പാവറട്ടി മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു


ജനങ്ങളില്‍ ഭീതിപരത്തി പാവറട്ടി മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ചികിത്സതേടിയവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വെന്‍മേനാട് ആശാരിപ്പടിയില്‍ ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്.

ഗൃഹനാഥനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് സാധാരണ പനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. മനപ്പടിയിലും ഒരു യുവാവ് ചികിത്സതേടിയിരുന്നു. പാവറട്ടി, മനപ്പടി, വെന്‍മേനാട്, ആശാരിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് പനി പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂത്താടി നശീകരണവും ഇവയെ പുകച്ചുകളയുകയുമാണ് ചെയ്യുന്നത്. ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.