സുധിലയും ലയനയും തിരിച്ചുവരും, ആ കലാലയമുറ്റത്തേക്ക്......

ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്

സുധിലക്കും ലയനക്കുമിത് രണ്ടാം ജന്മമാണ്. തളർന്ന കാലുകൾവെച്ച് തളരാത്ത മനസ്സോടെ വീൽച്ചെയറിലിരുന്ന് സുധിലയും അപകടത്തിന്റെ മായാത്ത പാടുകളുമായി ലയനയും വാശിയോടെ പറഞ്ഞു- 'ഞങ്ങൾ വരും ആ കലാലയമുറ്റത്തേക്ക്, കൂട്ടുകാർക്കിടയിലേക്ക്'.

നിറഞ്ഞ കൈയടികളായിരുന്നു ഇവർക്കുള്ള മറുപടി. അമല ആസ്പത്രിയിൽ അഭിന്ദനയോഗത്തിൽ പങ്കെടുക്കുകയായിരുന്നു സുധിലയും ലയനയും. ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.

സുധിലയുടെ നടുവിനാണ് പരിക്കേറ്റത്. രക്തയോട്ടം നിലച്ചതോടെ കാലുകൾ തളർന്നു. ഇടതുകാലിന്റെ എല്ലും പൊട്ടി. ഫിസിയോ തെറാപ്പി തുടരുന്നുണ്ട്. ലയനയുടെ വലതുകൈയിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെ കൈ ചെറുതായി പൊന്തിക്കാമെന്ന സ്ഥിതി വന്നു. തലയിൽ മുറിവുകളേറ്റതിനാൽ ലയനയുടെ തലമുടി പറ്റെ വെട്ടി. കഴിഞ്ഞ മാർച്ചിൽ ലയനയെ ഡിസ്ചാർജ്ജ് ചെയ്തെങ്കിലും സുധില ഇപ്പോഴും ആസ്പത്രിയിൽ തുടരുകയാണ്.

അപകടമുണ്ടായ ദിവസത്തെ നടുക്കുന്ന ഓർമ്മകളൊന്നും ഇരുവരുടെയും മനസ്സിലില്ല. ആസ്പത്രിയിലെത്തിച്ച് ഒരുപാട് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരും ഓർമ്മ വീണ്ടെടുത്തത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാരോട് നന്ദി പറഞ്ഞു സുധില. മേയ് മാസത്തിൽ നടക്കുന്ന പരീക്ഷയെഴുതാൻ വരുമെന്ന് ലയനയും ഉറപ്പുനൽകി. 


ശ്രീകൃഷ്ണകോളേജിലെ രണ്ടാം വർഷ ബി.എ. സംസ്കൃതം വിദ്യാർത്ഥിയാണ് ലയന. ഒന്നാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് സുധില.

അമല ആസ്പത്രിയിൽ നടന്ന അഭിനന്ദനയോഗത്തിൽ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജൂലിയസ് അറക്കൽ, ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, ഡോ. ഗോപിനാഥൻ, ഡോ. സുധീർ, ഡോ. വിൻസെന്റ്, കോളേജ് പ്രിൻസിപ്പൽ ഡി. ജയപ്രസാദ്, സിസ്റ്റർ ഷെറിൻ എന്നിവർ സംസാരിച്ചു.

വാര്ത്തയും ചിത്രവും  :  മാതൃഭൂമി