സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' പദ്ധതിയുമായി തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി


വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ 140-ാം തിരുനാളിനോടനുബന്ധിച്ച് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' എന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഞായറാഴ്ച നടക്കും.

വൈകീട്ട് 6.30ന് പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. 2016-17 വര്‍ഷത്തില്‍ ഇരുപതോളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനമാണ് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുക്കുന്നത്.

പ്‌ളസ് വണ്‍ മുതലുള്ള ഉയര്‍ന്ന പഠനച്ചെലവ് തെക്കുഭാഗം വഹിക്കും. ജാതിമത ഭേദമെന്യേയാണ് 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് കെ.ഡി. ജോസ്, കണ്‍വീനര്‍ കെ.എഫ്. ലാന്‍സന്‍, വൈസ് പ്രസിഡന്റ് എ.ടി. ആന്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പദ്ധതിയുെട ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടി നിര്‍വ്വഹിക്കും. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വോയ്‌സ് ഓഫ് കൊച്ചിന്റെ മെഗാനൈറ്റ് ഷോയും അരങ്ങേറും.