിസൗഹൃദപരമായി നടത്താവുന്നതേയുളളൂ. പഠനനേട്ടം എത്രമാത്രം ആര്‍ജിച്ചു എന്നറിയാനാണ് പരീക്ഷ .കുട്ടികളില്‍ പേമാരിസൃഷ്ടിച്ച ആഘാതം കാരണം അവര്‍ക്ക് മനസ് കേന്ദ്രീകരിക്കാന്‍ പ്രയാസം വരാം. അതെല്ലാം കണക്കിലെടുക്കണം.

4.3 രണ്ടാം ടേം പാഠഭാഗം

"സമയം കിട്ടില്ല. ഒത്തിരി പഠിക്കാനുണ്ട്" എന്ന രീതിയില്‍ അവര്‍ത്തിച്ചു പറഞ്ഞ് കുട്ടികളില്‍ സമ്മര്‍ദമുണ്ടാക്കരുത്. എക്സ്ട്രാ ക്ലാസ് വെച്ച് എല്ലാ പാഠഭാഗങ്ങളും തീര്‍ക്കും. പേടിക്കാനില്ല എന്നേ പറയാവൂ. കുട്ടികളുമായി ആലോചിച്ച് അതിനുളള സമയ ക്രമീകരണം നടത്തുകയും വേണം.  
 • ചില പഠനനേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടാകും. അവ ഒഴിവാക്കാം. 
 •  പഠനപ്രവര്‍ത്തനങ്ങള്‍ പ്രക്രിയാപരമായി ചുരുക്കി അവതരിപ്പിക്കാം.  
 • വളരെ പ്രസക്തമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. 
 • എല്ലാ പാഠഭാഗങ്ങളും പരിഗണിച്ച് പ്രസക്തമായ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്യുന്ന രീതിയില്‍ കരിക്കുലം അനുരൂപീകരിക്കാനാകണം.  
 • സ്വയം പഠനസംഘങ്ങള്‍ രൂപീകരിക്കുന്നതും ഗുണം ചെയ്യും
 •  വിദ്യാലയത്തിന് പുതിയ ഈയര്‍പ്ലാന്‍ വേണ്ടിവരും.

5. ആദരിക്കാനും മറക്കേണ്ട

കേരളത്തെ സഹായിച്ച സുമനസുകള്‍ ഏറെയാണ്.

 • മത്സ്യത്തൊഴിലാളികള്‍
 • പട്ടാളക്കാര്‍
 • ചെറുപ്പക്കാര്‍
 • ടിപ്പര്‍ ലോറിക്കാര്‍
 • ആഹോരാത്രം പ്രയത്നിച്ച രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍
 • ആരോഗ്യ പ്രവര്‍ത്തകര്‍
സമഗ്രശിക്ഷാ അഭിയാന്‍ പ്രവര്‍ത്തകര്‍ അവരും സജീവമായി വിദ്യാലയങ്ങളെ സഹായിക്കാനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

 • ബി ആര്‍ സി പരിശീലകര്‍
 • സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍
 • ഐ ഇ ഡി സി റിസോഴ്സ് അധ്യാപകര്‍
എല്ലാവരും കൂടി 100മുതല്‍ 250 വരെ ഓരോ ജില്ലയിലും ആളുകളുണ്ടാകും, വിദ്യാലയശുചീകരണത്തില്‍, ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍
പഠനോപകരണസമാഹരണത്തില്‍, എല്ലാം അവര്‍  സഹായഹസ്തവുമായി എത്തണം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സന്നദ്ധ പ്രവര്‍ത്തകരായി മാറണം.അതിനായി  വിവരശേഖരണം നടത്താവുന്നതുമാണ്

ഓണം കഴിഞ്ഞ് വിദ്യാലയം തുറക്കുമ്പോള്‍ അഭിമുഖീകരിക്കാവുന്ന പ്രശ്നങ്ങളെ മുന്നില്‍ കണ്ട് മുന്‍കൂട്ടിപ്രവര്‍ത്തിക്കാം. 

ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും അനുസ്മരണദിനങ്ങളെ സമര്‍പ്പിത സന്നദ്ധസേവന ദിനങ്ങളാക്കി മാറ്റാം.


കോട്ടയം∙ കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചതു പോലെ തീരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. മറ്റു ദുരന്ത സ്ഥലങ്ങളിലെ അനുഭവങ്ങൾവച്ച് ഇനി കുറേ പ്രളയങ്ങൾ വരാനുണ്ട്. അതിനെ നേരിടാനും സർക്കാർ സംവിധാനം തയാറെടുക്കണം. മാധ്യമ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അസസ്മെന്റുകാർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ പ്രളയം വരാനിരിക്കുകയാണെന്നു തുമ്മാരുകുടി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

ഇനി വരുന്ന പ്രളയങ്ങൾ


കേരളത്തിലെ പ്രളയം പ്രതീക്ഷിച്ചതു പോലെ തീരുകയാണ്. മറ്റു ദുരന്ത സ്ഥലങ്ങളിലെ അനുഭവങ്ങൾവച്ച് ഇനി കുറേ പ്രളയങ്ങൾ വരാനുണ്ട്. അതിനെ നേരിടാനും സർക്കാർ സംവിധാനം തയാറെടുക്കണം.

1. ഇന്ത്യയിലെയും വിദേശത്തെയും മാധ്യമ പ്രവർത്തകരുടെ പ്രളയം.

2. നാട്ടിലേക്ക് അയക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള വസ്തുക്കളുടെ പ്രളയം. സുനാമിക്കുശേഷം കണ്ടെയ്നർ കണക്കിന് മരുന്നുകൾ കുഴിച്ചു മൂടേണ്ടി വന്നു.
3. നാട്ടിൽ എന്തൊക്കെ സാധനങ്ങളാണു വേണ്ടതെന്ന് കണ്ടുപിടിക്കാൻ ഇറങ്ങുന്ന ‘നീഡ് അസസ്മെന്റ്ു’കാരുടെ പ്രളയം (യുഎൻ, വിവിധ രാജ്യങ്ങളുടെ എയ്ഡ് ഏജൻസികൾ, അന്താരാഷ്ട്ര എൻജിഒകൾ ഇവർക്കെല്ലാം ഫണ്ട് അയക്കണമെങ്കിൽ ഒരു നീഡ് അസസ്മെന്റ് നടത്തണം. ചില രാജ്യങ്ങളിൽ പത്തിൽ കൂടുതൽ നീഡ് അസസ്മെന്റ് നടക്കും).
4. സന്നദ്ധ പ്രവർത്തകരുടെ പ്രളയം- ഹെയ്‌ത്തിയിലെ ഭൂകമ്പത്തിന് ശേഷം ഒരാഴ്ചയ്ക്കകം ഞാൻ അവിടെ എത്തുമ്പോൾ 1400 സന്നദ്ധ സംഘടനകൾ അവിടെ എത്തിക്കഴിഞ്ഞു. അവർക്കു താമസിക്കാൻ സ്ഥലവും ഭക്ഷണവും അറേഞ്ച് ചെയ്യാൻ യുഎൻ ഏറെ ബുദ്ധിമുട്ടി. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്’ എന്ന് ഒരു പറ്റം ആളുകൾ എന്നോട് ചോദിച്ചു. ‘നീ എന്താണ് ചെയ്യേണ്ടത് എന്ന് നിനക്കറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്, ഞാൻ പറഞ്ഞു തരാം’ എന്ന പപ്പു ഡയലോഗ് മനസ്സിലോർത്ത് ഞാൻ പറഞ്ഞു ‘മക്കൾ കയ്യിലുള്ള കാശ് മുഴുവൻ ഇവിടെ ലോക്കൽ സന്നദ്ധ പ്രവർത്തകരുടെ അടുത്ത് കൊടുത്തിട്ട് അടുത്ത വണ്ടിക്കു സ്ഥലം വിട്ടോളൂ, അതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം’.
5. ‘ഇപ്പൊ ശരിയാക്കുന്നവരുടെ’ പ്രളയം. ഈ രംഗത്ത് ഒരു പരിചയവും ഇല്ലെങ്കിലും ആത്മാർഥത കാരണം ഓരോ പുതിയ ആശയങ്ങളുമായി വരുന്നവരുടെ സംഘം.
6. മയിലെണ്ണ കച്ചവടക്കാരുടെ പ്രളയം. ദുരന്തകാലം തട്ടിപ്പുകാരുടെ ചാകരക്കാലം കൂടിയാണ്. ഉദാഹരണത്തിന് ദുരന്തകാലത്തെ മാലിന്യ നിർമാർജനം വലിയ പ്രശ്നമാണ്. ഇതിന് സർക്കാരിന്റെ കയ്യിൽ ഒരു സൊല്യൂഷനും ഇല്ല. അപ്പോൾ ഞങ്ങൾ നേപ്പാളിൽ ഇങ്ങനെ ശരിയാക്കി അല്ലെങ്കിൽ  തായ്‌ലൻഡിൽ അങ്ങനെ ശരിയാക്കി എന്നൊക്കെ പറഞ്ഞു ഓരോരുത്തർ വരും. നമ്മൾ അറിയാതെ അതിൽ പോയി വീഴുകയും ചെയ്യും.
7. ദുരന്ത ടൂറിസ്റ്റുകളുടെ പ്രളയം. നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും ദുരന്തം കാണാൻ എത്തുന്നവരുടെ പ്രളയമായിരിക്കും കുറച്ചു കാലം. ഇങ്ങനെ വരുന്നവർക്കൊക്കെ അവരുടെ നില അനുസരിച്ചു മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർമാരെ വരെ കാണണമെന്ന് പറയും. ദുരന്ത നിർവഹണത്തിന് ഉപയോഗിക്കേണ്ട പ്രധാനമായ സമയം അങ്ങനെ പോവുകയും ചെയ്യും.
ഈ വരുന്ന സംഘങ്ങളിൽ പലരുടേയും സഹായം നമ്മുടെ പുനർ നിർമ്മാണത്തിന് ആവശ്യമുണ്ട്. അതൊഴിവാക്കാൻ പറ്റില്ല. ഇവരെ മാനേജ് ചെയ്യാൻ തന്നെ ഒരു സംഘം നമുക്ക് സംസ്ഥാന തലം തൊട്ടു പഞ്ചായത്ത് തലം വരെ വേണം. നന്നായി ഭാഷ സംസാരിക്കാൻ അറിയാവുന്ന എക്സ്ട്രോവർട്ട് ആയിട്ടുള്ള വൊളന്റിയർമാരെ നിയമിക്കണം.

