പാവറട്ടി ഷ്റൈന്‍ ഡോട്ട് കോം


നിശബ്ദ സേവനവുമായി സൈമണ്‍ മാഷ്

പാവറട്ടി പളളിയുടെ ഔദ്യോഗിക വെബ് സൈറ്റായ പാവറട്ടിഷ്റൈന്‍ഡോട്ട്കോമിന് വേണ്ടി വര്‍ഷങ്ങളോളം നിസ്വാര്‍ത്ഥ സേവനം ചെയ്ത സൈമണ്‍ നീലങ്കാവിലിനെ  സ്വര്‍ണ്ണലോക്കറ്റ് നല്‍കി പ്രധിനിധിയോഗം ആദരിച്ചു. ഇന്നത്തെപ്പോലെ ഫെയ്സ് ബുക്കും വാട്ട്സാപ്പും ഒന്നും ഇല്ലാത്ത കാലത്താണ് പാവറട്ടി പളളിയ്ക്ക് വെബ്സൈറ്റ് വേണമെന്ന ആശയവുമായി വികാരിയച്ചനെ സൈമണ്‍ നീലങ്കാവില്‍ മാഷ് സമീപിച്ചത്. രണ്ട് പതിറ്റാണ്ട് മുന്‍പ് വെബ്സൈറ്റുകള്‍ നാട്ടില്‍ കാര്യമായി പ്രചാരത്തില്‍ വന്നിരുന്നില്ല. പിന്നീട് വര്‍ഷ ങ്ങളുടെ നിരന്തര പരിശ്രമത്തിനും കാത്തിരിപ്പിനും ശേഷം പള്ളിയില്‍ നിന്ന് അനുമതി ലഭിച്ചത് 2002ല്‍ മാത്രമാണ്.  സുഹൃത്തിനോടൊപ്പം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ വെബ്സൈറ്റ് ചെയ്ത ആത്മവിശ്വാസമായിരുന്നു കൈമുതല്‍.
ആദ്യമൊക്കെ വലിയ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. കുറ്റപ്പെടുത്തലു കള്‍ക്കുംം  പരിഹാസത്തിനും  മറുപടി കൂടുതല്‍ മെച്ചപ്പെട്ട സേവനം മാത്രമാ യിരുന്നു. 2003ല്‍ അന്നത്തെ വികാരി, കൈക്കാരന്മാര്‍ വഴി വഴിപാടായി ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷ പ്രതിനിധിയോഗ ത്തിലേക്ക് വെച്ചു. യാതൊരു ചെലവും പള്ളി വഹിക്കേണ്ടതില്ലെന്നും യാതൊരു വരുമാനം ഈ വെബ്സൈറ്റ് മുഖേന ഉണ്ടാക്കുകയില്ലെ ന്നുമുളള വ്യവസ്ഥയില്‍ അനുമതി ലഭിച്ചു. അസി. വികാരി ജിജോ മുരിങ്ങാത്തേരി കൈക്കാരനായിരുന്ന പി. എല്‍. തോമസ് മാസ്റ്റര്‍ എന്നിവരുടെ ശ്രമങ്ങളും കുടുംബത്തിന്‍റെ ഉറച്ച പിന്തുണയും സൈമണ്‍മാഷിന് സഹായ കമായി.
2003ലെ തിരുനാള്‍ ദിനത്തിലെ കുടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വി. യൗസേപ്പിതാവിന്‍റെ പ്രധാനബലിപീഠത്തില്‍ വെച്ചാണ് pavarattyshrine.com  യൗസേപ്പിതാവിന് സമര്‍പ്പിച്ചത്. അന്നത്തെ വികാരിജനറലായിരുന്ന മോണ്‍. ജോസഫ് കാക്കശ്ശേരിയായിരുന്നു മുഖ്യാതിഥി.
വൈബ്സൈറ്റിലേയ്ക്കുള്ള വിവരങ്ങള്‍ എഴുതി അത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.  ഇംഗ്ലീഷിലേക്ക് അത് മൊഴിമാറ്റി കൊടുത്തത് പ്രൊ. ഇ. ഡി. ജോണ്‍മാഷാണ്.  പള്ളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിലുണ്ടായിരുന്നു. 160 ഓളം പേജുകള്‍ പ്രിന്‍റ് എടുത്ത് ഒരു പുസ്തകമാക്കി പള്ളിക്ക് നല്‍കുകയും  വൈദികര്‍ വായിച്ചുനോക്കി അംഗീകരിച്ചവയാണ് പ്രസിദ്ധീകരിച്ചത്.
തിരുനാളിന്‍റെ അവസരങ്ങള്‍ വിശ്രമമില്ലാത്ത ദിവസങ്ങളാണ്. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന വിദേശത്തുള്ള ഒരുപാടുപേരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധമാണ് വി.ബലിയും തിരുനാള്‍ പരിപാടികളും തല്‍സമയം നല്‍കാന്‍ കാരണമായത്. അതിനൊക്കെ പണ്ട് വലിയ ചെലവായിരുന്നു മാത്രമല്ല കുറഞ്ഞ ഇന്‍റര്‍നെറ്റ് വേഗത അന്ന് പ്രധാന വെല്ലുവിളിയുമായിരുന്നു. അതുകൊണ്ട് സൈമന്‍മാഷ് തന്നെ അത്തരം കാര്യങ്ങള്‍ പഠിക്കുകയും ഉപകരണങ്ങള്‍ വാടകയ്ക്കെടുത്ത് മുഴുവന്‍ സമയം പള്ളിയില്‍ കഴിച്ചുകൂട്ടി  സംപ്രേക്ഷണം നല്‍കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. പാവറട്ടി തിരുനാളിന്‍റെ പ്രധാനതിരുകര്‍മ്മമായ വി. കുര്‍ബ്ബാന, കുടുതുറക്കല്‍, വെടിക്കെട്ട് തുടങ്ങിയവയൊക്കെ തല്‍സമയം വെബ്സൈറ്റില്‍ കാണിച്ചത് വെബ്സൈറ്റ് ഭക്തലക്ഷങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു കാരണമായി.
വാര്‍ത്തകളും ലേഖനങ്ങളുമായി 1265 പോസ്റ്റുകളും പതിനായിരത്തിലേറെ ചിത്രങ്ങളും ധാരാളം വീഡിയോകളും ഇപ്പോള്‍ വെബ്സൈറ്റിലുണ്ട്. ഏതു വര്‍ഷത്തെ വാര്‍ത്തകളും ചിത്രങ്ങളും പെട്ടെന്ന് തിരയാനും കണ്ടുപിടിക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്. ആദ്യകാലങ്ങളില്‍ സ്ഥിരം പേജുകളില്‍ വാര്‍ത്തകള്‍ മാറ്റി മാറ്റി നല്‍കുകയായിരുന്നു പതിവ്. പിന്നീട് അത് മാറ്റി ഓരോ വിവരവും പുതിയ പേജുകളായി നല്‍കി തുടങ്ങി. അതുകൊണ്ട് പുതിയ വിവരങ്ങളോടൊപ്പം  പഴയ വിവരങ്ങള്‍ ഓരോ പേജിലായി വെബ്സൈറ്റില്‍ സൂക്ഷിച്ചുവെയ്ക്കും. പിന്നീട് എപ്പോള്‍ വേണമെങ്കിലും നമുക്ക് അത് തെരഞ്ഞെടുക്കുവാന്‍ കഴിയും. അങ്ങനെ വിവരകൈമാറ്റത്തോടൊപ്പം വിവരശേഖരണവും ഇപ്പോള്‍ വെബ്സൈറ്റ് നിര്‍വ്വഹിക്കുന്നുണ്ട്. ചിത്രങ്ങളും വാര്‍ത്തകളും കാലഹരണപ്പെട്ടുപോകാതെ സൂക്ഷിക്കാന്‍ ഇതുമൂലം കഴിയും.
വിവരസാങ്കേതിക വിദ്യ അനുദിനം വളരുന്ന ഇക്കാലത്ത് സൈമണ്‍മാഷിന് പറയുവാനുളളത് ഇത്രമാമ്രം. 


