പാവറട്ടി വിശേഷത്തിന്‍റെ തിരുനാള്‍ മംഗളങ്ങള്‍

photo arun 

പാവറട്ടിയുടെ പ്രൗഢിയുടെ മൂല കാരണം ഈ തീര്‍ത്ഥകേന്ദ്രവും അതിനു മുകളിലുള്ള വിശുദ്ധരൂപവുമാണ്. പാവറട്ടി എന്നു കേള്‍ക്കുമ്പോള്‍ ഏറ്റവും ആദ്യവും അവസാനവും മനസ്സില്‍ തെളിയുന്നത് പാവറട്ടി തിരുനാളായിരിക്കും. പാവറട്ടി-'പാവറട്ടി തിരുനാള്‍' എന്ന ബ്രാന്‍റായി തീരുകയാണ്.

ഈ ബ്രാന്‍റും അതിലടങ്ങിയ ചൈതന്യവും ഭൗതികതയുടെ കുത്തൊഴുക്കില്‍ ചോര്‍ന്നു പോകുന്നുണ്ടോ എന്നു സംശയിക്കുന്നു. നാം വളര്‍ത്തിയെടുക്കുന്ന സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയുടെ നെറുകയില്‍ ദൈവികതയുടെ മുദ്രപതിക്കാന്‍ നാം വിമുഖത കാണിക്കുന്നുണ്ടോ ?

ആഘോഷങ്ങള്‍ നമ്മില്‍ നിറക്കുന്ന ആഹ്ലാദം ആഘോഷങ്ങളുടെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തും.

തോരണങ്ങളും, കണ്ണു ചിമ്മുന്ന ലക്ഷക്കണക്കിന് കുഞ്ഞുബള്‍ബുകളും, ആകാശത്ത് അഗ്നിപുഷ്പങ്ങള്‍ തീര്‍ക്കുന്ന കരിമരുന്നുകളും പലനിറമുള്ള ബലൂണുകളും....... കളിക്കോപ്പും.... എല്ലാം..... എല്ലാവര്‍ക്കും സമ്മാനിക്കുന്നത് ഈ കൊച്ചുകൊച്ചു സന്തോഷങ്ങളല്ലേ.......  ആഡംബരം അത്യാവശ്യങ്ങള്‍ക്ക് വഴി മാറുമ്പോള്‍ ഒരു പ്രദേശം മുഴുവന്‍ ഒരുപോലെ ഈ ആഹ്ലാദാരവങ്ങള്‍ക്ക് മിഴി തുറക്കും..

കാലം പുരോഗമിക്കുകയാണ്.... സൗകര്യങ്ങളും..... പക്ഷേ ആദ്ധ്യാത്മികത, അത് പുറമെ അന്വേഷിച്ചു നടന്ന് കണ്ടെത്തേണ്ട ഒന്നല്ല. സ്വന്തം ഉള്ളില്‍നിന്നും അവന്‍റെ മനസാക്ഷി കീറിമുറിച്ച് ഏകാന്തതയില്‍ കണ്ടെത്തേണ്ട നീരുറവ ആഘോഷങ്ങളുടെ ശബ്ദാഡംബരത്തില്‍ മുങ്ങിപ്പോകരുത്.

നീരുറവക്കു പകരം പൊട്ടക്കിണറുകള്‍ സ്വന്തമാക്കാനാണ് നമുക്ക് വ്യഗ്രത..... പൊട്ടക്കിണറുകള്‍ക്ക് പകരം സ്വന്തം നെഞ്ചകത്തെ നീരുറവ കണ്ടെടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. വിശുദ്ധന്‍ നമ്മേയും ഈ പ്രദേശത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

[fquote]ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ഈ കൊച്ചുഗ്രാമത്തി ന്‍റെ വിശുദ്ധി കാത്തുസൂക്ഷിച്ച് ആധുനിക സൗകര്യങ്ങളൊരുക്കുവാന്‍ നമുക്ക് സാധിക്കണം. ഗതാഗതം, താമസം, ഭക്ഷണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പള്ളിയും മറ്റ് അധികാരികളും തീര്‍ത്ഥാടകര്‍ക്ക് നല്കാന്‍ ശ്രദ്ധിക്കണം. ഓരോ പാവറട്ടിക്കാരനും അതിനുള്ള ബാദ്ധ്യതയുണ്ട്[/fquote]

സാധാരണ ദിവസങ്ങളില്‍ പോലും വാഹനങ്ങ ള്‍ പാര്‍ക്കു ചെയ്യുവാന്‍ വേണ്ടത്ര സൗകര്യം നമുക്ക് ഇല്ലാതെ പോകുന്നു. ദീര്‍ഘവീക്ഷണത്തോടു കൂടിയ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഉള്ള സ്ഥലസൗകര്യങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കന്നുണ്ടോ ?

പള്ളി അധികാരികള്‍ ഇപ്പോള്‍ തുടങ്ങിവെച്ചിരിക്കുന്ന നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വിശ്രമിക്കാനുള്ള സൗകര്യങ്ങളും തീര്‍ത്ഥകേന്ദ്രത്തിനു ചുറ്റും  മനോ ഹരമായ ഒരു പൂന്തോട്ടവും നിര്‍മ്മിച്ച് പ്രകൃതിയേയും ആരാധനാലയത്തേയും ബന്ധി പ്പിക്കാന്‍ നമുക്ക് ഈ 140 വര്‍ഷങ്ങള്‍കൊണ്ട് കഴിഞ്ഞില്ലായെന്നത് ഖേദകരമാണ്.

ഈ തീര്‍ത്ഥകേന്ദ്രവും അതിനുചുറ്റുമുള്ള പരിശുദ്ധിയും ആ പരിശുദ്ധി പരത്തുന്ന ആശ്വാസവും അയല്‍പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം. പഞ്ചായത്ത് അധികൃതരും, വ്യാപാരി സുഹൃത്തുക്കളും, പൊതു പ്രവര്‍ത്തകരും, നാട്ടുകാരും.... എല്ലാം പരസ്പരം കൈകോര്‍ത്ത് പാവറട്ടിയുടെ വികസനം യാഥാര്‍ത്ഥ്യമാക്കണം.

പാവറട്ടിയുടെ ആന്തരത്മാവ് ഉണരുന്ന ദിവ്യദിനങ്ങള്‍ കടന്നുവരികയായി.............
ഇങ്ങു താഴെ കാല്‍ചുവട്ടിലെ മണല്‍ത്തരികള്‍ തൊട്ട് അങ്ങ് മേലെയുള്ള നക്ഷത്ര കോടികള്‍ വരെ ഒരേ താളത്തില്‍ ഉയരുന്ന ഒരു മഹാഘോഷത്തിന്‍റെ ദിവ്യചൈതന്യത്തില്‍ നമുക്കും മുങ്ങാം....
സ്നേഹം നിറഞ്ഞ, നിറച്ച എല്ലാ മനസ്സുള്‍ക്കുമൊപ്പം...

ഒരിക്കല്‍കൂടി ഏവര്‍ക്കും  പാവറട്ടി വിശേഷത്തിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ നേരുന്നു.