കാരുണ്യനിധി ക്കായ് കാരുണ്യ എക്‌സ്‌പോ


പാവറട്ടി തിരുനാളിനോടനുബന്ധിച്ച് സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ കാരുണ്യ എക്‌സ്‌പോ 2016 ഒരുക്കും. 


സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലുമായി സഹകരിച്ച് ജാതിമതഭേദമന്യേ നിര്‍ധനരായ രോഗികള്‍ക്കു സൗജന്യ ഡയാലിസിസ് പദ്ധതി , ഇടവക അതിര്‍ത്തിയിലുള്ള വീടില്ലാത്തവര്‍ക്കായി കാരുണ്യ ഭവന പദ്ധതി, വയോജനങ്ങള്‍ക്കായി പകല്‍വീട്, നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം, പാലിയേറ്റീവ് കെയര്‍ യൂണിറ്റും സൗജന്യ ചികിത്സാ സഹായവും ലഭ്യമാക്കല്‍ തുടങ്ങിയവയാണു തിരുനാളിനോടനുബന്ധിച്ചു തുടക്കം കുറിക്കുന്നത്.

തിരുനാള്‍ ദിവസങ്ങളായ 15, 16, 17, 18 തിയ്യതികളിലായി പള്ളി നടയില്‍ പ്രത്യേകം ഒരുക്കിയ ഗ്രൗണ്ടിലാണ് കാരുണ്യ എക്‌സ്‌പോ ഒരുക്കുന്നത്. ഫ്‌ളവര്‍ഷോ, പെറ്റ്‌ഷോ, വിന്‍ന്റേജ് കാര്‍ഷോ, അക്വാഷോ, ബോണ്‍സായ്‌ഷോ, വെജിറ്റബിള്‍ഷോ എന്നിവയാണ് കാരുണ്യ എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തുന്നത്. 

എക്‌സ്‌പോയില്‍ സ്റ്റാള്‍ ഒരുക്കുന്നതിനുള്ള സൗകര്യവും പള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സാന്‍ജോസ് കാരുണ്യ നിധി കണ്‍വീനര്‍മാരായ ഷാജന്‍, ജെയിംസ് സി. ആന്റണി, വി.സി. ജെയിംസ് എന്നിവര്‍  പറഞ്ഞു. കാരുണ്യ എക്‌സ്‌പോയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വ്വഹിച്ചു. സഹ. വികാരിമാരായ ഫാ. ഫിജോ ആലപ്പാടന്‍, ഫാ. സഞ്ജയ് തൈക്കാട്ടില്‍ ട്രസ്റ്റി ഇ.എല്‍. ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.