മാതൃദിനത്തില്‍ യശോദമ്മയ്ക്ക് മക്കളായി

ആരോരുമില്ലാത്തൊരു അമ്മയെ മാതൃദിനത്തില്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു . 


ഭര്‍ത്താവും മക്കളുമൊന്നുമില്ലാത്ത തെക്കൂട്ട് യശോദയെ വലപ്പാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് ഏറ്റെടുത്തത്.

ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് യശോദമ്മയുടെ മുഴുവന്‍ ചെലവുകളും ഉത്തരവാദിത്വവുമാണ് എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്തത്. യൂണിറ്റിന് സ്വന്തമായി ഒരമ്മയെ കിട്ടിയ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.

മക്കളും സഹായവുമില്ലാതെ നിത്യവൃത്തിക്കു പോലും വീടുകളില്‍ അപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു യശോദ.യൂണിറ്റംഗമായ പൊനത്തില്‍ ശിവശങ്കരന്‍ മകള്‍ അഞ്ജലിയാണ് ഇക്കാര്യം യൂണിറ്റിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.