ടെറസിന്‍ മുകളിലെ മുന്തിരി വിപ്ലവം


ബംഗളൂരുവിലെ മുന്തിരി തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്നതുപോലെ വീട്ടിലെ ടെറസിന് മുകളില്‍ മുന്തിരി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗുരുവായൂര്‍ മേഴ്സി കോളജിലെ അധ്യാപികയായ രോഷ്നി. തന്‍റെ രണ്ടു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 85കുല മുന്തിരിയാണ് ടെറസിലെ തോട്ടത്തില്‍ ഉണ്ടായത്.

 രണ്ടു വര്‍ഷം മുമ്പാണ് മറ്റു കൃഷികള്‍ക്കൊപ്പം രോഷ്നി മുന്തിരി കൃഷിയും തുടങ്ങിയത്. ടെറസിന് താഴെ മണ്ണില്‍ കുഴിച്ചിട്ട് വള്ളി ടെറസിലേക്ക് പടര്‍ത്തിയാണ് കൃഷി ചെയ്തത്. മഴമറ ഉപയോഗിച്ചായിരുന്നു മുന്തിരിയെ പരിപാലിച്ചത്. മഴയും വെയിലുമേല്‍ക്കാതെ രണ്ടുവര്‍ഷത്തോളം പരിപാലിച്ചു. ചാണകപ്പൊടി മാത്രമായിരുന്നു വളമായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം പൂത്തെങ്കിലും വിരലിലെണ്ണാവുന്ന കുലകള്‍ മാത്രമാണുണ്ടായത്. ഇത്തവണ 50കുലകളാണ് വിളവെടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെയായി നല്‍കിയത്.

അഞ്ചു വര്‍ഷം മുമ്പ് ജൈവ പച്ചക്കറി കൃഷിയിലൂടെയാണ് ടെറസിന് മുകളിലെ കൃഷിയുടെ തുടക്കം. ഇപ്പോള്‍ പച്ചക്കറികള്‍ക്ക് പുറമെ മാതള നാരങ്ങ, മധുര നാരങ്ങ, മൂസംബി, വാഴ എന്നിവയും വിളയുന്നുണ്ട്. വീട്ടിലാവശ്യമുള്ളതും സുഹൃത്തുക്കള്‍ക്ക് നല്‍കാനുമുള്ള ജൈവ പച്ചക്കറികള്‍ ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. പൂക്കോട് മേഖലയിലെ മികച്ച കര്‍ഷക അവാര്‍ഡ് രോഷ്നിക്ക് ലഭിച്ചിട്ടുണ്ട്. കൃഷിയില്‍ സഹായത്തിന് ഭര്‍ത്താവ് മേഴ്സി കോളജിലെ പ്രിന്‍സിപ്പലായ സി.ടി. വിനോദിന്‍റെ പിന്തുണയും ഉണ്ട്. മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നതും വള്ളികളില്‍ മുന്തിരി പൂവിടുന്നതും വിടരുന്നതുമായ സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ് രോഷ്നിയും കുടുംബവും. മുന്തിരിത്തോട്ടം കാണാന്‍ ധാരാളം ആളുകളും എത്താറുണ്ട്.

 NEWS DEEPIKA