പാവറട്ടി സെന്റര്‍ റോഡിലെ സീബ്രാവരകള്‍ മാഞ്ഞു

പാവറട്ടി: തിരക്കേറിയ പാവറട്ടി സെന്റര്‍ റോഡിലെ സീബ്രാവരകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സ്റ്റാന്‍ഡ് കവാടത്തിനു സമീപമുള്ള റോഡിലെ സീബ്രാവരകളാണ് മാഞ്ഞത്. ഇതുമൂലം യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്നില്ല.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നുമില്ല. ഇതിനാല്‍ റോഡ് മുറിച്ചുകടക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ സമയം കാത്തുനില്‍ക്കേണ്ട ഗതികേടാണ്. പാവറട്ടി സെന്ററില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഈ റോഡ് മുറിച്ചുകടക്കാനും തരമില്ല.
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ലേശിക്കുന്നു.
കഴിഞ്ഞ ദിവസം സെന്റലിന്‍നിന്ന് അല്പം നീങ്ങി എസ്.ബി.ടി. ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പുതുമന സ്വദേശിനിയായ ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. രണ്ടുബാങ്കും എ.ടി.എം.സെന്ററും പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്തെ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.


http://www.mathrubhumi.com/