പറമ്പന്‍തളി ഷഷ്ഠിയാഘോഷം തുടങ്ങി

ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കാര്‍


മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവക്ഷേത്രത്തിലെ ഷഷ്ഠിയാഘോഷം തുടങ്ങി. വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമപ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ഷഷ്ഠി ആഘോഷദിവസമായ ഞായറാഴ്ച രാവിലെ നാലിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യം, മലര്‍നിവേദ്യം, ഉഷഃപൂജ, 6.30 മുതല്‍ 11.30 വരെ അഭിഷേകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി താമരപ്പിള്ളി ദാേമാദരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.


ഷഷ്ഠി വര്‍ണ്ണാഭമാക്കാന്‍ 28 ദേശക്കമ്മിറ്റിക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി എന്നീ പഞ്ചായത്തുകളിലെ വിവിധ ആഘോഷകമ്മിറ്റികളാണ് ഇവര്‍. ശൂലങ്ങളും വ്യത്യസ്തമായ കാവടി സെറ്റുകളാണ് ഇത്തവണയും ഓരോ കമ്മിറ്റിക്കാരും ഒരുക്കിയിട്ടുള്ളത്.
25 കാവടി സെറ്റുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ഉച്ചയ്ക്ക് രണ്ടോടെ വെന്‍മേനാട് കമ്മിറ്റിയുടെ കാവടി ആദ്യം ക്ഷേത്രത്തിലെത്തും. 

തുടര്‍ന്ന് പാവറട്ടി വിളക്കാട്ടുപാടം, കോര്‍ളി പടിഞ്ഞാറ് നട കമ്മിറ്റി, ശക്തിവേല്‍ കമ്മിറ്റി, അമ്പലനട, ആഞ്ജനേയപുരം, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരംകുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്രനെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ചന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, കണ്ണോത്ത് സെന്റര്‍ എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലിലെത്തും.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ക്ഷേത്രനടയില്‍ എത്തും. യുവചേതന, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പസ്വാമി ക്ഷേത്രം, ഗുരുജിനഗര്‍, കിഴക്കുമുറി എന്നീ ആഘോഷകമ്മിറ്റികളുടെ കാവടികള്‍ പന്തലില്‍ എത്താതെ നേരിട്ട് ക്ഷേത്രത്തിലെത്തും.  രാത്രി ഒമ്പതോടെ ആഘോഷങ്ങള്‍ സമാപിക്കും.