മണലൂരിൽ ആധുനിക ക്രിമറ്റോറിയം ഇന്നു തുറക്കും


മണലൂർ ഗ്രാമപഞ്ചായത്തിന്റെ ആധുനിക ക്രിമറ്റോറിയം ഇന്നു തുറന്നു കൊടുക്കും. ശുചിത്വ മിഷൻ അനുവദിച്ച 38 ലക്ഷം രൂപ ചെലവഴിച്ചാണ് ആനക്കാട് മാലിന്യ സംസ്കരണ യൂണിറ്റിനോടു ചേർന്നു ക്രിമറ്റോറിയം സ്ഥാപിച്ചത്. 2003ൽ പഞ്ചായത്ത് നാലു ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ക്രിമറ്റോറിയം സ്ഥാപിച്ചെങ്കിലും സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ വീഴ്ച പറ്റിയതോടെ ഇവ അടച്ചുപൂട്ടുകയായിരുന്നു. ക്രിമറ്റോറിയം തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനായ എം.വി.അരുണിന്റെ നേതൃത്വത്തിൽ വകുപ്പു മന്ത്രിക്കും അധികൃതർക്കും ഒട്ടേറെ തവണ പരാതി നൽകിയിരുന്നു. 

മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.വിനോദൻ മുൻ കയ്യെടുത്താണു പുതിയ ക്രിമറ്റോറിയം സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണം പൂർത്തിയായെങ്കിലും കലക്ടറുടെ അനുമതി ലഭിക്കാൻ വൈകി. ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൽ 40 മിനിറ്റു കൊണ്ട് ഒരു മൃതദേഹം സംസ്കരിക്കാൻ സാധിക്കും. ഒരു ദിവസം അഞ്ചു മൃതദേഹങ്ങൾ വരെ സംസ്കരിക്കാൻ സൗകര്യമുണ്ട്. മണലൂർ, അന്തിക്കാട്, അരിമ്പൂർ, വെങ്കിടങ്ങ്, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലുള്ളവർക്കു 2500 രൂപയാണു സംസ്കാരം നടത്തുന്നതിനുള്ള ചെലവ്. മറ്റു പഞ്ചായത്തുകളിലുള്ളവർ 3000 രൂപ നൽകണം. മൃതദേഹം സംസ്കരിക്കാൻ കൊണ്ടു വരുമ്പോൾ വാർഡ് മെംബറുടെ സാക്ഷ്യപത്രവും മരണപ്പെട്ടയാളുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

photo/ news manorama