ചക്ക പറിക്കാന്‍ ആളെ തേടേണ്ട 'ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ് മെഷീന്‍' ഉണ്ടല്ലോ


ചക്ക പറിക്കുമ്പോള്‍ നിലത്തുവീണ് ചതവു പറ്റുന്നതും കയര്‍ കെട്ടിയിറക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും പുതിയ കണ്ടുപിടിത്തം, ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ് മെഷീന്‍.

തൃശൂര്‍ തലക്കോട്ടുകര വിദ്യ എന്‍ജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ചക്കയിടാനുള്ള ഉപകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്ലാവിനു താഴെനിന്ന് അനായാസം പ്രവര്‍ത്തിപ്പിക്കാമെന്നതാണു ഉപകരണത്തിന്‍റെ പ്രത്യേകത. 

മിനി പ്രൊജക്ടിന്‍റെ ഭാഗമായി എ.വി. അഭിദേവ്, കെ.എ. അഭിനന്ദ്, പി.ജെ. അഭിനിഷ്, എ. അജീഷ്, അജില്‍ സി.അഭിമന്യു, ആമേഗ് കെ.സുബാഷ് എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണു യന്ത്രം വികസിപ്പിച്ചത്. പ്ലാവിന്‍റെ ചില്ലയില്‍ താഴെനിന്നു ഘടിപ്പിച്ച കട്ടര്‍ ഉപയോഗിച്ചു ചക്ക മുറിച്ച് ബാഗിലിട്ട് താഴെ ഇറക്കാവുന്ന രീതിയിലാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആയിരം രൂപയാണു യന്ത്രത്തിനു ചെലവു വരിക. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. ശൂലപാണി വാര്യരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പ്രഫ. കെ. ആയുഷ് ആണ് പ്രൊജക്ട് ഗൈഡ് ചെയ്തത്. കൃഷി വകുപ്പുമായി ചേര്‍ന്നു യന്ത്രത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.