പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുനാളിന് വര്‍ണാഭമായ തുടക്കം.
വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ചാവക്കാട് സി.ഐ. എ.ജെ. ജോണ്‍സണും വര്‍ണമഴയുടെ ഉദ്ഘാടനം ഒല്ലൂര്‍ ഫൊറോന വികാരി ഫാ. ജോണ്‍ അയ്യങ്കാനയിലും നിര്‍വഹിച്ചു. റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന് കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വൈകീട്ട് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍ അയ്യങ്കാനയില് മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അമ്പ്,വള,ശൂലം എഴുന്നെള്ളിപ്പ് വീടുകളില്‍ നടത്തു ന്നതാണ്. വൈകീട്ട് 5.15ന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കും കുടുതുറക്കല്‍ ശുശ്രൂഷയ്ക്കും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് തിരിപ്രദക്ഷിണം, വര്‍ണമഴ. രാത്രി 10ന് അമ്പ്, വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടര്‍ന്ന് വര്‍ണമഴ. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ. നോബി അമ്പൂക്കന് മുഖ്യകാര്‍മികനാകും. മേരിമാതാ മേജര്‍ സെമിനാരിയിലെ പ്രൊഫസര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് തളിയക്കുളത്തില്‍ സമൂഹ മാമോദീസ, നാലിന് ദിവ്യബലി തുടര്‍ന്ന് ജൂതന്‍കുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഇടവക വൈദികരായ ഫാ. ഫ്രാന്‍സിസ് മുട്ടത്ത്, ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുനാള്‍ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ തോമാശ്ളീഹയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാര്‍തോമ തീര്‍ത്ഥജലവും വിശ്വാസികള്‍ക്ക് ലഭ്യമാണ്. 'തര്‍പ്പണം 2016' സ്മരണികയും വിതരണത്തിനു തയ്യാറായി. ഖത്തര്‍ ബ്രദേഴ്സും യു.എ.ഇ. കൂട്ടായ്മയുമാണ് വൈദ്യുത ദീപാലാങ്കാരത്തിന്റെ മുഖ്യസ്പോണ്‍സര്‍മാര്‍
Post a Comment