തീര്‍ത്ഥകേന്ദ്രത്തിലെ 140 മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ 140-ാം മദ്ധ്യസ്ഥ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.

രാവിലെ 5.30ന് വി. അന്തോണീസിന്റെ കപ്പേളയില്‍ ദിവ്യബലിക്ക് ശേഷം അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശ്ശേരി കൊടിയേറ്റ് നിര്‍വ്വഹിക്കും.

15, 16, 17 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം. 

കൊടിയേറ്റ് ദിവസം മുതല്‍ നവനാള്‍ ആചരണം തുടങ്ങും. ദിവസവും വൈകീട്ട് അഞ്ചിന് ദിവ്യബലിയും നൊവേനയും ഉണ്ടാകും. 15ന് വൈകീട്ട് 7.30ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ബാന്‍ഡ്വാദ്യ മത്സരവും ഉണ്ടാകും.

16ന് രാവിലെ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഊട്ടുസദ്യ ആരംഭിക്കും. വൈകീട്ട് 5.30ന് അദീലാബാദ് രൂപത ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും തുടര്‍ന്ന് 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിച്ചേരുന്നതോടെ തെക്ക് വിഭാഗത്തിന്റെ കരിമരുന്ന് പ്രകടനവും ഉണ്ടാകും.

 തിരുനാള്‍ ദിവസമായ 17ന് പുലര്‍ച്ചെ 2 മുതല്‍ രാവിലെ ഒന്‍പത് വരെ തുടര്‍ച്ചയായി ദിവ്യബലി. പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജെയ്‌സണ്‍ വടക്കേത്തല കാര്‍മ്മികനാകും. രാത്രി ഏഴിന് വടക്ക് ഭാഗത്തിന്റെ കരിമരുന്ന് പ്രകടനം ഉണ്ടാകും.

24നാണ് എട്ടാമിടം തിരുനാള്‍. എട്ടാമിടം വരെ വൈകീട്ട് ഏഴിന് കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകുമെന്ന് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, സി.എ. സണ്ണി, പബ്‌ളിസിറ്റി കണ്‍വീനര്‍ വി.ജെ. വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു.

കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് അഞ്ചുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.