വെടിക്കെട്ട് വേണം; കേന്ദ്രസംഘത്തിന് മുമ്പാകെ വാദിച്ച് തൃശ്ശൂര്‍

ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങള്‍ക്കും പെരുന്നാളിനും പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് കേന്ദ്രസംഘത്തിന് മുമ്പാകെ ശക്തമായ ആവശ്യം. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് ആരാധനാലയ ഭാരവാഹികള്‍,പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് തെളിവെടുപ്പിനെത്തിയ കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ തൃശ്ശൂരിലേതടക്കം പൂരസംഘാടകരും പള്ളികളുടെ പ്രതിനിധികളുമാണ് ഇക്കാര്യം ഉന്നയിച്ചത്. നിയന്ത്രണങ്ങള്‍ പാലിച്ചും സുരക്ഷ ഉറപ്പാക്കിയും നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു.

പരമ്പരാഗതമായി നടത്തുന്ന ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആചാരമാണ്.അത് നിരോധിക്കുകയല്ല വേണ്ടത്. വഴിപാടായാണ് മിക്കവരും ഇതിനെ കാണുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലം അണുവിമുക്തമാവുന്ന തരത്തില്‍ ശുദ്ധീകരണം നടക്കുന്നതായും വിനോദ സഞ്ചാരരംഗത്തും വെടിക്കെട്ടിന് പ്രസക്തി ഉണ്ടെന്നും അവര്‍ വാദിച്ചു. വെടിക്കെട്ട് സമാഗ്രികളുടെ നിര്‍മ്മാണത്തിനും പൊട്ടിക്കുന്നതിനുമൊക്കെ അനുമതി കിട്ടാന്‍ ഏക ജാലക സംവിധാനം വേണമെന്നതായിരുന്നു മറ്റൊരാവശ്യം. നിലവില്‍ അനുമതി ലഭിക്കാന്‍ പല ഓഫീസുകളിലും കയറിയിറങ്ങേണ്ടിവരുന്നതായി ദേവസ്വം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതെ പടക്കങ്ങള്‍ നിര്‍മ്മിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി വെടിക്കെട്ട് നടക്കുന്നുണ്ട്.പുറ്റിങ്ങല്‍ ഒഴിച്ച് മറ്റിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ല.തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന സമയം പുലര്‍ച്ചെ മൂന്നുമുതല്‍ അഞ്ചുമണിവരെയാണ്. നിയമാനുസൃത ഇളവുതേടിയാണ് പൂരം വെടിക്കെട്ടു നടക്കുന്നത്.തെളിവുകള്‍ സംഘാടകര്‍ നിരത്തി.

നിലവിലുള്ള വെടിക്കെട്ട് നിയമപരമാക്കണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി ആവശ്യപ്പട്ടു.ഇപ്പോള്‍ കനത്ത സുരക്ഷയിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്നത്. നിര്‍ദ്ദേശിച്ചാല്‍ ഇനിയും സുരക്ഷ കൂട്ടാം.15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനാണ് നിലവില്‍ അനുമതി.ഈ അളവ് കൂട്ടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിരോധനം പരിഹാരമല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ചൂണ്ടിക്കാട്ടി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിസെക്രട്ടറി എം.ശിവദാസും തിരുവില്വാമല തലക്കോട്ടുകാവ് ദേശത്തിന് വേണ്ട്ിയെത്തിയ രാജ്കുമാറും പറഞ്ഞു. തെളിവ് നല്‍കാനെത്തിയ പൂരപ്രേമിസംഘമടക്കമുള്ളവര്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ അവതരിപ്പിച്ചു.