(വലിയ ദുരന്തങ്ങൾ കണ്ടു പരിചയമില്ലാത്തവർക്ക് ഇതൊരു പ്രധാനമായ പോസ്റ്റല്ല എന്ന് തോന്നാം).


ഇതൊരു മുന്നറിയിപ്പാണ്, ഒരുപക്ഷെ ഞാന്‍ ഈ എഴുതുന്നത്‌ ഒരു കോണ്‍സ്പിറസി തിയറിയാണ് എന്ന് ആദ്യത്തെ കുറച്ചു ഭാഗം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട് എന്നെനിക്കറിയാം. പരിപൂര്‍ണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞാന്‍ ഇതെഴുതുന്നത് എന്നുള്ള കാര്യം നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ആ വസ്തുതകളെ സ്ഥാപിക്കുന്ന തെളിവുകള്‍ ലേഖനത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്‌.

കേരള ജനത ഒരു ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റൊരു ദുരന്തം നമ്മെ തുറിച്ചു നോക്കുന്നുണ്ട്, പലരും അതിനെക്കുറിച്ച് ബോധവാന്മാരല്ല. കേരളജനതയെ മാത്രമല്ല, ലോകത്ത് എവിടെയൊക്കെ പ്രകൃതി ദുരന്തങ്ങള്‍ നടന്നിട്ടുണ്ടോ, അവിടെയൊക്കെ തൊട്ടുപുറകെ ഈ ദുരന്തവും എത്തിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല, മനുഷ്യക്കടത്ത് ആണ്.

ജലപ്രളയവും സുനാമിയും ഭൂകമ്പവും ചുഴലിക്കാറ്റും മറ്റു പ്രകൃതി ദുരന്തങ്ങളും സാധാരണക്കാര്‍ക്ക് തീരാ നഷ്ടമാണ് വരുത്തി വെക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അത് ഒടുങ്ങാത്ത ലാഭമുണ്ടാക്കുന്ന ചാകരക്കാലമാണ്. ദുരന്തത്തെ അതിജീവിച്ചു വരുന്ന മനുഷ്യരുടെ തളര്‍ച്ചയും, ആ സമയത്ത് ആശ്രയമായി നീട്ടുന്ന ഏതു വൈക്കോല്‍ത്തുമ്പിലും കയറിപ്പിടിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവിക ചോദനയേയും അവര്‍ സമര്‍ത്ഥമായി മുതലെടുക്കുന്നു.

ഓരോ ദുരന്തസ്ഥലത്തും അവര്‍ എത്തുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലപ്പോളവര്‍ ബസ്സിലും ലോറിയിലും കയറി എത്തിയെന്നിരിക്കും, ചിലപ്പോളവര്‍ മെഴ്സിഡസ് ബെന്‍സില്‍ കയറി വന്നെന്നിരിക്കും. ചിലപ്പോളവര്‍ നമ്മുടെ കണ്ണ് വെട്ടിച്ച് ബലമായി തട്ടിക്കൊണ്ടുപോയെന്നിരിക്കും, ചിലപ്പോളവര്‍ റെസ്ക്യൂ ടീമംഗങ്ങളെന്ന വ്യാജേന വന്നെന്നിരിക്കും, ചിലപ്പോളവര്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ മനുഷ്യക്കടത്ത് നടത്തിയെന്നുമിരിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായി മാറിയ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വരുന്ന മക്കളില്ലാത്ത വിദേശി ദമ്പതികളുടെ രൂപത്തിലോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും അനാഥാലയത്തിന്‍റെ പ്രവര്‍ത്തകരെന്ന നിലയിലോ അവര്‍ വരാം. എങ്ങനെ വന്നാലും അവരുടെ ‘ഡോക്കുമെന്‍റ്സുകള്‍’ എല്ലാം കിറുകൃത്യമായിരിക്കും. ഒരു സന്ദേഹവും ആര്‍ക്കും അവരുടെ മേല്‍ ഉണ്ടാകാത്ത വിധത്തില്‍ നടക്കാന്‍ അവര്‍ക്കറിയാം. കാരണം, തങ്ങളുടെ അശ്രദ്ധ മൂലം കോടിക്കണക്കിന് ഡോളറിന്‍റെ വ്യാപാര നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഇവരുടെ ആളുകള്‍ വരുന്നത് ദുരന്തം സംഭവിച്ചു ഒരാഴ്ചയുടെ ഇടവേള കഴിഞ്ഞിട്ടാണ്. ആ സമയത്ത് തന്നെ വരുന്നതിനു ചില കാരണങ്ങളുണ്ട്:

1. താല്‍കാലികമായിട്ടെങ്കിലും ആ സമയമാകുമ്പോഴേക്കും ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കും. കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ എത്രയും പെട്ടെന്ന് ദുരന്ത ഭൂമിയില്‍ നിന്നോ ആ സംസ്ഥാനത്ത് നിന്ന് തന്നെയോ കടത്തുവാന്‍ ഗതാഗതയോഗ്യമായ റോഡുകള്‍ അവര്‍ക്ക് അത്യാവശ്യമാണ്.

2. ദുരന്തത്തില്‍ അകപ്പെട്ടവര്‍ മാനസികവും ശാരീരികവുമായി ഏറ്റവും ക്ഷീണിച്ചിരിക്കുന്ന സമയമായിരിക്കും അത്. ദുരന്തവുമായി മനസ്സ് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത സമയം. വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാതെ ശരീരവും തളര്‍ന്നിരിക്കുന്ന സമയമായിരിക്കും അത്.

3. ദുരന്തത്തില്‍പ്പെടാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ശാരീരികമായി ക്ഷീണിച്ചിരിക്കുന്ന സമയം കൂടിയായിയിരിക്കും അത്. അവരുടെ ടീമില്‍പ്പെട്ട ആരെങ്കിലും നാട്ടുകാരുടെ പിടിയില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്തി കൊണ്ടുപോരാന്‍ ഇതുമൂലം അവര്‍ക്ക് എളുപ്പം സാധിക്കും.

ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും ഈ കഴുകന്മാര്‍ വന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ നല്‍കുന്നു:

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം നടന്ന മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ :  https://journeys.dartmouth.edu/NepalQuake-CaseStudies/human-trafficking/

https://www.ncbi.nlm.nih.gov/pubmed/27628536

https://indianexpress.com/article/world/world-news/nepal-since-earthquake-15-spike-in-human-trafficking-2771820/

നേപ്പാളില്‍ മനുഷ്യക്കടത്തു സംഘത്തില്‍ നിന്നും ഇന്ത്യന്‍ ആര്‍മി 160-ഓളം നേപ്പാളികളെ രക്ഷപ്പെടുത്തുകയുണ്ടായി: http://www.abc.net.au/news/2016-02-15/nepal-earthquakes-cause-spike-in-human-trafficking/7168398

പാക്കിസ്ഥാനിലെ ഭൂകമ്പത്തിനു ശേഷം നടന്നത്: https://www.christiantoday.com/article/india-pakistan-millions-of-children-at-risk-of-trafficking-following-floods/40948.htm

http://www.ecpat.org/wp-content/uploads/legacy/Factsheet_Pakistan.pdf

മ്യാന്മാര്‍ ഭൂകമ്പത്തിനു ശേഷം നടന്നത്:  https://reliefweb.int/report/myanmar/myanmar-moves-protect-disaster-victims-human-traffickers

ശ്രീലങ്കയിലെ ജല പ്രളയത്തിനു ശേഷം നടന്ന മനുഷ്യക്കടത്ത്: https://www.theguardian.com/world/2005/jan/05/tsunami2004.internationalaidanddevelopment

ഫിലിപ്പീന്‍സിലെ പ്രകൃതി ദുരന്തത്തിനു ശേഷമുണ്ടായ മനുഷ്യക്കടത്ത്:  https://www.devex.com/news/human-trafficking-prevalent-in-post-typhoon-philippines-82576

ഏഷ്യന്‍രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മനുഷ്യക്കടത്തിനെ കുറിച്ച്:  https://theconversation.com/women-worse-off-when-it-comes-to-natural-disasters-21717

ആസ്സാമിലെ ജലപ്രളയത്തിനു ശേഷമുണ്ടായ മനുഷ്യക്കടത്ത്: https://www.hindustantimes.com/editorials/assam-flood-and-human-trafficking-go-together/story-HHKeg7wp9hxC6gJokQAFSN.html

“Natural Disaster and Vulnerability to Trafficking of Women and Girls in India” എന്ന തലേക്കെട്ടില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ Mondira Dutta, PhD എഴുതിയിരിക്കുന്ന ലേഖനം: https://eujournal.org/index.php/esj/article/viewFile/9242/8781

