പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാള്‍ 16നും 17നും

പാലയൂർ മാർത്തോമ അതിരൂപത തീർഥകേന്ദ്രത്തിലെ ഈ വർഷത്തെ തർപ്പണ തിരുന്നാൾ 16 ,17 ( ശനി,ഞായർ ) തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും .


 ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ 18 ന് സമാപിക്കുമെന്ന് റെക്ടർ ഫാ ജോസ് പുന്നോലിപറമ്പിൽ , സഹവികാരി ഫാ ജസ്റ്റിൻ കൈതാരത്ത് , ജനറൽ കൺവീനർ ഷാജു ചെറുവത്തൂർ , പബ്‌ളിസിറ്റി കൺവീനർ ഇ എം ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

തിരുന്നാളിനോടനുബന്ധിച്ച് അരങ്ങേറ്റ മഹോൽസവവും കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രത്യേകാശീർവാദവും ,കുട്ടികളുടെ ആശീർവാദവും മോട്ടോർ വാഹനങ്ങളുടെ വെഞ്ചിരിപ്പും നടന്നുകഴിഞ്ഞു .സൈക്കിളുകളുടെയും , ഗുഡ്‌സ് വാഹനങ്ങളുടെയും വെഞ്ചിരിപ്പ് ബുധനാഴ്ച്ച ഉണ്ടായിരിക്കും .

നേത്യസ്ഥാനിയരുടെ തിരുന്നാൾ പരിപാടികൾ വ്യാഴാഴ്ച ആയിരിക്കും . വെള്ളിയാഴ്ച വൈകീട്ട് 5.15 ന്‌നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഒല്ലുർ ഫോറോന വികാരി ഫാ ജോൺ അയ്യങ്കാനയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് സി ഐ ശ്രീ എ ജെ ജോൺസൻ നിർവഹിക്കും . തുടർന്ന് വർണമഴയും കോമഡി ഷോയും നടക്കും .

തിരുന്നാൾ തലേദിവസമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അമ്പ് ,വള , ശൂലം എഴുന്നെള്ളിപ്പ് വീടുകളിൽ നടത്തു ന്നതാണ് . വൈകീട്ട് 5.15 ന് നടക്കുന്ന തിരുകർമ്മങ്ങൾക്കും കുടുതുറക്കൽ ശുശ്രൂഷയ്ക്കും ഇരങ്ങാലകുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖകാർമികനാകും .രതുടർന്ന് തിരിപ്രദക്ഷിണം, വർണമഴ . രാത്രി 10 ന് അമ്പ്,വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടർന്ന് വർണമഴ .

 തിരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി . 9.30 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ നോബി അമ്പൂക്കൻ മുഖ്യകാർമികനാകും .മേരിമാതാ മേജർ സെമിനാരി യിലെ പ്രഫസർ ഫാ ഫ്രാൻസീസ് ആളൂർ സന്ദേശം നൽകും .ഉച്ചകഴിഞ്ഞ് രണ്ടിന് തളിയകുളത്തിൽ സമൂഹ മാമോദീസ , നാലിന് ദിവ്യബലി തുടർന്ന് ജൂദൻകുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം . ഇടവക വൈദീകരായ ഫാ ഫ്രാൻസീസ് മുട്ടത്ത് , ഫാ ജോൺപോൾ ചെമ്മണ്ണൂർ എന്നിവർ കാർമികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുന്നാൾ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു .

 തിരുന്നാൾ ചെലവിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. 15,16,17 തിയ്യതികളിൽ അഞ്ചു സമയങ്ങളിൽ വർണമഴ ഒരുക്കുന്നുണ്ട് . പള്ളിയും പരിസരവും വൈദ്യുത ദീപങ്ങളാൽ വർണഭമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിക്കുന്നത് . മ്യുസിയത്തിൽ പ്രത്യേകമായി ഒരുക്കുന്ന ചരിത്ര പ്രദർശനവും തിരുന്നാൾ ദിവസങ്ങളിൽ നടക്കും.

വിശുദ്ധ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങൾ കാണുന്നതിനും പ്രത്യേക വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് . മാർതോമ തീർത്ഥജലവും വിശ്വാസികൾക്ക് ലഭ്യമാണ്. ട്രസ്റ്റി സി ഡി ലോറൻസ് , കൺവീനർമാരായ ജോസ് വടുക്കൂട്ട് , പി ജെ തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.