പാവറട്ടിപ്പെരുന്നാള്‍ അമിട്ടുകള്‍ പൊട്ടുമ്പോള്‍..

ആകാശത്ത് പൊട്ടിവിരിയുന്ന തീപൂക്കളങ്ങളെക്കാട്ടിക്കൊണ്ട് അച്ചന്‍ പറഞ്ഞു അത് പാവറട്ടിപ്പെരുനാളിന് പൊട്ടിക്കുന്ന അമിട്ടാണ്. അങ്ങിനെയാണ് കുട്ടിക്കാലത്ത് എന്നെ അതിശയിപ്പിച്ച അമിട്ടിനെ  തിരിച്ചറിയുന്നത്. ഉയര്‍ന്നുപൊങ്ങി പൊട്ടിവിരിയുന്ന പലവര്‍ണ്ണത്തിലുളള അമിട്ടുകളെ അച്ചനും അമ്മയും ഒപ്പം ഞാനും സഹോദരനായ അഭിലാഷും  കണ്ണുചിമ്മാതെ നോക്കിയിരിക്കും. 

പാടൂരിലെ തണ്ണീര്‍കായലിനടുത്തുളള പാടത്ത്, കായലിന്‍റെ ഇളംകാറ്റേറ്റ് പാവറട്ടി തിരുന്നാള്‍ വെടിക്കെട്ട് കണ്ടാസ്വദിച്ചതിന്‍റെ ഓര്‍മ്മകള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച് തുടങ്ങിയതങ്ങിനെയാണ്. പാവറട്ടിതിരുനാള്‍ വെടിക്കെട്ടിന്‍റെ  ശബ്ദഘോഷവും കത്തിയെരിഞ്ഞുതീരുന്ന കരിമരുന്നു പ്രകടനവും ബാല്യകാലത്തെ വിലപ്പെട്ട ഓര്‍മ്മകളാണ്. തിരുനാള്‍ ദിവസം സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ പാടത്തിന്‍റെ നടുക്ക് ചെന്നിരിക്കും. പാടത്തിരുന്നാല്‍ ഒന്നാം വെടിക്കെട്ടും രണ്ടാം വെടിക്കെട്ടും നന്നായി കാണാം. പെരുനാളിന്‍റെ വിശേഷങ്ങള്‍ ഈ സമയത്തൊക്കെ അച്ചന്‍ പറഞ്ഞുതരും.

അച്ചന് പാവറട്ടി തിരുനാള്‍ വലിയ കാര്യമാണ്.  നാട്ടിലുളള കാലത്തൊക്കെ അച്ചന്‍ തിരുനാള് കാണാന്‍ പോവും. സെന്‍ട്രല്‍ പി.ഡബ്ളിയു.ഡി. യില്‍ ജീവനക്കായി നാടിന്‍റെ പലഭാഗത്തും ജോലി ചെയ്തിരുന്ന കാലത്തെ സുഹൃത്തുക്കള്‍ പലരേയും അന്നത്തെ തിരുനാള്‍ ഊട്ടിനിടെ അച്ചന്‍ കണ്ട് പരിചയം പുതുക്കുമായിരുന്നു.

 1990 മുതല്‍ 2000 വരെ പാടൂരിലെ കല്ലിങ്കല്‍ കുടുംബവീട്ടില്‍ ഉളളപ്പോഴൊക്കെ പൂരവും പെരുന്നാളും നേര്‍ച്ചയും ഒക്കെ തിമിര്‍ത്തുല്ലസിച്ചുതീര്‍ത്തിരുന്ന ബാല്യകാലം ഇന്നും എന്‍റെ മനസ്സിലുണ്ട്. ശ്രീനിവാസന്‍റെ പുതിയ സിനിമയായ 'ചിറകൊടിഞ്ഞ കിനാവുകളില്‍' ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിരക്കില്‍ നിന്നും പാവറട്ടി വിശേഷത്തോട് തന്‍റെ തിരുനാള്‍ ഓര്‍മ്മകള്‍ റിമ പറഞ്ഞുനിര്‍ത്തി.