ചാവക്കാട് താലൂക്കാസ്​പത്രിയില്‍ 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനം

ചാവക്കാട് താലൂക്കാസ്​പത്രിയില്‍ 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിന്റെ സേവനമുണ്ടായിരിക്കുമെന്ന് സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

താലൂക്കാസ്​പത്രിയില്‍ ഇപ്പോള്‍ രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ലഭിക്കുന്നുണ്ട്. ഗര്‍ഭനിര്‍ണയം മുതല്‍ പ്രസവം വരെയുള്ള എല്ലാ ചികിത്സകളും ടെസ്റ്റുകളും സീസേറിയന്‍ എന്നിവയും സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. ഗര്‍ഭിണികള്‍ക്ക് പ്രസവ ദിവസം മുതല്‍ ആസ്​പത്രി വിടും വരെ സൗജന്യഭക്ഷണവും നല്‍കുന്നു.

ആസ്​പത്രിയില്‍നിന്ന് പോകുമ്പോള്‍ യാത്രാച്ചെലവിനായി 500 രൂപയും നല്‍കുന്നുണ്ടെന്ന് ഡോ. മിനിമോള്‍ അറിയിച്ചു. ജനനീ സുരക്ഷാ യോജന (ജെ.എസ്.വൈ.) പദ്ധതിപ്രകാരം പ്രസവാനുകൂല്യമായി 600 രൂപ വേറെയും നല്‍കുന്നുണ്ട്.

18 വയസ്സുവരെ കുട്ടികള്‍ക്ക് എല്ലാ ചികിത്സയും ടെസ്റ്റുകളും ആരോഗ്യ കിരണം ആര്‍.ബി.എസ്.കെ. പദ്ധതി വഴി സൗജന്യമായി നല്‍കുന്നുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ വഴി എല്ലാ മാസവും ഒമ്പതിന് ഗര്‍ഭിണികള്‍ക്ക് പ്രത്യേകം ക്ലിനിക്കുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സ്ത്രീരോഗ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.