കിടപ്പാടമില്ലാത്ത സ്ത്രീകള്‍ 90 , രാപ്പാര്‍ക്കാന്‍ 'ശുഭരാത്രി' ഒരുങ്ങിതൃശൂര്‍ നഗരത്തില്‍ കിടപ്പാടമില്ലാതെ അലയുന്നതു യാചകരും വീട്ടുവേലക്കാരും പെറുക്കികളും അടക്കമുള്ള തൊണ്ണൂറോളം സ്ത്രീകള്‍. കിടപ്പാടമില്ലാത്ത ഇക്കൂട്ടര്‍ക്കു രാപ്പാര്‍ക്കാന്‍ 'ശുഭരാത്രി.' ഒരുങ്ങി

രാത്രി തലചായ്ക്കാന്‍ ഇടമില്ലാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അലയുന്ന സ്ത്രീകളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് താമസിപ്പിക്കുന്ന ഇവിടെ അത്താഴവും സൗജന്യമായി നല്‍കും. രാവിലെ ഇവരെ അതതു സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കുകയും ചെയ്യുന്നതാണു 'ശുഭരാത്രി' പദ്ധതി.

തോപ്പ് സ്റ്റേഡിയത്തിന് എതിര്‍വശത്താണു സ്ത്രീ സുരക്ഷാ പുനരധിവാസ മന്ദിരം ഒരുങ്ങിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബത്സേദ ചാരിറ്റബിള്‍ ട്രസ്റ്റാണ് 'ശുഭരാത്രി' പദ്ധതി നടപ്പാക്കുന്നത്.

 ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30 നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ വി. രതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു സബ് കളക്ടര്‍ ഹരിത വി. കുമാര്‍, ബത്സേദ മാനേജിംഗ് ട്രസ്റ്റി ത്രേസ്യ ഡയസ് അറിയിച്ചു.