വൈ ഫൈ ഒരുക്കി തൃശ്ശൂര്‍ നഗരം സ്മാര്‍ട്ട് ആവുന്നു.

അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമായ വൈ ഫൈ (വയര്‍ലെസ് ഫിഡെലിറ്റി) പൊതുജനങ്ങള്‍ക്ക് ഒരുക്കി തൃശ്ശൂര്‍ നഗരം സ്മാര്‍ട്ട് ആവുന്നു. 


ശനിയാഴ്ച മൂന്നിന് കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഏറെത്തിരക്കുള്ള ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തുടക്കത്തില്‍ ഹോട്ട് സ്‌പോട്ട് വഴി വൈ ഫൈ ഒരുക്കിയിട്ടുള്ളത്. നിലവില്‍ കോര്‍പ്പറേഷന്‍ പരിസരത്തെ എം.ഒ. റോഡിലും കോര്‍പ്പറേഷന്‍ ഓഫീസിലും സ്ഥാപിച്ച ട്രാ!ന്‍സ്‌പോണ്ടറുകളിലൂടെ ഈ സേവനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളെയും വൈ ഫൈ പരിധിയില്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ട്.

ജനങ്ങള്‍ക്കറിയേണ്ട ഇന്റര്‍നെറ്റ് പൊതുവിവരങ്ങള്‍ക്ക് പുറമേ സര്‍ക്കാരിലെയും മറ്റിതര മേഖലകളിലെയും സേവനങ്ങളെക്കുറിച്ച് എളുപ്പത്തില്‍ അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് പൊതുഇടങ്ങളിലും വൈ ഫൈ സംവിധാനം ഒരുക്കുന്നതിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.


അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള കാലുകളില്‍ സ്ഥാപിക്കുന്ന ഹോട്ട് സ്‌പോട്ടുകളില്‍നിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളില്‍ വരെ വൈ ഫൈ സേവനം ലഭിക്കും. സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍, റിലയന്‍സ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


photo : http://static.panoramio.com/