നേപ്പാള്‍ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സ്ത്രീകളും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈയില്‍ വീഴാനുള്ള സാധ്യതകളെ കുറിച്ച് “Impact of natural disasters on girls and women” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം:
http://norlha.org/wp-content/uploads/2015/04/Impact_of_natural_disaster_on_girls_and_women_Norlha_June_2015.pdf

പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെ മനുഷ്യക്കടത്തുകാരുടെ ചാകരക്കാലമാകുന്നു എന്ന് വിവരിക്കുന്ന ലേഖനങ്ങള്‍: https://polarisproject.org/blog/2017/09/01/natural-disasters-and-increased-risk-human-trafficking

https://www.pri.org/stories/2017-10-05/human-trafficking-hidden-aftermath-natural-disasters

https://onlinelibrary.wiley.com/doi/full/10.1111/imig.12374

http://theconversation.com/why-child-trafficking-spikes-after-natural-disasters-and-what-we-can-do-about-it-53464

https://fightthenewdrug.org/natural-disasters-fuel-sex-trafficking/

CNN – ഈ വിഷയത്തിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്: https://edition.cnn.com/2016/03/23/opinions/child-trafficking-natural-disasters/index.html

പ്രകൃതി ദുരന്തവും മനുഷ്യക്കടത്തും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ലേഖനം: https://www.interaction.org/newsroom/blog/link-between-natural-disasters-crises-and-human-trafficking

പിള്ളേരെപ്പിടുത്തവും മനുഷ്യക്കടത്തും പഴയ മുത്തശ്ശിക്കഥകളല്ല, ബില്യൺ ഡോളർ ബിസിനസ്സാണ്. അത് ഭൂഗോളാമാകെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ ശൃംഗലയാണ്. അതിനെതിരെ ആഗോള വ്യാപകമായി നമുക്ക് പോരാടാന്‍ പറ്റിയെന്ന് വരില്ല, എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര്‍ക്ക് വിട്ടു കൊടുക്കാതെ സംരക്ഷിക്കാന്‍ നമുക്ക് കഴിയും, നാം അല്പം ജാഗ്രത പുലര്‍ത്തണം എന്ന് മാത്രം.

ക്യാമ്പുകളിലും, വീടുകളിലും മാതാപിതാക്കളും വോളണ്ടിയേഴ്സും വളരെ വളരെ വളരെ ശ്രദ്ധിക്കുക.

സംശയം തോന്നിയാൽ ഒരു മടിയും ദാക്ഷിണ്യവും വിചാരിക്കാതെ ക്ഷമയോടെ വിവരം പോലീസിനെ ഉടനടി അറിയിക്കുക.

അക്രമം, സദാചാര പോലീസിംഗ് എന്നിവ ഒഴിവാക്കുക.

റയിൽവേ, ബസ് യാത്രക്കാർ യാത്രകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ മടിക്കരുത്; പോലീസ് സഹായം ഉടനടി ആവശ്യപ്പെടുക.  അവഗണന വിചാരിക്കരുതേ.

ദുരന്ത നാളുകൾ തീർന്ന് റോഡ് റെയിൽ കണക്റ്റിവിറ്റി ആക്റ്റീവാകുന്ന ആദ്യ ആഴ്ച്ചകൾ ഇവർ സജീവമാകും അതുകൊണ്ട് ഇനിയുള്ള ഒരാഴ്ചക്കാലം വളരെ വളരെ വളരെ ശ്രദ്ധിക്കുക, ജാഗ്രത പുലര്‍ത്തുക.

ഇതൊന്നും കേരളത്തില്‍ നടക്കുകയില്ല എന്നാണു നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ ഇപ്പോഴും നിങ്ങള്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നത് എന്നാണര്‍ത്ഥം. കാരണം, അമേരിക്കയില്‍ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മറ്റു പ്രകൃതി ദുരന്തവും ഉണ്ടാകുമ്പോള്‍ അവിടെയും ഇക്കൂട്ടര്‍ വന്ന് മനുഷ്യക്കടത്ത് നടത്തുന്നുണ്ട്. ലോക പോലീസിന്‍റെ വീട്ടില്‍ ചെന്ന് അവരുടെ കുഞ്ഞുങ്ങളെയും സ്ത്രീകളേയും കടത്തിക്കൊണ്ടു പോകുന്നവര്‍ക്ക് കേരളം അത്ര വലിയ ഇരയൊന്നുമല്ല എന്ന യാഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അമേരിക്കയിലെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഇവര്‍ നടത്തിയിട്ടുള്ള മനുഷ്യക്കടത്തിനെ കുറിച്ച് വന്നിരിക്കുന്ന ലേഖനങ്ങളുടെ ലിങ്കുകള്‍:

http://hopeforthesold.com/as-hurricanes-and-earthquakes-move-on-human-traffickers-move-in/

https://www.huffingtonpost.com/entry/harvey-irma-and-maria-natural-disasters-and-human_us_59d55cdbe4b085c51090ad63

http://scholarworks.uark.edu/cgi/viewcontent.cgi?article=1028&context=acctuht

ഒരു ദുരന്തത്തെ നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്, വരാന്‍ പോകുന്ന ദുരന്തത്തെയും നാം ഒറ്റക്കെട്ടായി നിന്ന് തന്നെ അതിജീവിക്കണം...ഏറെ എഴുതേണ്ട ഒരു വിഷയം ആണ്. പക്ഷെ തിരക്കുള്ളതിനാലും മറ്റുള്ള മുൻഗണനാ വിഷയങ്ങൾ ഉള്ളതിനാലും ചെയ്യാൻ മാറ്റിവച്ചതാണ്. വേറെ ആരെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ അത് കാണാത്തതിനാലും എൻറെ പേജിലാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ സാധ്യത എന്നതിനാലും ചുരുക്കി എഴുതുകയാണ്. കൂടുതൽ വിശദമായ നിർദ്ദേശം അടുത്ത ദിവസങ്ങളിൽ തരാം.

ദുരന്തകാലത്തെ മാനസിക ആരോഗ്യ പ്രശ്നമാണ് വിഷയം. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ കാണുന്നുണ്ടല്ലോ. രക്ഷപ്പെടുത്തുമ്പോൾ പോലും ആളുകൾ കരയുകയാണ്. അത് സ്വാഭാവികവും ആണ്. അതിന് മുന്നേ തന്നെ അവർ എത്ര കരഞ്ഞുകാണും, പേടിച്ചു കാണും?
ഈ ദുരന്തന്തിൽ അകപ്പെട്ടവരെല്ലാം തന്നെ മാനസികമായി തളർന്നിരിക്കയാണ്. അതിൽ തന്നെ കുട്ടികൾ, വയസ്സായവർ, അംഗപരിമിതികൾ ഉള്ളവർ, മാനസികമായ വെല്ലുവിളികൾ ഉള്ളവർ ഒക്കെ കൂടുതൽ കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചു കാണും. അതിനി വർഷങ്ങളോളം അവരെ വേട്ടയാടും. അവരുടെ വ്യക്തിത്വത്തെ തന്നെ അത് മാറ്റും.

മാനസിക ആരോഗ്യത്തിന് വേണ്ടത്ര ചികിത്സകൾ നൽകാനുള്ള സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല. ഉള്ള സൗകര്യങ്ങൾ തന്നെ ഉപയോഗിക്കാൻ ആളുകൾക്ക് മടിയും ആണ്. ദുരന്തകാലത്തെ സൈക്കോ-സോഷ്യൽ സപ്പോർട്ട് എന്നത് ദുരന്തം കഴിയുമ്പോൾ ചെയ്യേണ്ട ഒരു പ്രധാനവിഷയമാണ്. അതിന് ലോകത്ത് നല്ല മാതൃകകൾ ഉണ്ട്. കൂടുതൽ നാളെ പറയാം.

ഇന്ന് പറയുന്നത് വേറൊരു വിഷയമാണ്. കേരളത്തിലെ സിറ്റിംഗ് റൂമുകൾ ഒരാഴ്ചയായി വെള്ളപ്പൊക്കമല്ലാതെ മറ്റൊരു വാർത്തയും കണ്ടുകാണാൻ വഴിയില്ല. കേരളത്തിൽ എവിടെ നിന്നും ഏറ്റവും വിഷമിപ്പിക്കുന്ന, സംഘർഷ പൂരിതമായ കാഴ്ചകൾ ആണ് അവിടെ. ടി വി ഓഫ് ചെയ്താലും വീട്ടിൽ ചർച്ചകൾ മറ്റൊന്നാവാൻ വഴിയില്ല. കേരളത്തിലെ പത്തു ശതമാനം ആളുകളെ പോലും ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ല, പക്ഷെ നൂറു ശതമാനം ആളുകളും ഇത് തന്നെയാണ് കാണുന്നതും സംസാരിക്കുന്നതും.

നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ ഈ കാഴ്ചയും ചർച്ചകളും അവരെ വളരെ മോശമായി ആഴത്തിൽ ബാധിക്കും. ദുരന്ത മേഖലയിൽ നിന്നകലെ, എന്തിന് ദുബായിലോ അമേരിക്കയിലോ, പത്താം നിലയിലെ ഫ്ലാറ്റിന്റെ മുകളിൽ ഇരിക്കുന്ന കുട്ടിപോലും വീട്ടിലെ ടി വി യിൽ ഇതുമാത്രം കണ്ടു കൊണ്ടിരിക്കുകയും വീട്ടിലെ സംസാരം ഇത് മാത്രം ആവുകയും ചെയ്താൽ ദുരന്തത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങും. എന്താണ് സംഭവിക്കുന്നത്, അവർക്ക്, അല്ലെങ്കിൽ മാതാപിതാക്കൾക്ക് എന്തെങ്കിലും വരുമോ എന്നൊന്നും അവർക്ക് മനസ്സിലാവില്ല. കുട്ടികൾ ടെൻഷൻ ആകും, അനാവശ്യമായ പെരുമാറ്റങ്ങൾ ഉണ്ടാകും, രാത്രി ഉറക്കം കുറയും. ദുരന്തം കഴിഞ്ഞാലും ഇതൊക്കെ അവരെ പിന്തുടരുകയും ചെയ്യും.

എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് നാളെ എഴുതാം. ഇന്ന് നിങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ.

1. ടി വിയിൽ മുഴുവൻ സമയവും ദുരന്ത വാർത്ത കാണാതിരിക്കുക.
2. കുട്ടികളോട് ദുരന്തത്തെ പറ്റി സംസാരിച്ച് നിങ്ങളുടെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള അപായവുമില്ല എന്ന് ഉറപ്പു കൊടുക്കണം.
3. ദുരന്തത്തിൽ പെട്ട മറ്റു കുട്ടികളെ എങ്ങനെ സഹായിക്കണം എന്നൊക്കെ അവരോട് അഭിപ്രായം ചോദിക്കണം.

നിങ്ങളുടെ ചുറ്റുവട്ടത്ത് എത്താത്ത ദുരന്തം സിറ്റിംഗ് റൂമിലെ ടി വി വഴി വീട്ടിൽ കൂടി എത്തിക്കരുത്.

മുരളി തുമ്മാരുകുടി

A view of the Idukki Dam as water level continued to rise in the reservoir in Iduki dam area of Kerala.(PTI)

കേരളത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാകും എന്ന തരത്തിൽ ഒരു മുന്നറിയിപ്പോട് കൂടി ഉള്ള എൻറെ രണ്ടായിരത്തി പതിമൂന്നിലെ ഒരു പോസ്റ്റ് ഇപ്പോൾ വൈറൽ ആയല്ലോ. ഈ വർഷം ജൂണിന് ശേഷം എഴുതിയ പല പോസ്റ്റുകളും ഇത്തരത്തിൽ വളരെ കൃത്യമായി കാര്യങ്ങളെ പ്രവചിച്ചിരുന്നു.

താഴെ ഉള്ളത് ജൂലൈ ഇരുപത്തി ഏട്ടിലെ - ആലുവയിൽ നദിയുടെ ഒരു കിലോമീറ്റർ അപ്പുറത്ത് പോലും വെള്ളം എത്താമെന്നും എങ്ങനെയാണ് അതിന് മുൻപേ രക്ഷപെടാൻ പ്ലാൻ ചെയ്യേണ്ടത് എന്നുമുള്ള പോസ്റ്റാണ്.

ഇതൊക്കെ ഞാൻ ഇപ്പോൾ പറയുന്നത് "ഞാൻ ഇതൊക്കെ അന്നേ പറഞ്ഞതാണ്" എന്ന് പറഞ്ഞു മേനി നടിക്കാനോ, ആരെയും കുറ്റപ്പെടുത്താനോ അല്ല. അതുകൊണ്ട് എനിക്കെന്തു പ്രയോജനം.
മറിച്ച്, അന്ന് ഞാൻ പറഞ്ഞ വാക്കുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാലും വായിച്ചവർ പോലും സീരിയസ് ആയി എടുക്കാത്തതിനാലും ഒഴിവാക്കാവുന്ന അനവധി മരണങ്ങൾ ഉണ്ടായി (ഉണ്ടാകുമായിരുന്ന കുറച്ചു മരണങ്ങൾ ഒഴിവായിക്കാണും എന്നും കരുതട്ടെ). ഇപ്പോൾ ഞാൻ എഴുതുന്ന കാര്യങ്ങളും അതുപോലെ ആളുകൾ ശ്രദ്ധിക്കാതെ പോയാൽ രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും ഒഴിവാക്കാവുന്ന അപകടവും മരണവും ഉണ്ടായി എന്ന് ഞാൻ വിഷമിക്കേണ്ടി വരും.
കേരളത്തിലെ വെള്ളപ്പൊക്കത്തെ പറ്റി ഇത്ര കൃത്യതയോടെ ഞാൻ എഴുതുന്നത് പ്രവചനം അല്ല, മറിച്ച് ലോകത്ത് അനവധി സ്ഥലങ്ങളിൽ ഇപ്പോൾ നമ്മൾ കേരളത്തിൽ കാണുന്നതിലും വൻ ദുരന്തങ്ങൾ കണ്ടും കൈകാര്യം ചെയ്തുമുള്ള പരിചയം കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ ഇന്ന് നിങ്ങൾക്ക് അത്ര പ്രാധാന്യമില്ല എന്ന് തോന്നിയാലും കൂടുതൽ സീരിയസ് ആയി എടുക്കാൻ ശ്രമിക്കണം.
--------------------------------------
അണ തുറക്കുന്ന ജാഗ്രത.. (July 28)
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2392 അടി എത്തിയെന്നും, അത് 2400 അടിയായാൽ അധികമായി എത്തുന്ന ജലം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണെന്നും അതിനാൽ ചെറുതോണി/പെരിയാർ നദികളുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നുമുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നോട്ടീസ് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കണ്ടു.
പെരിയാർ/ചെറുതോണി നദികളുടെ ഇരുകരകളിലും ഉള്ളവരാണ് ജാഗ്രത പാലിക്കേണ്ടത്.

ഇരു കരകളിലും എന്ന് പറഞ്ഞാൽ ?

നദിയുടെ കരയിൽ വീടുള്ളവർ ? നൂറുമീറ്ററിന് അകത്തുള്ളവർ? ഒരു കിലോമീറ്ററിന് അകത്തുള്ളവർ ?
(വാസ്തവത്തിൽ നദിയിൽ നിന്നുള്ള ദൂരമല്ല വെള്ളപ്പൊക്കത്തിൽ പ്രധാന ഘടകം, നിങ്ങളുടെ വീട് നദിയിൽ നിന്നും എത്ര ഉയരത്തിൽ ആണെന്നാണ്. അപ്പോൾ ഇടുക്കി മുതൽ മലയാറ്റൂർ വരെ കുന്നുകളുടെ ഇടയിലൂടെ നദി ഒഴുകുമ്പോൾ നദിയുടെ അമ്പതോ നൂറോ മീറ്ററിൽ പോലും വെള്ളം കയറിയില്ല എന്ന് വരും, കാലടിയും കഴിഞ്ഞു ആലുവയിൽ എത്തുമ്പോൾ അത് ഒരു കിലോമീറ്റർ കടന്നാലും അതിശയം ഇല്ല).

സുരക്ഷാ വിഷയങ്ങളെപ്പറ്റി ഒരു നിർദ്ദേശം കൊടുക്കുമ്പോൾ അത് വായിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആയിരിക്കണം. അല്ലെങ്കിൽ അത് സുരക്ഷിതമാക്കുന്നത് നിർദ്ദേശം കൊടുക്കുന്നവരുടെ ജോലിയെ മാത്രമാണ്. നാളെ എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് പറയാമല്ലോ ഞങ്ങൾ ഇരുപത്തി അഞ്ചാം തീയതി തന്നെ ജാഗ്രതാ നിർദ്ദേശം കൊടുത്തിരുന്നു എന്ന്.
ഞാൻ ഇപ്പോൾ പെരുമ്പാവൂരിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നത് വെച്ചു ചില നിർദ്ദേശങ്ങൾ പറയാം. ഇതൊരു ഔദ്യോഗിക നിർദ്ദേശം ആയി എടുക്കേണ്ട, പക്ഷെ പ്രയോഗിക്കാമെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ മടിക്കേണ്ട.

1. വീടിനോ വീടിനടുത്തോ ഉള്ള ഏറ്റവും പ്രായമായവരോട് പണ്ടെന്നെങ്കിലും നിങ്ങളുടെ വീടിനടുത്ത് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുക. ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ എവിടെ വരെ? ഏതു പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയി? എന്നൊക്ക അറിഞ്ഞു വക്കുക. പുഴകൾ ഇടക്കിടക്ക് അതിരുകൾ തിരിച്ചു പിടിക്കുന്ന കഥ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.

2. നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയോ പുഴയിലേക്ക് എത്തുന്ന തോടോ ഉണ്ടോ എന്ന് പരിശോധിക്കുക. നാട്ടുകാരല്ലാത്തവരും ഫ്ലാറ്റിൽ താമസിക്കുന്നവരുമായി ഉറപ്പില്ലാത്തവർ ഗൂഗിൾ ഏർത്ത് നോക്കുക.

3. മുൻപ് പറഞ്ഞ ഗവേഷണത്തിൽ നിന്നും നിങ്ങളുടെ വീട്ടിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ, നിങ്ങളുടെ വീടിനകത്ത് വെള്ളം കയറിയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക. വീടിനകത്തുള്ള വസ്തുക്കൾ നശിച്ചു പോകാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും? കാറുണ്ടെങ്കിൽ അത് എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റുന്നത് ? (ചെന്നൈ വെള്ളപ്പൊക്കത്തിൽ ഫ്ലാറ്റിൽ ജീവിക്കുന്നവരുടെ ആയിരക്കണക്കിന് കാറുകളാണ് വെള്ളം കയറി ഡാമേജ് ആയത്).

