നിരോധിച്ച നോട്ടില്‍ നികുതിപ്പണം സ്വീകരിച്ചില്ല; പാവറട്ടി പഞ്ചായത്തില്‍ തര്‍ക്കം

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായി പാവറട്ടി പഞ്ചായത്തില്‍ നികുതി ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ക്കെത്തിയ പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. നോട്ടുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് തര്‍ക്കമുണ്ടായത്. ചിലര്‍ നികുതി കെട്ടാതെ മടങ്ങി.
നികുതി, നിരോധിച്ച നോട്ടില്‍ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടാണ് ജനം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഫ്രണ്ട് ഓഫീസില്‍ എത്തിയ നാട്ടുകാര്‍ നികുതിപ്പണം, നിരോധിച്ച നോട്ടില്‍ നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ഓഫീസില്‍ ബഹളവും തര്‍ക്കവുമായി.
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് 500ന്റെയും 1000ന്റെയും നോട്ടുകള്‍ സ്വീകരിച്ചാല്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ലെന്ന വസ്തുത നാട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പണം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ബാക്കി പണത്തിന് രസീതും എഴുതിനല്‍കി പ്രശ്‌നം പരിഹരിച്ചു.