മരണത്തിരുനാള്‍ ഇന്ന്‌ .

വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലെ മരണത്തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കും. പ്രത്യേക നേര്‍ച്ച ഊട്ടിനുള്ള കലവറ ഒരുക്കം പൂര്‍ത്തിയായി. സ്‌പെഷല്‍ അച്ചാറിനുപുറമെ പപ്പടം, പായസം, നാലുവെട്ട്, ശര്‍ക്കരവരട്ടി എന്നിവ നേര്‍ച്ച ഊട്ടിലെ പ്രത്യേക വിഭവങ്ങളാകും. വിവിധ കുടുംബ യൂണിറ്റുകളുടെയും പാവറട്ടി സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ നേര്‍ച്ച ഊട്ടിലേക്കായുള്ള വിഭവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മരണത്തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ അള്‍ത്താര ലില്ലിപ്പൂക്കള്‍കൊണ്ടും കാര്‍ണിഷ് പൂക്കള്‍ക്കൊണ്ടും അലങ്കരിച്ചു. തൃശ്ശൂര്‍ സ്‌നെദെഷ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വഴിപാടായാണ് അള്‍ത്താര അലങ്കാരം. രാവിലെ പത്തിന് നടക്കുന്ന റാസ കുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ വികാരി ഫാ. ജോണ്‍ അയ്യങ്കാന കാര്‍മ്മികനാകും. പള്ളിയുടെ പാരിഷ് ഡയറക്ടറി 2016 പ്രകാശനം ചെയ്യും. 11.30ന് നടക്കുന്ന നേര്‍ച്ച ഊട്ട് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിക്കും. ഇത്തവണ മുപ്പത്തിഅയ്യായിരം പേര്‍ക്കാണ് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. രാത്രി പത്തിന് വിവിധ ദേശങ്ങളില്‍നിന്ന് തേരോടുകൂടിയ വള എഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തും.