പാവറട്ടിയില്‍ തെരുവുനായ്ക്കള്‍ കോഴികളെ കൊന്നു

മനപ്പടിയില്‍ തെരുവുനായ്ക്കള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാക്രാട്ട് റോഡില്‍ ചിറ്റിലപ്പിള്ളി പത്രോസ് ജോസിന്റെ വീട്ടിലെ ഇരുപതോളം വരുന്ന കോഴികളെയാണ് കൂടുപൊളിച്ച് കടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ശബ്ദംകേട്ട് സമീപവാസികളും വീട്ടുകാരും ഓടിയെത്തുമ്പോഴേക്കും കോഴികളെല്ലാം ചത്തു. ബാക്കിയുള്ളവയെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. ജോസ് ഉപജീവനമാര്‍ഗമായാണ് കോഴികളെ വളര്‍ത്തിയിരുന്നത്. മുമ്പും കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നിട്ടുണ്ട്.

ഏഴാം വാര്‍ഡിലുള്‍പ്പെട്ട മനപ്പടി, വി.ബി.എസ്. ഹാള്‍ പരിസരം, കക്രാട്ട്‌റോഡ് എന്നീ ഭാഗങ്ങളില്‍ തെരുവുനായ്ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.