തീർഥ കേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിന്റെ ഉറങ്ങുന്ന തിരുസ്വരൂപം പ്രതിഷ്ഠിച്ചു


പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിന്റെ ഉറങ്ങുന്ന തിരുസ്വരൂപം ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ച് പ്രതിഷ്ഠിച്ചു. വികാരി ഫാ. ജോൺസൺ അരിമ്പൂർ, ഫാ. അലക്സ് മരോട്ടിക്കൽ എന്നിവർ സഹകാർമികരായി. തുടർന്ന് ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഒട്ടേറെ വിശ്വാസികൾ പങ്കു കൊണ്ടു. തീർഥ കേന്ദ്രത്തിനുള്ളിൽ മദ്ബഹയ്ക്ക് മുന്നിലായി വലത് ഭാഗത്ത് പ്രത്യേകം രൂപക്കൂട് തയാറാക്കിയാണ് രൂപം പ്രതിഷ്ഠിച്ചത്.

ഫിലിപ്പീസിൽനിന്നും ഫാ. അലക്സ് മരോട്ടിക്കലാണ് ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം പാവറട്ടി തീർഥകേന്ദ്രത്തിലെത്തിച്ചത്.

ഫ്രാൻസിസ് മാർപാപ്പ ഫിലിപ്പീൻസ് സന്ദർശനത്തിനിടെ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം സംബന്ധിച്ച് അനുഭവ സാക്ഷ്യം നൽകിയിരുന്നു. ഈ സാക്ഷ്യമാണ് പാവറട്ടി തീർഥ കേന്ദ്രത്തിൽ തിരുസ്വരൂപം പ്രതിഷ്ഠിക്കാൻ പ്രേരണയായത്.

മാർപാപ്പയുടെ വാക്കുകൾ ഇംഗ്ലിഷിലും മലയാളത്തിലും എഴുതി രൂപക്കൂടിന് മുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് പ്രാർഥനകളും ആവശ്യങ്ങളും നിയോഗങ്ങളും എഴുതി തയാറാക്കി സമർപ്പിക്കാൻ രൂപത്തിന് താഴെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠ ചടങ്ങിന് അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി വാഴപ്പിള്ളി, ഫാ. ഷിജോ പൊട്ടത്തുപറമ്പിൽ, ഫാ. സഞ്ജയ് തൈക്കാട്ടിൽ, മാനേജിങ് ട്രസ്റ്റി ജോബി ഡേവിഡ്, ട്രസ്റ്റിമാരായ പി.ഐ.ഡേവിസ്, ഇ.എൽ.ജോയ്, സി.എ.സണ്ണി എന്നിവർ നേതൃത്വം നൽകി


photo vargheese pavaratty
.