എളവള്ളി ജലനിധി പദ്ധതി സമര്‍പ്പണം നാളെ

എളവള്ളി പഞ്ചായത്തിലെ ജലനിധി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച 2.30ന് താമരപ്പിള്ളി പൊന്നത്തുകുന്ന് പരിസരത്ത് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. പദ്ധതിച്ചെലവിന്റെ 75 ശതമാനം സര്‍ക്കാരും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. 12 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

എളവള്ളി പഞ്ചായത്തിലെ 407 പട്ടികജാതിക്കുടുംബങ്ങളടക്കം 3012 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വെള്ളം എത്തുന്നത്. 24 മണിക്കൂറും ഗുണഭോക്താവിന് കുടിവെള്ളം ലഭ്യമാകും. പഞ്ചായത്തിലെ 3012 ഗുണഭോക്താക്കള്‍ക്ക് ആളോഹരി 70 ലിറ്റര്‍ വെള്ളം ലഭിക്കുന്ന വിധത്തില്‍ 2045ല്‍ ഉണ്ടാകാവുന്ന ജനസംഖ്യയെ അടിസ്ഥാനമാക്കി 1.42 ദശലക്ഷം ലിറ്ററിന്റെ ശുദ്ധജലവിതരണ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പഞ്ചായത്തിലെ പട്ടികജാതിക്കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി പഞ്ചായത്ത് 500 ലിറ്ററിന്റെ ടാങ്കും നല്‍കുന്നുണ്ട്.

ഒരുമാസം ഒരുകുടുംബത്തിന് കുറഞ്ഞത് 5000 ലിറ്റര്‍ വെള്ളം 80 രൂപ നിരക്കില്‍ നല്‍കും. പിന്നീട് ഉപയോഗിക്കുന്ന 5000 ലിറ്റര്‍ വെള്ളത്തിന് ഒരുലിറ്ററിന് ഒരു പൈസ എന്ന നിരക്കില്‍ നല്‍കണം.പദ്ധതിക്കായി മുല്ലശ്ശേരി കൂമ്പുള്ളി കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കനാലിലെ കിണറില്‍നിന്ന് പമ്പുഹൗസ് വഴി എത്തിക്കുന്ന വെള്ളം പൂച്ചക്കുന്നിലെ ശുദ്ധീകരണശാലയിലെത്തിക്കും.

ഇതിനുശേഷം പൂച്ചക്കുന്നിലെ 3.75 ലക്ഷം ലിറ്റര്‍ ടാങ്കിലും വാക എ.കെ.ജി. കുന്നിലെ ഒരുലക്ഷം ലിറ്റര്‍ ടാങ്കിലുമെത്തിക്കും. ഈ രണ്ട് ജലസംഭരണികളില്‍നിന്നാണ് 133 കിലോമീറ്റര്‍ നീളത്തില്‍ വിതരണശൃംഖല തീര്‍ത്ത് വെള്ളമെത്തിക്കുന്നത്.

ജലനിധിപദ്ധതിയുടെ ശുദ്ധജല വിതരണത്തിന്റെ ട്രയല്‍ റണ്‍ നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റിന്റെ ചുമതലയുള്ള ടി.സി. മോഹനന്‍, എസ്.എല്‍.സി. സെക്രട്ടറി പി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു.
2012 ലാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന അവാര്‍ഡ് എന്ന സംഘടനയുടെ സഹായത്തോടെയാണ് പ്രാവര്‍ത്തികമാക്കിയത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍, പി.കെ. സുലൈമാന്‍, വര്‍ഗ്ഗീസ് പുതുശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.by mathrubhumi