കാഞ്ഞൂര്‍ സെന്റ്‌ഫൊറേന ചര്‍ച്ചിലെ വികാരി ഫാ.ഏഞ്ചലോ ചക്കാനത്ത്,പാവറട്ടി സെന്റെ ജോസഫ്‌സ് ചര്‍ച്ച് ട്രസ്റ്റി ഇ.ജെ.ടി.ദാസ്,ഉത്രാളിക്കാവ് പൂരം കമ്മിറ്റിയിലെ ടി.ജി.അശോകന്‍,നടക്കാവ് ക്ഷേത്ര പ്രതിനിധി അജയന്‍ ഒ.ബി, ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര,വെടിക്കെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് സി.ആര്‍ നാരായണന്‍കുട്ടി, കേരളാേേ ക്ഷത്രകാര്യസംഘ് സെക്രട്ടറി വി.വാസുദേവന്‍ തുടങ്ങിയവരും നേരിട്ട് തെളിവ് നല്‍കി. മറ്റുള്ളവര്‍ രേഖാമൂലവും.വെടിക്കെട്ടിനെ എതിര്‍ത്തുള്ള ഏതാനും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാതാക്കളുമായി പ്രത്യക ചര്‍ച്ചയും നടത്തി.

സ്‌ഫോടക വസ്തുവിഭാഗം ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഷാഹു(നാഗ്പൂര്‍),ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍മാരായ കുല്‍ക്കര്‍ണി(എറണാകുളം),കെ.സുന്ദരേശന്‍(ശിവകാശി) എന്നിരായിരുന്നു കേന്ദ്ര സംഘത്തിലുള്ള മറ്റംഗങ്ങള്‍.എ.ഡി.എം സി.കെ.അനന്തകൃഷ്ണനും സിറ്റിപോലീസ് കമ്മീഷണര്‍ ടി.നാരായണനും ജില്ലാ അസൂത്രണഭവനില്‍ നടന്ന തളിവെടുപ്പില്‍ സംബന്ധിച്ചു.


റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍-ഷൈലേന്ദ്രസിങ്


തൃശ്ശൂര്‍: വെടിക്കെട്ട് സംബന്ധിച്ച തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി ആദ്യം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ് പറഞ്ഞു.ചൊവ്വാഴ്ച പാലക്കാട്ടും തെളിവെടുപ്പുണ്ട്. വിശദമായ പഠനത്തിന് ശേഷമേ റിപ്പോര്‍ട്ട് നല്‍കൂ.ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാവില്ല.

ആരുടെ പ്രീതിക്കാണ് ആരാധനാലയങ്ങളില്‍ അനധികൃത വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തെളിവെടുപ്പിനിടെ ചോദിച്ചു.ലൈസന്‍സ് നിബന്ധനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു ഈ പരാമര്‍ശം.

മിക്കപ്പോഴും ലൈസന്‍സില്ലാതെയും വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്നതായി തെളിവ് നല്‍കാനെത്തിയവര്‍ ചൂണ്ടിക്കാട്ടി.ടൂറിസ്റ്റുകളടക്കമുളളവര്‍ക്ക് ആകര്‍ഷകമായ ഇനമാണ് വെടിക്കെട്ടെന്ന് വെടിക്കെട്ട് വിദഗ്ധന്‍ പി.ശശിധരന്‍ നിവേദനത്തില്‍ പറഞ്ഞു.വെടിക്കെട്ടിന് എതിരല്ലെന്ന് പറഞ്ഞ് പൊതു പ്രവര്‍ത്തകനായ വിനോദ് എതിര്‍ വാദങ്ങള്‍ നിരത്തി.ക്ഷേത്ര-പളളി ഭാരവാഹികളടക്കം മുന്നോറോളം പേര്‍ജില്ലാ ആസൂത്രണഭവനില്‍ തെളിവെടുപ്പിനെത്തി.
തൃശൂര്‍ പൂരം ആചാരപരമായ കാര്യമാണെന്നും അതിനു വഴിയൊരുക്കണമെന്നുമാവശ്യപ്പെട്ടും ദേവസ്വം ഭാരവാഹികള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേക സമിതിയെ തെളിവെടുപ്പിനു നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പൂരത്തിന് നിര്‍ണായകമാണ്.

http://www.mathrubhumi.com/