4. വെള്ളം കയറുന്നതിനാൽ രണ്ടു ദിവസം മാറിനിൽക്കേണ്ടി വന്നാൽ ആരുടെ അടുത്തേക്കാണ് പോകുന്നത് ? അവരവിടെ ഉണ്ടോ എന്നന്വേഷിക്കുക.

5. അണക്കെട്ട് തുറന്നു എന്ന് അറിയിപ്പ് വന്നാൽ നിങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തു പോകാനുള്ള വഴികൾ ഏതാണ്, അവ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുണ്ടോ?

6. വെള്ളം കാരണം രണ്ടു ദിവസത്തേക്ക് ഫ്ലാറ്റിൽ നിന്നും പുറത്തു പോകാൻ പറ്റാതെ വന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് വേണ്ടത്? ഭക്ഷണം? വെള്ളം? മരുന്നുകൾ? സാനിറ്ററി നാപ്കിൻ? ബിവറേജസ്?

7. വെള്ളം പൊങ്ങുന്നത് പലപ്പോഴും വളരെ പെട്ടെന്നാണ്. അങ്ങനെ സംഭവിച്ചാൽ വീട് വിട്ടു പോകേണ്ടി വന്നാൽ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ വീട്ടിലുണ്ടോ ? (പ്രായമായവർ, ഭിന്നശേഷി ഉള്ളവർ, രോഗികൾ).

8. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ വീടിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും?

9. വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്?

10. രണ്ടു ദിവസം വൈദ്യുതി ഇല്ലാതായാൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനം എന്താണ്?

11. രാത്രി ഉറങ്ങുമ്പോൾ അപായ സൂചന വന്നാൽ എങ്ങനെയാണ് നിങ്ങൾ അറിയുന്നത്?

12. പുഴയുടെ അടുത്തും അണക്കെട്ടിന്റെ അടുത്തും നമുക്കറിയാവുന്ന ആരെങ്കിലും ഉണ്ടോ? വെള്ളം അവിടെ ഉയർന്നാൽ നമുക്ക് ഒരു മുന്നറിയിപ്പ് തരണമെന്ന് അവരോട് പറഞ്ഞു വെക്കാമല്ലോ.

13. അണക്കെട്ട് തുറന്നു എന്നോ വെള്ളം പൊങ്ങി എന്നോ വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചാൽ എങ്ങനെയാണ് അത് സത്യമാണോ എന്ന് പരിശോധിക്കുന്നത്?

14. വീട്ടിൽ നിന്നും നമ്മളോ കുട്ടികളോ പുറത്തു പോയതിന് ശേഷമാണ് വെള്ളം പൊങ്ങിയതെങ്കിൽ അവരെ എങ്ങനെ അറിയിക്കും, അവർ എവിടേക്കാണ് പോകേണ്ടത്?

15. വീട്ടിലെ ആരെങ്കിലും കൂടുതൽ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് ജോലിക്കോ പഠിക്കാനോ പോകുന്നുണ്ടോ ?
ഇത്രയും കാര്യങ്ങൾ സ്വയം ചിന്തിക്കുക, വിഷയം വീട്ടിൽ ഉള്ളവരുമായി ചർച്ച ചെയ്യുക. വേണ്ടത്ര മുൻകരുതലുകൾ വ്യക്തിപരമായും കുടുംബമായും എടുക്കുക.

ഇതെല്ലാം വ്യക്തിപരമായി ചിന്തിച്ചു മുൻകരുതൽ എടുത്തതിന് ശേഷം വിഷയം നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ ഉന്നയിക്കുക. സാധാരണ മിക്കവാറും പേർ ചിരിച്ചു തള്ളുകയോ നിസാരമായി കാണുകയോ ചെയ്യും. പക്ഷെ അവർ താല്പര്യം കാണിച്ചാൽ മുൻപ് പറഞ്ഞ പ്രധാന ചോദ്യങ്ങളെല്ലാം വ്യക്തിഗത രൂപത്തിൽ നിന്നും അസോസിയേഷന്റെ തലത്തിൽ ചോദിക്കുക. വെള്ളം പൊങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ ഒരു സംവിധാനം അസോസിയേഷൻ തലത്തിൽ ഉണ്ടാക്കുക. അതിൽ മുന്നറിയിപ്പ് തൊട്ടു റെസ്ക്യൂ വരെയുള്ള കാര്യങ്ങൾക്ക് ടീമുകൾ ഉണ്ടാക്കണം.

ഇതൊക്കെ അല്പം ഓവർ അല്ലേ ചേട്ടാ എന്ന് ചോദിക്കാം. ഞാൻ എപ്പോഴും പറയുന്ന പോലെ ‘The more you sweat in peace, the less you bleed in war’ എന്നത് തന്നെയാണ് അടിസ്ഥാനം. ഒരു മഴ വരാൻ വഴിയുണ്ടെങ്കിൽ പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതിയത് കൊണ്ട് കുഴപ്പമില്ലല്ലോ. മഴ വന്നാൽ നമ്മൾ തയ്യാറാണ്, മഴ വന്നില്ലെങ്കിൽ കുട തിരിച്ചു വീട്ടിൽ വെക്കാം.

മുകളിൽ പറഞ്ഞ തരത്തിലുള്ള ഒരു തയ്യാറെടുപ്പ് വ്യക്തിപരമായും കുടുംബമായും റെസിഡന്റ് അസോസിയേഷൻ വഴിയും ചെയ്തുകഴിഞ്ഞാൽ അത് ഇപ്പോൾ അണക്കെട്ട് തുറന്നാലും ഇല്ലെങ്കിലും ഭാവിയിൽ ഗുണകരമാകും, സംശയം വേണ്ട.

ജാഗ്രതൈ, സുരക്ഷിതരായിരിക്കൂ...


മുരളി തുമ്മാരുകുടി

E P Shajuddeen


1099-ൽ  (1924) കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ 70-​‍ാം വാർഷികത്തിന്‌, 1994-ൽ ഞാൻ സൺഡേ  ദീപികയിൽ ഒരു ഫീച്ചർ എഴുതിയിരുന്നു. അതിന്റെ കോപ്പി ഉണ്ടോ എന്ന് പലരും അന്വേഷിച്ചു. പക്ഷേ, എന്റെ കൈയിലില്ലായിരുന്നു. കഴിഞ്ഞ ജൂലൈ 24-ന്‌ ഞാൻ ഞങ്ങളുടെ അത്തച്ചിയുടെ ജ്യേഷ്ഠൻ ഞങ്ങളുടെയെല്ലാം പാപ്പച്ചിയുടെ അടുത്തു പതിവു പോലെ ചെന്നപ്പോൾ സംസാരം പതിവു പോലെ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കൂട്ടിക്കലിനേക്കുറിച്ചായി. പുറത്തു നല്ല മഴ. അപ്പോൾ പെട്ടെന്ന് അദ്ദേഹം പറഞ്ഞു, “മോൻ പണ്ട് 99-ലെ മഴയെ കുറിച്ച് എഴുതിയ ലേഖനമില്ലേ, അതു മുഴുവൻ ഞാൻ എഴുതി വച്ചിട്ടുണ്ട്”
തുടർന്ന് പാപ്പച്ചി അദ്ദേഹത്തിന്റെ അനേകം (അതേ അനേകം) കുറിപ്പ് പുസ്തകങ്ങൾക്കിടയിൽ നിന്ന് എന്റെ ഫീച്ചർ പകർത്തി വച്ച പുസ്തകം തപ്പിയെടുത്തു തന്നു. നഷ്ടപ്പെടു പോയി എന്നു ഞാൻ കരുതിയ ഫീച്ചറിന്റെ കോപ്പി അതാ എന്റെ കൈയിൽ വീണ്ടും. അതു പ്രസിദ്ധീകരിച്ചത് 1994 ജൂലൈ 24-നായിരുന്നു, എനിക്കത് വീണ്ടു കിട്ടിയത് കൃത്യം 24 വർഷത്തിനു ശേഷം 2018 ജൂലൈ 24-ന്‌!
അത് ഞാൻ വീണ്ടും പകർത്തി. ആ ഫീച്ചറാണ്‌ ചുവടേ ചേർത്തിരിക്കുന്നത്.
---

99-ലെ വെള്ളം
ഇ.പി. ഷാജുദീൻ


1994 ജുലൈ 24-ലെ സണ്ഡേ ദീപികയിൽ പ്രസിദ്ധീകരിച്ചത്
-
കൊല്ലവർഷം 1099 കർക്കടകത്തിലെ (1924 ജൂലൈ, ഓഗസ്റ്റ്) മഹാപ്രളയം കഴിഞ്ഞ് 70 വർഷം പൂർത്തിയാകുന്നു. കേരളത്തെ തുടർച്ചയായി 27 ദിവസം വെള്ളത്തിനടിയിലാക്കിയ ആ പ്രളയത്തെ കുറിച്ച് ഒരനുസ്മരണം,
----

