അപകടം ഒഴിവാക്കാന്‍ റോഡിലെ ഹമ്പുകളില്‍ അടയാളമിട്ട് വിദ്യാര്‍ത്ഥികള്‍


റോഡിലെ ഹമ്പുകളില്‍ അപകടം ഒഴിവാക്കുന്നതിനായി പാവറട്ടി  വെന്‍മേനാട് എ.എം.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടയാളമിട്ടു. സ്‌കൂളിന് സമീപമുള്ള ഹമ്പുകളില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ അപകടം പതിവായിരുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെട്ടിരുന്നത്.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനായാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അടയാളമിട്ടത്. സീറ്റ്‌ബെല്‍റ്റ് ധരിച്ചും ഹെല്‍മെറ്റ് ധരിച്ചും വാഹനങ്ങള്‍ ഓടിച്ചെത്തിയവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മധുരം നല്‍കുകയും നിയമം പാലിക്കാതെ എത്തിയവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്തു.

പാവറട്ടി എസ്.ഐ. എസ്. അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അബു വടക്കയില്‍, കെ. ദ്രൗപതി, പ്രധാനാധ്യാപിക സുമ തോമസ്, ഒ.എസ്.എ. പ്രസിഡന്റ് മുഹമ്മദ് സിംല, പി.ടി.എ. അംഗം മുഹമ്മദ് ഇക്ബാല്‍, അധ്യാപകരായ മേരി ജോണ്‍ സി, മുഹമ്മദ് സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.