റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുന്നംകുളത്ത് ചൊവ്വാഴ്ച തുടക്കമാകും.


ഇനി അഞ്ചുനാള്‍ കൗമാര മനസ്സുകളുടെ തുടിപ്പറിയാന്‍ കലാസ്വാദകരുടെ കണ്ണും കാതും അച്ചടിയുടെ നാട്ടിലേക്ക്.
കലയെയും കലാകാരന്മാരെയും മനസ്സറിഞ്ഞ് പിന്തുണച്ച കുന്നംകുളത്തിന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ലെന്നത് തെളിയിക്കുന്നതായി കലോത്സവത്തിനായി ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതുപ്രതിഭകള്‍ 15 വേദികളിലായി മാറ്റുരയ്ക്കും.

കലോത്സവത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ റോഡിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി പതാക ഉയര്‍ത്തും. ഘോഷയാത്ര ജവഹര്‍ സ്‌ക്വയറില്‍നിന്ന് 2.30ന് ആരംഭിക്കും. സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി. അധ്യക്ഷനാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ ദിനമായ ചൊവ്വാഴ്ച യുവസര്‍ഗശേഷിയുടെ വസന്തമാണ് വേദികളില്‍ വിരിയുക. 600 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രചനാ മത്സരങ്ങള്‍ക്ക് 30 മുറികള്‍ ഒരുക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസില്‍ ജനറല്‍ വിഭാഗം രചനാ മത്സരങ്ങള്‍. സംസ്‌കൃതോത്സവത്തിലെ രചനാ മത്സരങ്ങള്‍ ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂളിലും അറബിക് കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ ഗുരുവായൂര്‍ റോഡിലെ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലും നടക്കും.

സീനിയര്‍ ഗ്രൗണ്ടില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ബാന്‍ഡ് മേള മത്സരവും ഉണ്ടാകും. രണ്ടാംദിനമായ ബുധനാഴ്ച വേദികള്‍ ഉണരും. 15 വേദികളിലായി 7500 ഓളം വിദ്യാര്‍ഥികള്‍ കലാസ്വാദകര്‍ക്കായി അണിനിരക്കും.

മന്ത്രി എ.സി. മൊയ്തീന്റെയും സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എന്‍. ജയദേവന്‍ എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്യും.