കാലടി തലയാറ്റുംപള്ളി മനയുടെ നാലുകെട്ട് ഇന്നില്ല. പക്ഷേ 70 വർഷം മുൻപ് അപ്ഫൻ രാമൻ നമ്പൂതിരി 99-ലെ വെള്ളത്തിന്റെ പൊക്കം വരും തലമുറയ്ക്ക് ഓർമയാകട്ടെ എന്നു  പറഞ്ഞ് കൊത്തിവച്ച ജലനിരപ്പടയാളം പിൻഗാമികൾ ഇന്നും സൂക്ഷിക്കുന്നു.
പെരിയാറിന്റെ തീരത്താണ്‌ മനവക പുരയിടം. എല്ലാവർഷവും പുരയിടത്തിൽ വെള്ളം കയറുക പതിവ്. അതിനാൽ കൊല്ലവർഷം 1099 കർക്കടകത്തിൽ ഒരു ദിവസം രാവിലെ മുറ്റത്തു വെള്ളം കയറിയിട്ടും പ്രത്യേകിച്ച് ഒന്നുംതോന്നിയില്ലെന്ന് വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിച്ച തലയാറ്റുംപള്ളി പരമേശ്വരൻ നമ്പുതിരി അനുസ്മരിക്കുന്നു. അന്ന് അദ്ദേഹത്തിന്‌ ആറു വയസ്സാണ്‌.
കാണെക്കാണേ വെള്ളം പെരുകുന്നു. ഗുരുതി കലക്കിയ കണക്ക് വെള്ളത്തിന്റെ നിറം. ഭയങ്കര മഴ, ഉഗ്രൻ ഇടിമിന്നൽ. അതിശൿതമായ ഒഴുക്കും. തടികളും തേങ്ങയും പെട്ടികളുമൊക്കെ ഒഴുകി വരുന്നതിനു കണക്കില്ല. വെള്ളം പൊങ്ങിയതോടെ എല്ലാവരും തട്ടിൻ പുറത്തു കയറി. ഒരു രാത്രി അവിടെ. പിറ്റേന്നു നേരം വെളുത്തപ്പോൾ മനയിൽ നിന്നു രക്ഷപ്പെടാനായി കണ്ണപ്പള്ളി കുഞ്ഞുവറീത് എന്നയാളുടെ വലിയ വള്ളം വരുത്തി. കാലടിയിലെ ഉയരം കൂടിയ സ്ഥലമായ മറ്റൂർ കുന്നാണ്‌ ലക്ഷ്യം. ഇന്ന് ശ്രീ ശങ്കരാ കോളജ് ഇരിക്കുന്ന സ്ഥലം.