  1. ഓരോ പ്രാവശ്യവും പള്ളിഓഫീസ് വൃത്തിയാക്കുമ്പോള്‍ കുറേ രേഖകള്‍ ആവശ്യമില്ലാതാകുകയും കത്തിച്ചുകളയുകയും ചെയ്യും. ഒരു നൂറ്റാണ്ടു മുമ്പത്തെ ചരിത്രമെന്ന് പറയുന്നത് അക്കാലത്തെ പള്ളി യോഗത്തിന്‍റെ തീരുമാനങ്ങളാണ്. അത്തരം ചരിത്രരേഖകള്‍ ഇനിയെ ങ്കിലും ഡിജറ്റലാക്കി സൂക്ഷിക്കാനും പൊതുജനങ്ങള്‍ക്കാവശ്യമായവ ലഭ്യമാക്കാനും ബാക്കി യുള്ള രേഖകള്‍ സ്വകാര്യമായി വെബ്സൈറ്റില്‍ സൂക്ഷിക്കുവാനും കഴിയണം. മുമ്പ് ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് ചുമരുകളില്‍ സൂക്ഷിച്ചിരുന്ന പതിവുണ്ടായിരുന്നു. പക്ഷേ കാലക്രമത്തില്‍ അത് നശിച്ചുപോകുക പതി വായിരുന്നു. പക്ഷേ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയും. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.


