ദുക്‌റാന ഊട്ടുതിരുനാളിന് പാലയൂരില്‍ കലവറയൊരുങ്ങി

ശനിയാഴ്ച രാവിലെ മുതല്‍ കലവറ സജീവമായിരുന്നു. ഇടവകയിലെ കുടുംബകൂട്ടായ്മകളിലെയും വിവിധ സംഘടനകളിലെയും അംഗങ്ങളായ സ്ത്രീകളാണ് ശനിയാഴ്ച ജോലികള്‍ ചെയ്തത്.


പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ മുതല്‍ കലവറ സജീവമായിരുന്നു. ഇടവകയിലെ കുടുംബകൂട്ടായ്മകളിലെയും വിവിധ സംഘടനകളിലെയും അംഗങ്ങളായ സ്ത്രീകളാണ് ശനിയാഴ്ച ജോലികള്‍ ചെയ്തത്.
അരലക്ഷത്തോളം പേര്‍ക്കുള്ള ഊട്ടാണ് ഞായറാഴ്ച വിളമ്പുന്നത്. പഴം, പായസം, പപ്പടം അടക്കമുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് പാചകവിദഗ്ധന്‍ ഒ.കെ.നാരായണന്‍ നായരാണ്. കാല്‍ നൂറ്റാണ്ടു പിന്നിട്ട ദുക്‌റാന ഊട്ട് ആദ്യവര്‍ഷം മുതല്‍ ഈ വര്‍ഷം വരെ ഒരുക്കിയത് ഇദ്ദേഹമാണ്.
ഞായറാഴ്ച രാവിലെ 9.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിഭവങ്ങള്‍ ആശീര്‍വദിക്കും. തുടര്‍ന്ന് നാലു കൗണ്ടറുകളിലായി വളന്റിയര്‍മാര്‍ ഭക്ഷണം വിളമ്പുമെ ന്ന് കണ്‍വീനര്‍ ടി.ജെ. ഷാജു അറിയിച്ചു. വൈകീട്ട് 4.30 വരെ സൗജന്യ ഊട്ട് തുടരും.

തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ കാര്‍മികത്വം വഹിക്കും. 9.15ന് തളിയകുളത്തില്‍നിന്ന് കൊടിയുമായുള്ള പ്രദക്ഷിണം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് തര്‍പ്പണ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിക്കും.
ഉച്ച കഴിഞ്ഞ് 2.30നും 4നും 5.15നും ദിവ്യബലി. വൈകിട്ട് ആറിന് തിരിപ്രദക്ഷിണവും നേര്‍ച്ച വിതരണവും നടക്കും. തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍ അറിയിച്ചു.