ഏഴു ദിവസം കഴിഞ്ഞ് മറ്റൂർ കുന്നിൽ നിന്നു തിരിച്ചു വന്നതും വള്ളത്തിൽ. വരുമ്പോൾ മുറ്റത്ത് നാലടി  ഘനത്തിൽ ചെളി. മുറ്റമേത് ഇറയമേത് എന്നറിയാനാവുന്നില്ല. ചെളി നീക്കിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും വരുന്നു വെള്ളം.
വൈകിയില്ല, വീണ്ടും മറ്റൂർ കുന്നിലേക്ക് വിട്ടു. എട്ടു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പെരിയാർ പഴയ പെരിയാറായി.
 രണ്ടാമതും തിരിച്ചെത്തി നോക്കുമ്പോൾ നിലവറയിലേക്ക് കടക്കുന്ന വതിലിനു മുകളിൽ ചെളികൊണ്ട് പ്രകൃതി കുറിച്ചിട്ട ജലനിരപ്പിന്റെ അടയാളം. ഇതുകണ്ട രാമൻ നമ്പൂരിതിരിക്ക് അതൊന്നു കുറിച്ചിടാൻ തോന്നി. കങ്ങര രാമൻ നായരെ വിളിപ്പിച്ചു. മനയ്ക്കലെ കുടിയാനും മാണിക്കമംഗലം  ഹൈസ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്ററുമായ രാമൻ നായർ വാതിലിനു മുന്നിലെ തടിയിൽ കൊത്തിവച്ചു. “ ”1099 കർക്കിടകം 1-‍ാംനു മുതൽ ഈ ഭിത്തിയിന്മേൽ 2-അരക്കോൽ വെള്ളം പൊങ്ങിയിരിക്കുന്നു.“
തൊണ്ണൂറ്റൊമ്പതിന്റെ  ഒൻപത് രണ്ടും തലതിരിച്ചാണ്‌ ഡ്രോയിങ്ങ് മാസ്റ്റർ കൊത്തിവച്ചത്. കാരണം, അദ്ദേഹത്തിന്‌ ഇംഗ്ലീഷ് വിദ്യഭ്യാസം തീരെയില്ല. അങ്ങനെ തലതിരിഞ്ഞ് ആ തൊണ്ണൂറ്റൊമ്പതിന്റെ സ്മാരകങ്ങളിലൊന്ന് തലയാറ്റുംപള്ളി മനയുടെ ചുമരിൽ സ്ഥാനം പിടിച്ചു.
വർഷങ്ങൾ കഴിഞ്ഞു കുടുംബാംഗങ്ങൾ പലവഴിക്കു ചിതറിയപ്പോൾ നോക്കാൻ ആളില്ലാത്തതിനാൽ മനയിലെ നാലുകെട്ട് പൊളിച്ചു. എന്നാൽ, താൻ പണിത പുതിയ വീട്ടിലും പഴയ വെള്ളപ്പൊക്കസ്മാരകത്തിനു സ്ഥലം കണ്ടെത്താൻ രാമൻ നമ്പൂതിരിയുടെ മകൻ നാരായണൻ നമ്പൂതിരി മറന്നില്ല. വീടിന്റെ പുറം ഭിത്തിയിൽ പഴയ അതേ നിരപ്പിൽ ഫലകം സ്ഥാപിച്ചു.
തലയാറ്റുംപള്ളി മനയിൽ നിന്ന് ഏറെ ദൂരെയല്ലാതെ മാണിക്കമംഗലത്തെ മറ്റൊരു തറവാട്ടിലും തൊണ്ണൂറ്റൊമ്പതിന്റെ സ്മാരകമുണ്ട്. വിശാലമായ പറയത്തു വീടിന്റെ ഗേറ്റ് കടക്കുമ്പോഴേ മുൻ ഭിത്തിയിൽ കുറിച്ചിട്ടിരിക്കുന്നതു കാണാം “1099ലെ വെള്ളപ്പൊക്കം”. ഈ മാളികയുടെ താഴത്തെ നിലയിൽ രണ്ടാൾ പൊക്കത്തിലാണ്‌ വെള്ളം കയറിയത്. നിലത്തു നിന്ന് ഏറെ ഉയരത്തിലുള്ള തിണ്ണയിൽ നിന്ന് രണ്ടാൾ പൊക്കത്തിൽ! അതായത് തൊട്ടടുത്തുള്ള പുരയൊക്കെ വെള്ളത്തിനടിയിൽ.
പൂർവികരിൽ ഒരാൾ എഴുതിയത് എന്നല്ലാതെ ആരായിരിക്കും ഇതു രേഖപ്പെടുത്തിയത് എന്ന് വീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ പത്മനാഭമേനോനു തീർച്ചയില്ല. പക്ഷേ, അദ്ദേഹം ഇന്നും ഈ രേഖ വൃത്തിയായി സൂക്ഷിക്കുന്നു.
അദ്വൈതത്തിന്റെ ആദ്യ കാലടികൾ പതിഞ്ഞ മണ്ണിൽ വെള്ളപ്പൊക്കത്തെയും കലത്തെയും അതിജീവിച്ച് തൊണ്ണൂറ്റൊമ്പതിന്റെ ഒരു സ്മാരകം കൂടിയുണ്ട്. ശൃംഗേരി മഠത്തിനു സമീപമുള്ള ബംഗ്ലാവ്. അതൊരു ധീരന്റെ കൂടി കഥയാണ്‌. കൊച്ചി, തിരുവിതാംകൂർ, മൈസൂർ രാജ്യങ്ങളിൽ ചീഫ് ജസ്റ്റീസ് ആയിരുന്ന പെൻഷൻ പറ്റിയ രാമചന്ദ്രയ്യനായിരുന്നു. അന്ന് അവിടുത്തെ താമസക്കാരൻ.  ശൃംഗേരി മഠത്തിന്റെ ക്ഷേത്രപ്പണിയുടെ ചുമതലക്കാരനായിരുന്ന അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് മഠം വകയായിരുന്നു.
വെള്ളം പൊങ്ങി എല്ലാവരും ജീവനും  കൊണ്ടോടിയപ്പോൾ കാശുമുടക്കി പണിത ഈ കെട്ടിടം തകരില്ലെന്നും പറഞ്ഞ് ജഡ്ജി അവിടെനിന്നു മാറാൻ കുട്ടാക്കിയില്ല. കുന്നിലേക്ക് പോകാൻ വള്ളം വന്നപ്പോൾ തലയാറ്റുംപള്ളി മനയിലെ അപ്ഫൻ നമ്പൂതിരി രാമചന്ദ്രയ്യനെ വിളിക്കാൻ പറയത്തു മേനോനെ അയച്ചു. “ ഈ കെട്ടിടം തകർന്നാൽ കൂടെ ഞാനും പൊയ്ക്കൊള്ളാ”മെന്നു പറഞ്ഞ് ജഡ്ജി അവിടിരുന്നു.
ബംഗ്ലാവ് മുങ്ങി. ജഡ്ജി മൂന്നു ദിവസം പിടിച്ചിരുന്നത് മേൽക്കൂരയിൽ. മനുഷ്യരും ആനയുമൊക്കെ ഒഴുകിപ്പോകുന്നത് അദ്ദേഹം അവിടിരുന്നു കണ്ടു. വെള്ളമിറങ്ങിയപോൾ ബംഗ്ലാവ് പണിത  തിരുവിതാംകൂർ മരാമത്ത് ചീഫ് എഞ്ചിനിയർ സഞ്ജീവ റാവുവിനെ വിളിച്ച് കെട്ടിടത്തിന്റെ ഉറപ്പിനു സർട്ടിഫിക്കറ്റ് കൊടുത്തു, ജഡ്ജി. ബംഗ്ലാവ് ഇപ്പോഴും കാലടിയിലുണ്ട്. അവിടെ വേദപഠന ക്ലാസ്സുകൾ നടക്കുന്നു.
മനുഷ്യരുടെ മൃതദേഹങ്ങൾ കണ്ടില്ലെങ്കിലും ആനയൊഴുകുന്നത് താൻ കണ്ടിരുന്നെന്ന് പരമേശ്വരൻ നമ്പൂതിരി പറയുന്നു. ചത്ത ആന. എന്നാൽ, ജീവനുള്ള കടുവ വെള്ളപ്പൊക്കത്തിനൊപ്പം കാലടിയിലിറങ്ങി.
ആശ്രമം കോമ്പൗണ്ടിലാണ്‌ കടുവ പ്രത്യക്ഷപ്പെട്ടത്. അറിഞ്ഞ് ആളുകൾ കൂടിയപ്പോൾ കടുവ അടുത്തുള്ള ഇല്ലിക്കാട്ടിൽ കയറിയിരുന്നു. കുറേ നേരത്തേക്ക് കടുവയെ കാണാനില്ല. അപ്പോഴൊരാൾ അടുത്ത തെങ്ങിൽ കയറി നോക്കുമ്പോൾ കടുവ ഇലിക്കാട്ടിൽ. പിന്നീട് കടുവായെ വെടിവച്ച് കൊന്നു.
കാലടിയിൽ കടുവ ഇറങ്ങിയപ്പോൾ കുമരകത്ത് നാടുവിറപ്പിച്ചത് ഒരു പുലി. കാട്ടിൽ പിഴുതു വീണ്‌ ഒഴുകി വന്ന ഒരു കൂറ്റൻ മരത്തിൽ ഇരുന്നാണ്‌ പുലി നാടു കാണാനിറങ്ങിയത്. പ്രളയജലം പരക്കുന്നതിനിടയിൽ പുലി എതിലേ പോയെന്നു മനസ്സിലാക്കാൻ പറ്റിയില്ല. വെള്ളമൊന്നിറങ്ങിയപ്പോൾ അതിലേ  പോയ കുട്ടികളാണ്‌ കണ്ടത് തട്ടക്കാട്ടു വീടിന്റെ പിൻഭാഗത്തെ അഴിക്കുള്ളിലൂടെ രണ്ടു കണ്ണുകൾ!. പശുക്കിടാവാണെന്നു കുട്ടികൾ കരുതി. വന്നു നോക്കിയ മുതിർന്നവർക്ക് കാര്യം പിടികിട്ടി, ഇതൂ പുലിതന്നെ. അവിടം ഇളക്കിയപ്പോൾ പുലി പുറത്തു ചാടി. പുലി ഓടിച്ചെന്നത് ഇന്നു ഹൈസ്കൂൾ ഇരിക്കുന്ന മൈതാനത്ത്. അത് അവിടുത്തെ കുളത്തിൽ ചാടി. കുളത്തിലിട്ടു തന്നെ അതിനെ വെടിവച്ചു കൊന്നു, കർഷക പ്രമുഖനായ ഇല്ലിക്കുളം ഏബ്രഹാം ജോൺ. പിന്നെ ഉത്സവമായി. ചത്ത പുലിയുടെ വായിൽ ഒരു തടിക്കഷണം തിരുകിക്കയറ്റി പുലിയെയും കൊണ്ടുള്ള ഘോഷയാത്രയായി. ഓരോ വീട്ടിലും പുലിയെ കൊണ്ടുചെന്നു പ്രദർശിപ്പിക്കും. അതിനൊപം പിരിവും. കോട്ടയം വരെ പ്രദർശനം നടത്തി. അന്നത്തെ കുമരകം സ്കൂൾ അഭയാർത്ഥി ക്യാമ്പായിരുന്നു. സ്കൂളിൽ അധ്യാപകർക്കിരിക്കാൻ മുറിയുണ്ടായിരുന്നില്ല. പുലി പ്രദർശനത്തിൽ നിന്നു കിട്ടിയ 75 രൂപാ കൊണ്ട് അരഭിത്തികെട്ടി കമ്പിയഴിട്ട് ഒരു മുറി പണിതു. അതു “പുലി മുറി”. എഴുപതു വർഷമായിട്ടും കുമരകത്തെ പ്രൈമറിസ്കൂളിൽ അധ്യാപകർക്കിരിക്കാൻ  “പുലിമുറി” തന്നെ ശരണം. പക്ഷെ, കുമരകത്തെ പുതിയ തലമുറയ്ക്ക് പുലിമുറിയെ കുറിച്ച് കേട്ടറിവു പോലുമില്ല.
വെള്ളപ്പൊക്കത്തെ കുറിച്ച് കുമരകത്തു നിന്നും പുസ്തകവുമിറങ്ങി. 1924 സെപ്റ്റംബർ 15-ന്‌. “കുമരകത്തെ ഭയങ്കര വെള്ളപൊക്കം” എന്ന ഓട്ടൻ തുള്ളൽ പുറത്തിറക്കിയത് മണ്ണാത്തറെ ലൂക്കോസ്.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്നു പഴമക്കാർ പറയുമ്പോൾ പുതുതലമുറയ്ക്ക് ഊഹിക്കാനാവുന്നതിന്‌ ഒരു പരിധിയുണ്ട്. തങ്ങളുടെ ഓർമയിലെങ്ങാനുമുള്ളതിനേക്കാൾ അൽപം കൂടി വെള്ളം പൊങ്ങിയ പ്രളയം.
അതൊന്നുമായിരുന്നില്ല തൊണ്ണൂറ്റൊമ്പതെന്ന് അന്നത്തെ പത്രവാർത്തകൾ തെളിവ്. കണ്ണെത്തും ദൂരത്തെല്ലാം വെള്ളം, വെള്ളം മാത്രം. നോക്കി നിൽക്കെ ഉയർന്നു വരുന്ന വെള്ളത്തിനു ചുവന്നു കലങ്ങിയ നിറം.
മലമ്പ്രദേശത്തു നിന്നു കുട്ടനാട്ടിലേക്ക് കാട്ടുമൃഗങ്ങളുടെ ജഡങ്ങൾക്കൊപ്പം സ്ത്രീകളൂടെയും വൃദ്ധന്മാരുടെയും കുട്ടികളുടെയും മൃതദേഹങ്ങളൊഴുകി. തീരനഗരങ്ങളിലെ പൊതു നിരത്തിൽ കൂടി നോഹയുടെ പെട്ടകങ്ങൾ പോലെ കെട്ടുവള്ളങ്ങൾ. നാടൊട്ടാകെ ഗതാഗതം മുടങ്ങി. തപാൽ നിലച്ചു. രോഗികളെ ആശുപത്രിയിലാക്കാനാവാതെ ബന്ധുക്കൾ വലഞ്ഞു. അല്‍പമെങ്കിലും ഉയരമുള്ള പ്രദേശങ്ങളെല്ലാം അഭയാർഥികളെക്കൊണ്ടു നിറഞ്ഞു.
