ഐഫോണിനെ വെല്ലാൻ ഷവോമി എംഐ6


കുറഞ്ഞകാലം കൊണ്ട് ഇന്ത്യക്കാരുടെ ഇഷ്ട മൊബൈൽ ബ്രാൻഡായ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എംഐ6 (Mi6) വിപണിയിൽ. നല്ല ഹാര്‍ഡ്‌വെയറും പ്രകടനവും നിലനിർത്തി കീശയിലൊതുങ്ങുന്ന കാശിന് സ്മാര്‍ട്ഫോണ്‍ വിൽക്കുന്നതാണ് ഷവോമിയുടെ ജനപ്രീതിക്കു പിന്നിൽ. ഈ സ്നേഹം ആശിച്ചുതന്നെയാണ് Mi സീരിസിലെ പുതിയ പ്രീമിയം അംഗത്തെ ഷവോമി അവതരിപ്പിച്ചത്. മറ്റ് മൊബൈൽ ബ്രാൻഡുകൾക്ക് കനത്ത മത്സരമാണ് ഷവോമിയിൽ നിന്നു നേരിടേണ്ടി വരികയെന്ന് ചുരുക്കം.

ആരാധകരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ബെയ്ജിംങിലാണ് ഷവോമി പുത്തൻ മോഡൽ അവതരിപ്പിച്ചത്. പ്രീമിയം ത്രീഡി ഗ്ലാസ് ഡിസൈൻ, സ്നാപ്ഡ്രാഗൺ 835 പ്രൊസസർ, 6 ജിബി റാം, മുൻ–പിൻ ക്യാമറകൾ തുടങ്ങിയവയാണ് ഈ മോഡലിനെപ്പറ്റി കമ്പനി ഊന്നിപ്പറഞ്ഞത്. പുതിയ ഫോൺ ഏപ്രിൽ 28 മുതൽ വിൽപന തുടങ്ങും.

∙ ഡ്യുവൽ ക്യാമറ, ത്രീഡി ഗ്ലാസ്


ഏറ്റവും പുതിയതരം ഒക്ട–കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രൊസസറാണ് ഫോണിന്റേത്. 6 ജിബിയാണ് റാം. മികച്ച ഗ്രാഫിക്സ് പ്രകടനത്തിന് ഇത് ധാരാളം. ഐഫോൺ 7, ഗ്യാലക്സി എസ്8 എന്നിവയേക്കാൾ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഷവോമി എംഐ6ന് സാധിക്കുമെന്ന് ഷവോമി സ്ഥാപകനും സിഇഒയുമായ ലീ ജുൻ പറഞ്ഞത് വെറുംവാക്കല്ലെന്ന് ഉറപ്പിക്കാം. ഫുൾ എച്ച്ഡി (1080x1920 പിക്സൽ) ഡിസ്പ്ലേ. 5.15 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. 1 മുതൽ 600 വരെ നിറ്റ് തീവ്രതയിൽ ക്രമീകരിക്കാവുന്ന ബ്രൈറ്റ്നസ് കണ്ണിന്റെ അസ്വസ്ഥതകൾ ശമിപ്പിക്കും.

ത്രീഡി ഗ്ലാസാണ് ഫോണിന്റെ പ്രീമിയം ലുക്കിന് പ്രധാനഘടകം. വശങ്ങളിൽ സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഹെഡ്ഫോൺ, യുഎസ്ബി പോർട്ട് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്. പ്രീമിയം വാച്ചു പോലെ സൂക്ഷ്മതയിലും പൂർണതയിലുമാണ് ഫോണിന്റെയും ഡിസൈൻ. പിൻഭാഗത്ത് ഡ്യുവൽ ക്യാമറയാണ് മറ്റൊരു സവിശേഷത. 12 മെഗാപിക്സലാണ് റെസല്യൂഷൻ. പിന്നിലുള്ള ക്യാമറകളിലൊന്ന് വൈഡ് ആംഗിളും മറ്റൊന്ന് ടെലിഫോട്ടോ ലെൻസുമാണ്. ഐഫോൺ 7 പ്ലസിന്റേതിന് സമാനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്യാമറകളുടെ പ്രത്യേകത ഇനിയുമുണ്ട്. എത്ര സൂം ചെയ്താലും പൊട്ടിപ്പോകാത്ത ചിത്രങ്ങളാണ് കിട്ടുക. ബൈനോകുലർ സ്റ്റീരിയോസ്കോപിക് വിഷൻ ഉള്ളതിനാൽ ചിത്രങ്ങളുടെ കൃത്യതയും ആഴവും അപാരമായിരിക്കും. സെൽഫി ക്യാമറയും മികച്ചതാണ്. എട്ട് മെഗാപിക്സൽ ക്യാമറ. ഫെയ്സ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ആന്റി ഷേക്ക് സംവിധാനങ്ങൾ ഉള്ളതിനാൽ സെൽഫി ചിത്രം മങ്ങി പോകുമെന്ന പേടി വേണ്ട. സെക്കൻഡിൽ 30 ഫ്രെയിം വീതം ഫുൾ എച്ച്ഡി വിഡിയോ എടുക്കാം. 2G മുതൽ 4G+ നെറ്റ്‍വർക്കിൽ വരെ പ്രവർത്തിക്കും. 600 എംബിയാണ് ഡൗൺലോഡിംഗ് സ്പീഡ്. അപ്‍ലോഡിംഗിനാക‍ട്ടെ സെക്കൻഡിൽ 100 എംബിയും. 3350 എംഎഎച്ചാണ് ബാറ്ററി ശേഷി.


∙ വേരിയന്റുകളും വിലയും

മൂന്ന് വേരിയന്റുകളിലാണ് ഷവോമി എംഐ6 ലഭ്യമാകുക. 64 ജിബി സ്റ്റോറേജ്, 6 ജിബി റാം എന്നിവയുള്ള വേരിയന്റിന് ഏകദേശം 23,500 രൂപയാണ്. 128 ജിബി സ്റ്റോറേജ്, 6 ജിബി റാം എന്നിവയുള്ളതിന് 27,000 രൂപ. കറുപ്പ്, വെളുപ്പ്, നീല നിറങ്ങൾ തിരഞ്ഞെടുക്കാം. എംഐ6 സെറാമിക് എന്നാണ് മൂന്നാമത്തെ വേരിയന്റിന്റെ പേര്. സെറാമിക് ബോഡിയാണ്. പിന്നിൽ 18 കാരറ്റ് സ്വർണംപൂശിയ ക്യാമറ റിം. 128 ജിബി സ്റ്റോറേജ്, 6 ജിബി റാം. കറുപ്പ് നിറത്തിലുള്ള ഈ കിടുക്കൻ മോഡലിന്റെ വില 28,000 രൂപ.


Source