പാവറട്ടി തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിന്റെ ഉറങ്ങുന്ന തിരുസ്വരൂപമെത്തി


പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ ഉറങ്ങുന്ന തിരുസ്വരൂപമെത്തി. ഫൈബറിൽ നിർമിച്ച 27 ഇഞ്ച് വലിപ്പമുള്ള തിരുസ്വരൂപം ഫിലിപ്പീൻസിൽ നിന്നു ഫാ. അലക്സ് മരോട്ടിക്കലാണ് പാവറട്ടി തീർഥകേന്ദ്രത്തിലെത്തിച്ചത്.

തിരുസ്വരൂപം 13ന് രാവിലെ ഏഴിന് ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ച് പ്രതിഷ്ഠിക്കും.

മദ്ബഹയ്ക്ക് മുന്നിലായി തേക്കു തടിയിൽ കൊത്തു പണികളോടു കൂടി രൂപക്കൂടൊരുക്കിയാണ് തിരുസ്വരൂപം പ്രതിഷ്ഠിക്കുക. ഫിലിപ്പീൻസ് സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ തന്റെ മുറിയിലുള്ള ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപത്തെ കുറിച്ച് പ്രസംഗിച്ചിരുന്നു. വിഷമങ്ങളും ആകുലതകളും ഒരു കഷണം പേപ്പറിൽ എഴുതി ഉറങ്ങുന്നതിനു മുമ്പായി ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപത്തിന്റെ തലയണയ്ക്കടിയിൽ വയ്ക്കുമെന്നും പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോഴേക്കും പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തെളിയുമെന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അനുഭവ സാക്ഷ്യം.


ഇതോടു കൂടിയാണ് ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപ6ത്തിന് പ്രസക്തി കൂടിയത്. കേരളത്തിൽ തൃപ്പൂണിത്തുറ ലത്തീൻ കത്തേ‌ാലിക്ക പള്ളിയിൽ മാത്രമാണ് ഇപ്പോൾ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപമുള്ളത്. പാവറട്ടിയിൽ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതിനൊപ്പം വിശ്വാസികൾക്ക് നിയോഗങ്ങളും പ്രാർഥനകളും തിരുസ്വരൂപത്തിന്റെ മുഖത്തിനരികിൽ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. ഫ്രാൻസിസ് മാർപാപ്പയുടെ അനുഭവ സാക്ഷ്യം ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവയ്ക്കുമെന്ന് വികാരി ഫാ. ജോൺസൺ അരിമ്പൂർ, മാനേജിങ് ട്രസ്റ്റി ജോബി ഡേവിസ് എന്നിവർ പറഞ്ഞു. "