എഴുപതു വർഷം മുൻപത്തെ കള്ളകർക്കടകത്തിന്റെ വൃത്താന്തങ്ങളടങ്ങിയ പത്രറിപ്പോർട്ടുകളിലേക്ക് കണ്ണോടിച്ചാൽ തരിച്ചിരുന്നു പോകും. മിഥുനം 26-ൽ എറണാകുളത്തുണ്ടായ കൊടുങ്കാറ്റിൽ ഏതാനും വഞ്ചികൾ മുങ്ങി. നാശനഷ്ടം തിട്ടപ്പെടുത്താനായതേയില്ല. അഞ്ചു ദിവസം കഴിഞ്ഞ് ഈ വാർത്ത മാന്നാനത്തു നിന്നിറങ്ങുന്ന ദീപികയിൽ അച്ചടിച്ചു വന്നപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ ഇത്തരം നൂറുകണക്കിന്‌  അപകടങ്ങളുണ്ടായിക്കഴിഞ്ഞിരുന്നു. ശൿതമായ അടിയൊഴുക്കിൽ പെട്ട മൃതദേഹങ്ങളെല്ലാം കടലിലേക്ക് ഒഴുകി.
എറണാകുളം, പോഞ്ഞിക്കര, വെണ്ടുരുത്തി, ഞാറയ്ക്കൽ പ്രദേശങ്ങളെല്ലാം സമുദ്രനിരപ്പിലാകാൻ മണിക്കൂറുകളേ എടുത്തുള്ളു. ചൊവ്വര, ഇടപ്പള്ളി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽ പാതകൾക്കു മീതേ വഞ്ചിതുഴയാനും വിധം വെള്ളമുയർന്നു. പലയിടത്തും റെയിൽ പാലങ്ങൾ ഒഴുകിപ്പോയി. റെയിൽ ഗതാഗതം മുടങ്ങിയതോടെ എറണാകുളത്തു യാത്രക്കാർ കുടുങ്ങി. താമസിയാതെ ലോഡ്ജുകൾ തിങ്ങി നിറഞ്ഞു.
കർക്കടകം ഒന്നാം തീയതി എറണാകുളത്ത് ബ്രോഡ്വേ മൈതാനം സമുദ്ര തുല്യമായി. മുല്ലേപ്പടി റോഡ് മുതൽ ചിറ്റൂർ റോഡ് വരെ രണ്ടു ദിവസം കൊണ്ട് ഒരാൾപൊക്കത്തിൽ വെള്ളമുയർന്നു. എറണാകുളത്തെ നിരത്തുകളിൽ കടത്തു വള്ളങ്ങൾ സ്ഥാനം പിടിക്കൻ അധികം വൈകിയില്ല.
മധ്യതിരുവിതാംകൂറിൽ തിരുവല, തിരുമൂലപുരം, തുകലശേരി തുടങ്ങിയ സ്ഥലങ്ങളിലെ  കുന്നുകളിൽ രണ്ടു ദിവസം കൊണ്ട് 8000 പേരാണ്‌ അഭയാർഥികളായി എത്തിയത്. വെമ്പാല, മുഴക്കീർ, തലയാർ, പാണ്ടനാട്, മണിപ്പുഴ, ചാത്തൻകരി, നിരണം, മാന്നാർ, കാരയ്ക്കൽ, പെരുന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് ആയിരങ്ങൾ ജീവനും കൊണ്ടു പാഞ്ഞു.
അന്ന് എല്ലായിടത്തുനിന്നുമുള്ള റിപ്പോർട്ടുകളോടൊപ്പം സ്ഥിരം ഒരു വാചകമുണ്ട് “ശവങ്ങൾ ഒഴുകി നടക്കുന്നു”. ആടുമാടുകളുടെയും കാട്ടുമൃഗങ്ങളുടെയും ജഡങ്ങൾക്കൊപ്പം മനുഷ്യരുടെ മൃതദേഹങ്ങളും എല്ലായിടത്തും ഒഴുകി. “ആടുമാടുകളും കോഴി, താറാവ് തുടങ്ങിയവയും ഒഴുകി പോയതിനു കണക്കൊന്നുമില്ലാ” എന്ന വാചകവും വിവിധയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ കാണാം.
കർക്കടകം ഒന്ന് (1924 ജൂലൈ 26) ബുധനാഴ്ച പകൽ ആലപ്പുഴയിലെ തോടുകൾ സമുദ്രതുല്യമായി. രാത്രിമാത്രം ഉയർന്നത് മൂന്നടി വെള്ളം. അകലെനിന്നു പ്രാണരക്ഷാർഥം ഓടിവരുന്നവരെ പാർപ്പിക്കാൻ കച്ചേരി മൈതാനത്ത് കെട്ടിയ ഓലക്കെട്ടിടവും തകർന്നു. തിരുവിതാംകൂറിലെ വാണിജ്യ സിരാകേന്ദ്രമായ ആലപ്പുഴ ചന്തയിൽ സംഭരിച്ചിരുന്ന ചാക്കുകണക്കിന്‌ ഉപ്പും പഞ്ചസാരയും വെള്ളത്തിൽ അലിഞ്ഞു പോയി. നൂറുകണക്കിനു ചാക്കു മാത്രം ഒഴുകി നടന്നു.
കർക്കടകം നാലിന്‌ പമ്പയാറ്റിലും അതിഭയങ്കരമായി വെള്ളമുയർന്നു. റാന്നി ചന്തയിലെ കെട്ടിടങ്ങളിൽ മിക്കതും മലവെള്ളത്തിന്റെ കരുത്തിനു മുന്നിൽ കീഴടങ്ങി. തട്ടിൻ പുറത്തു കയറിയിരുന്ന 12 പേരുമായാണ്‌ ഒരു വീട് ഒഴുകിപ്പോയത്. മുണ്ടക്കയത്തും മണിമലയിലുമൊക്കെ വീടുകൾ വടമിട്ട് വൻമരങ്ങളിൽ കെട്ടിയിടുകയായിരുന്നു. മരങ്ങൾ വേരോടെ പിഴുതു വീണപ്പോൾ മരവും വീടും ഒരുമിച്ച് മണിമലയാറ്റിലൂടെ ഒഴുകി.
അന്നത്തെ മണിമല ലേഖകന്റെ റിപ്പോർട്ട് കാണുക: “ഇതിന്റെ താഴെയായി മുല്ലപ്പുഴ ചേരിയെന്ന സ്ഥലത്തു നിന്നും പലരും കണ്ട് പ്രത്യേകം എണ്ണി നോക്കിയതിൽ രണ്ടു മണിക്കൂറിൽ 150 കെട്ടിടങ്ങൾ ഒഴുകി പോയതായി പറയുന്നു. ഇതുകളിൽ മനുഷ്യരുണ്ട്. നോഹയുടെ കാലത്തെ പ്രളയമോ ഇതെന്ന് തോന്നുമാറ്‌ ഭയങ്കരം, അതിഭയങ്കരമെന്നല്ലാതെ എന്തു പറയാൻ.”
കോതമംഗലത്ത് പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ തൊള്ളായിരം ഏക്കർ ഉണ്ടായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളത്തിൽ റൈട്ടറും കൂലിപ്പണിക്കാരും താമസിച്ചിരുന്ന കെട്ടിടം അവരെയും കൊണ്ട് ഒഴുകി. കുറേ ജോലിക്കാർ വീട്ടിൽ നിന്ന് ചാടി റബർ മരങ്ങളിൽ വലിഞ്ഞു കയറി. ദീർഘായുസ്സുണ്ടായിരുന്ന ചിലർ മാത്രം മരത്തിൽ പിടിച്ചിരുന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവർ വെള്ളത്തിന്റെ വരവും ഒഴുക്കും കണ്ട് ബോധമറ്റ് വെള്ളത്തിൽ തന്നെ വീണു മരിച്ചു.
മലവെള്ളപ്പാച്ചിലിൽ ഹൈറേഞ്ചിലുണ്ടായ നാശനഷ്ടങ്ങൾ അന്നത്തെ ദീപിക ലേഖകന്റെ ഭാഷയിൽ :ഏതു ശിലാഹൃദയന്റെയും കരളലിയിപ്പിക്കുന്നതാണ്‌“. പീരുമേട് മുതൽ വണ്ടിപ്പെരിയാർ വരെയുള്ള സകല മലയിലും ഉരുൾപൊട്ടി. നാൽപത്തിനാലാം മൈൽ കഴിഞ്ഞ് ഒരു കെട്ടിടത്തിനു മുകളിൽ മലയിടിഞ്ഞ് വീണ്‌ നാൽപതു പേർ മരിച്ചു.
കെ.കെ. റോഡിൽ  മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ്‌ ഇന്ന് കോട്ടയത്തു നിന്ന് കുമളിക്ക് വാഹങ്ങൾ പോകുന്നത്.
മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ടു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽ നിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ  തടിയാണ്‌ ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽ പരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി.
തീണ്ടലും തൊടീലും കർശനമായി പാലിച്ചിരുന്ന കാലടിയിലും മറ്റും വെള്ളം അയിത്തത്തെ എടുത്തുകൊണ്ടു പോയി. കാലടി തലയാറ്റുംപള്ളി മനയ്ക്കൽ നിന്നു കൊണ്ടുപോയ വലിയ ചെമ്പിൽ അരിവേവിച്ചാണ്‌ അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തത്. തെക്കിനേടത്തു മനയിലെ വാസു നമ്പൂതിരിയാണ്‌ എല്ലാവർക്കും വേണ്ട അരിയും വിറകും നൽകിയത്. പല ഉയർന്ന മലകളിലെയും ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽകെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു. അയിത്ത ജാതിക്കാർക്ക് ക്ഷേത്ര റോഡിൽ കൂടി സഞ്ചരിക്കാൻ പാടില്ലെന്ന നിയമത്തിനെതിരായി വൈക്കം സത്യഗ്രഹം നടക്കുന്നത് 99-ലെ വെള്ളപ്പൊക്ക കാലത്താണ്‌. വെള്ളം പൊങ്ങിയിട്ടും സത്യഗ്രഹികൾ പിന്മാറിയില്ല.  “വെള്ളത്തിനു മുകളിൽ സത്യഗ്രഹികളുടെ തലകൾ മാത്രം” എന്നായിരുന്നു കുറേ ദിവസത്തെ നില. പ്രകൃതിയുടെയും സവർണ മേധാവികളുടെയും പീഡനത്തിനെതിരേ സത്യഗ്രഹികൾ പിടിച്ചു നിന്നെങ്കിലും സമരം വിജയിച്ചത് ഏറെ നാൾ കഴിഞ്ഞ് മഹാത്മാഗാന്ധി നേരിട്ട് ഇടപെട്ട ശേഷം മാത്രമാണ്‌.
കൊല്ലവർഷം 1057-ലും (ക്രിസ്തു വർഷം 1882-ൽ) കേരളത്തെ വിഴുങ്ങിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ചുവന്നു കലങ്ങി  വെള്ളമൊഴുകിയ  ആ പ്രളയത്തെ പഴമക്കാർ “ചെമ്പൻ വെള്ളപ്പൊക്ക”മെന്നു വിളിച്ചു.

എന്നാൽ, ചെമ്പൻ വെള്ളപ്പൊക്കത്തെയും മറികടന്നു കൊല്ലവർഷം 1099 കർക്കടകത്തിലെ പ്രളയം. ഒരു വശത്തു നിന്നു കടൽ വെള്ളവും മറുവശത്തു നിന്നു മലവെള്ളവും കേരളത്തെ വിഴുങ്ങിയ ഈ പ്രളയം കേരള ചരിത്രത്തിലെ ഏറ്റവും വലുത്. അതിനു ശേഷം 1939-ലും 1961-ലും മാത്രമേ അതിനടുത്തു വരുന്ന വെള്ളപ്പൊക്കമുണ്ടായിട്ടുള്ളു.

Simon Pavaratty

.
Powered by Blogger.