മരുതയൂര്‍ ചന്ദനക്കുടം നേര്‍ച്ച; താബൂത്ത് കാഴ്ച ഇന്ന്‌പാവറട്ടി: മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ മീനാത്ത് അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ഓര്‍മയ്ക്കായുള്ള ചന്ദനക്കുടം നേര്‍ച്ചയുടെ താബൂത്ത് കാഴ്ച ശനിയാഴ്ച ഇറങ്ങും. രാവിലെ പത്തോടെ നട്ടാണിപ്പറമ്പ് വി.എം. ബക്കറിന്റെ വസതിയില്‍നിന്നാണ് താബൂത്ത് കാഴ്ച പുറപ്പെടുന്നത്.
കാഴ്ച ജാറം അങ്കണത്തിലെത്തിയാല്‍ പട്ട് സമര്‍പ്പിക്കും.

 വൈകീട്ട് ചുക്കുബസാര്‍ എസെഡ്, ബിക്‌സ് വെന്മേനാട്, ബോക്ക് കാശ്മീര്‍റോഡ്, ലാസിയോണ്‍ കൂരിക്കാട്, കോന്നന്‍ ബസാര്‍ എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തും.

പ്രധാന ദിവസമായ ഞായറാഴ്ച ഒമ്പത് നാട്ടുകാഴ്ചകളും വീട്ടുകാഴ്ചകളും കവല സെന്ററില്‍ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാറം അങ്കണത്തിലെത്തി ഒരുമണിയോടെ കൊടിയേറ്റ് നടക്കും.
ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തുന്ന കാഴ്ച ജാറംവക കൊടിയേറ്റും. തുടര്‍ന്ന് മറ്റു കാഴ്ചകള്‍ കൊടിയേറ്റ് നടത്തും. മൗലീദ് പാരായണം, കൂട്ടസിയാറത്ത്, ചക്കരക്കഞ്ഞി വിതരണം എന്നിവയുണ്ടാകും.
വൈകീട്ട് വെന്മേനാട് ഫയര്‍ ബ്രാന്‍ഡ്, ഏബിള്‍ ബോയ്‌സ് പള്ളത്ത്പറമ്പ്, എസ്.ബി.കെ. കവല, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്ലാസ്റ്റ് വെള്ളായിപ്പറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളിയിലെത്തും. പുലര്‍ച്ചെ മൂന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.