  2. പള്ളിയിലെ മുഴുവന്‍ ഇടവകാംഗങ്ങളുടെ വിവരങ്ങളും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്ത് ഓണ്‍ലൈന്‍ പാരിഷ് ഡയറക്ടറി ഉണ്ടാക്കി വെച്ചാല്‍ വരും തലമുറയ്ക്ക് ഉപയോഗപ്പെടും എന്നത് തീര്‍ച്ചയാണ്. വെബ്സൈറ്റിലൂടെ വഴിപാടുകളും സംഭാവനകളും പള്ളിക്ക് നല്‍കാനുള്ള സൗകര്യമൊരുക്കുന്ന പദ്ധതിയാണ് മറ്റൊന്ന്.

     [fquote] ലോകത്തിന്‍റെ ഏതു ഭാഗത്തിനിന്നും ഓണ്‍ലൈനായി പള്ളിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറാന്‍ ഉള്ള പദ്ധതിയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്[/fquote]  

    (കഴിഞ്ഞ 2 വര്‍ഷമായി സൈമണ്‍മാഷ് ഇതിനു പരിശ്രമിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഒരു പുതിയ അക്കൗണ്ട് തുടങ്ങുകയും ബാങ്കിലേക്ക് മുഴുവന്‍ രേഖകള്‍ ശരിയാക്കിനല്‍കിയെങ്കിലും പള്ളിക്ക് പിന് നമ്പര്  ഇല്ല എന്നകാരണം പറഞ്ഞ്  മുടങ്ങിയിരിക്കയാണ്. എറണാകുളം ഇന്‍കം ടാക്സ് ഓഫിസില്‍ നിന്നും അത് ലഭിച്ചാല്‍പള്ളിക്ക് ഓണ്‍ലൈനായി സംഭാവന സ്വീകരിക്കാന്‍ കഴിയും. ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയില്‍ ഒല്ലൂര്‍ പള്ളി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.)


  3.  മറ്റൊന്ന് ദിവസവും ഒരു ദിവ്യബലി തല്‍സമയം വെബ്സൈറ്റില്‍ നല്‍കുക എന്നതാണ്.  അതിന് ഭാരിച്ച ചെലവുകളില്ല. പക്ഷേ അത് ഓണാക്കാനും മറ്റും ദേവാലയ ശുശ്രൂഷികളെ പരിചയപ്പെടുത്തിയാല്‍ മതി.


വീണ്ടും തിരുനാള്‍ ദിനങ്ങള്‍ വരവായി. വെബ്സൈറ്റും ഓണ്‍ലൈനുമൊ ക്കെയായി ഓടിനടന്ന പഴയകാലത്തിന്‍റെ നല്ല ഓര്‍മ്മകള്‍ തിരയടിക്കുകയാണ്. ഇത്രയും കാലം ഒരു ചില്ലിക്കാശ്പോലും പ്രതിഫലം പറ്റാതെ വിശുദ്ധനെ മറ്റുളളവരിലേക്ക് പകരുവാന്‍ കഴിഞ്ഞതില്‍ മാഷിന് പൂര്‍ണ്ണസംതൃപ്തി യുണ്ട്. പാവറട്ടിഷ്റൈന്‍ഡോട്ട് കോം പളളിക്ക് പൂര്‍ണ്ണമായും വിട്ടു നല്‍കി സൈമണ്‍ മാഷ് പടിയിറങ്ങുകയാണ്. ക്രിയാത്മക ക്രൈസ്തവ യുവത്വത്തിന് മാതൃകയായി.