ആര്‍ഭാടം ഒഴിവാക്കിയാല്‍ അനേകര്‍ക്കു പുതുജീവിതം നല്‍കാനാകും: മന്ത്രി


ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാല്‍ സമൂഹത്തിലെ അനേകര്‍ക്ക് പുതുജീവിതം നല്‍കാനാകുമെന്ന് സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിന് കീഴിലുള്ള പാരിഷ് ഹോസ്പിറ്റലില്‍ സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലിയേറ്റീവ് സാന്ത്വന പരിരക്ഷ പദ്ധതികള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കും. ബജറ്റില്‍ പ്രഖ്യാപിച്ച തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടില്‍ പാവറട്ടിയടക്കമുള്ള കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തും. വിപുലമായ ടൂറിസം മാപ്പ് തയാറാക്കും. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായിരുന്നു. മുരളി പെരുനെല്ലി എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ ജെയിംസ ആന്‍റണി, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍, വൈസ് പ്രസിഡന്‍റ് മിനി ലിയോ, തീര്‍ഥകേന്ദ്രം ട്രസ്റ്റി ജോബി ഡേവിസ്, ഇ.ഡി. ജോണ്‍, പി.ജെ. ബോബി, ഡോ. രഘുനാഥ്, സിസ്റ്റര്‍ അനിറ്റ, വി.കെ. ജോസഫ്, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഡോ. വിവേക് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സൗജന്യ ഡയാലിസിസ് സേവനം ആവശ്യമുള്ളവര്‍ തീര്‍ഥകേന്ദ്രം ഓഫീസില്‍നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കണം. ജാതിമത ഭേദമെന്യേ ആര്‍ക്കും സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാണമെന്ന് തീര്‍ഥകേന്ദ്രം അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഫോട്ടോ :  ദീപിക