ഗവ. മഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ രക്തം നല്‍കാം; അത്താഴവും


ഗവ. മഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ രക്തദാനം മുതല്‍ മുടി ദാനം വരെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ട്. ആസ്​പത്രിയില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമുള്ള പല ഉപകരണങ്ങളും അവിടെ സംഭാവന ചെയ്യാം.


നല്‍കാം രക്തം

മെഡിക്കല്‍ കോളേജിലെ രക്തബാങ്കിന് ജീവനക്കാരുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും കുറവ് മൂലം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിയാറില്ല. ഇതുമൂലം രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പോലും രക്തം നല്‍കാന്‍ കഴിയാറില്ല. സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളുമെല്ലാം മെഡിക്കല്‍ കോളേജിലെത്തി രക്തം നല്‍കി സഹായിക്കുകയാണെങ്കില്‍ പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് ഉപകരിക്കും.ഹെയര്‍ ടു കെയര്‍

കാന്‍സര്‍ ചികിത്സമൂലം മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി വെച്ചു നല്‍കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പദ്ധതിയാണ് ഹെയര്‍ ടു കെയര്‍. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല. മുടി ദാനം നല്‍കിയും സാമ്പത്തികമായും ഈ പദ്ധതിയെ സഹായിക്കാം.


ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം

ആസ്​പത്രിയില്‍ ആകെയുള്ളത് ഒരു ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം മാത്രമാണ്. ഇതുമൂലംഎക്‌സ്‌റേ എടുക്കാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കണം. രാത്രിയും പകലും ഇടവേളകളില്ലാതെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. അമിത ഉപയോഗം മൂലം ഇത് നിശ്ചലമാകുന്നതും പതിവാണ്. ഒരു യന്ത്രം കൂടി സ്ഥാപിച്ചാല്‍ രോഗികളുടെ ദുരിതത്തിന് ശമനമാകും

അത്താഴം നല്‍കാം

സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന രോഗികള്‍ക്ക് വളരെ ആശ്വാസമാണ്. എന്നാല്‍, ഭൂരിഭാഗവും നടക്കുന്നത് പകല്‍ സമയത്തായതിനാല്‍ രാത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. രോഗികള്‍ക്ക് അത്താഴം വിതരണം ചെയ്ത് അവരെ സഹായിക്കാം.

വാര്‍ഡുകള്‍ നവീകരിക്കാം

മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ വാര്‍ഡുകളുടെ സ്ഥിതി വളരെ ശോച്യമാണ്. 17 ഓളം വാര്‍ഡുകളാണ് ഇവിടെയുള്ളത്. ശോച്യാവസ്ഥയിലുള്ള വാര്‍ഡുകള്‍ നവീകരിച്ച് രോഗികള്‍ക്ക് ആശ്വാസം നല്‍കാം.ചികിത്സാ സഹായ ഉപകരണങ്ങള്‍

രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഡ്രിപ്പ് സ്റ്റാന്‍ഡുകള്‍, ആവി പിടിക്കാന്‍ സഹായിക്കുന്ന യന്ത്രം എന്നിവ പേരിന് മാത്രമാണ് ഇവിടെയുള്ളത്. ഇത്തരം ഉപകരണങ്ങള്‍ നല്‍കി രോഗികളെ സഹായിക്കാം.

മെഡിക്കല്‍ കോളേജിന് ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രി സൂപ്രണ്ടുമായി ബന്ധപ്പെടുക. 


ഫോണ്‍: 0487 2206455.


# പ്രസാദ് താണിക്കുടം, www.mathrubhumi.com