പ്രകൃതികൃഷിയിലൂടെ വെള്ളം മാത്രം നല്‍കി പച്ചക്കറി വിളവെടുപ്പ്


 എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര വി.കെ.മോഹന്‍ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി വളം-കീടനാശിനി രഹിത പച്ചക്കറി വിളവെടുപ്പ് സമൂഹത്തിനു മാതൃകയായി.

പ്രകൃതികൃഷിയിലൂടെ വെള്ളം മാത്രം നല്‍കി പച്ചക്കറി വിളവെടുപ്പ് നടത്തിയത്. 

ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. വെള്ളരി, പാവക്ക, മത്തന്‍, കുമ്പളം, പടവലം, കുക്കുമ്പര്‍, ചെരക്ക, വെണ്ട, പയറ്, മരച്ചീനി, ചക്കരകിഴങ്ങ് എന്നീ പച്ചക്കറികളാണ് കൃഷിയിറക്കിയിരുന്നത്. ഒരു തരത്തിലുള്ള വളം ചേര്‍ക്കാതെയാണ് നൂറുമേനി വിളവെടുത്തത്.

സീറോ ബജറ്റ് നാച്ചറുല്‍ ഫാമിംഗിന്‍റെ ഭാഗമായി ഡോ. സുഭാഷ് പലേക്കറിന്‍റെ ക്ലാസില്‍ പങ്കെടുത്ത് പ്രചോദിതരായ കര്‍ഷക സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു കൃഷിരീതി അവലംബിച്ചത്.

കൃഷിഭവനുകള്‍ കെമിക്കല്‍ ഫാമിംഗിനെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് അതില്‍നിന്നും വ്യത്യസ്തമായി കൃഷിയിറക്കി നൂറുമേനി വിളവെടുത്തത്. കിസാന്‍സഭ മണലൂര്‍ മണ്ഡലം സെക്രട്ടറി എം.ആര്‍.മോഹനന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.സി. മോഹന്‍ അധ്യക്ഷനായിരുന്നു. കര്‍ഷകരായ ഷാജി കാക്കശേരി, കെ.കെ.കുമാരന്‍, സി.കെ. രമേഷ് എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലം ഒരുക്കിയും നവജീവന്‍ ബാലവേദി പ്രവര്‍ത്തകര്‍ വെള്ളം നല്‍കിയുമാണ് പ്രകൃതി പച്ചക്കറി കൃഷിയെ വിളവെടുപ്പിനായി ഒരുക്കിയത്.