സുഹൈൽ നീറ്റിലിറക്കി, സ്വന്തമായി നിർമിച്ച ബോട്ട്

പാവറട്ടി ∙ കയ്യിൽ കിട്ടിയ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചന്തമേറിയ പ്രവർത്തന മാതൃകകളും കരകൗശല വസ്തുക്കളും നിർമിക്കുകയാണ് വെന്മേനാട് കൈതമുക്ക് സ്വദേശി വൈശ്യം വീട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈൽ. വെന്മേനാട് എംഎഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ സുഹൈലിന്റെ കരവിരുതിൽ വിരിയുന്ന മാതൃകകൾ അതിശയിപ്പിക്കുന്നതാണ്. തെർമോക്കോൾ, മോട്ടോർ, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ബോട്ടാണ് ഏറ്റവും പുതിയത്.

ദൂരെ ഇരുന്ന് സ്വയം നിയന്ത്രിക്കാവുന്ന ബോട്ട് സുഹൈൽ സമീപത്തുള്ള പൊന്നാംകുളത്തിൽ നീറ്റിലിറക്കി. ബോട്ടിന്റെ പ്രവർത്തനം വീക്ഷിക്കാൻ പരിസരവാസികൾ കുളക്കരയിൽ തടിച്ചുകൂടി. പിവിസി പൈപ്പുകളുപയോഗിച്ച് നിർമിച്ച പുല്ലുവെട്ട് യന്ത്രവും സുഹൈലിന്റെ എൻജിനീയറിങ് പ്രതിഭ തെളിയിക്കുന്നതാണ്. കുഞ്ഞുനാളിൽ തുടങ്ങിയതാണ് സുഹൈലിന്റെ കരകൗശല ഭ്രമം. ആദ്യം വീട്ടുകാർ ഇത് കാര്യമായി എടുത്തില്ലെങ്കിലും കുട്ടിയുടെ കഴിവ് തിരിച്ചറി‍ഞ്ഞ മാതാപിതാക്കൾ ഇപ്പോൾ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. കഴി‍ഞ്ഞ തവണ സ്കൂൾ ശാസ്ത്രമേളയിൽ സുഹൈൽ നിർമിച്ച സ്റ്റേഡിയം വർക്ക് മോഡലിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.