എ പ്ലസ് നേടിയവരെത്തേടി രാഷ്ട്രീയക്കാരുടെ നിലയ്ക്കാത്ത പ്രവാഹംഎസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് നേടിയവരെത്തേടി രാഷ്ട്രീയക്കാരുടെ നിലയ്ക്കാത്ത പ്രവാഹം. എല്ലാ വിഷയങ്ങളിലും എ പ്ലസ് ഇല്ലെങ്കിലും കുഴപ്പമില്ല, ഫോട്ടോ വാങ്ങിക്കൊണ്ടുപോകും. ഉന്നതവിജയം എന്നൊക്കെ എഴുതി ഫ്‌ലക്‌സും വെക്കും. താഴെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും.

വോട്ട് തേടിയുള്ള പ്രചാരണത്തിന് ഇതും ഒരു മാര്‍ഗ്ഗമാക്കുകയാണ് എല്ലാ കക്ഷികളും. കുട്ടികള്‍ക്ക് വോട്ടില്ലെങ്കിലും വീട്ടുകാരുടെ താത്പര്യം പിടിച്ചുപറ്റാം. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയിട്ടുള്ള കുടുംബസംഗമങ്ങളിലേക്ക് വിളിച്ച് വിദ്യാഭ്യാസ അവാര്‍ഡുകളും ട്രോഫികളും നേതാക്കന്മാരെക്കൊണ്ട് വിതരണം ചെയ്യിക്കും.

എന്തായാലും തിരഞ്ഞെടുപ്പ് കാലം ചാകരക്കാലമായിട്ടാണ് കുട്ടികളുടെ രക്ഷിതാക്കളും കരുതുന്നത്. തന്റെ കുട്ടിക്ക് എ പ്ലസ് ഉണ്ടെന്നും അവാര്‍ഡ് നല്‍കുന്നുണ്ടോ എന്നും ചോദിച്ച് മാതാപിതാക്കളുടെ ഫോണ്‍ വരുന്നുണ്ടെന്നാണ് പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ഭാരവാഹികള്‍ പറയുന്നത്.