വിശപ്പടക്കാന്‍ സ്നേഹപ്പൊതിയുമായി ആക്ട്സ്

 
നഗരത്തിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതികള്‍ ആക്ട്സ് പ്രവര്‍ത്തകര്‍ സ്കൂളുകളില്‍നിന്നു ശേഖരിച്ച് വിശക്കുന്നവര്‍ക്കു വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്നേഹപ്പൊതി. സ്വരാജ് റൗണ്ടില്‍ പഴയ ജില്ലാ ആശുപത്രിക്കു മുമ്പിലാണ് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത്.

സ്നേഹപ്പൊതികളുടെ വിതരണോദ്ഘാടനം സാമൂഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ നിര്‍വഹിച്ചു.

അരണാട്ടുകര ഇന്‍ഫന്‍റ് ജീസസ് കോണ്‍വന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ശേഖരിച്ചുകൊണ്ടുവന്ന 60ഓളം ഭക്ഷണപ്പൊതികള്‍ തെരുവോരം മുരുകനു കൈമാറി. അധ്യാപകരായ സിസ്റ്റര്‍ ഇസബെല്‍, സിസ്റ്റര്‍ ആന്‍ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികളെത്തിയത്.

ആക്ട്സ് ജനറല്‍ സെക്രട്ടറിയും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ ആമുഖ പ്രഭാഷണം നടത്തി.
സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് ടി.എ. അബൂബക്കര്‍ അധ്യക്ഷനായി. ആക്ട്സിന്‍റെ തൃശൂര്‍ ബ്രാഞ്ച് രക്ഷാധികാരി ടി.എസ്. രംഗനാഥന്‍, പ്രസിഡന്‍റ് സി.എസ്. ധനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്നേഹപ്പൊതി പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സ്കൂളുകള്‍, സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, റസിഡന്‍റ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ആക്ട്സിന്‍റെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 2321500, 9037161099, 9349985290.