നേര്‍ച്ച ഊട്ടിനായി കലവറ ഒരുക്കം തുടങ്ങി

പാവറട്ടി: നേര്‍ച്ചയൂട്ടിന്റെ കലവറ ഒരുക്കം തുടങ്ങി. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. ഊട്ടിലെ പ്രധാന ഇനമായ ചെത്തുമാങ്ങ അച്ചാറിനായി 2800 കിലോ മാങ്ങ അമ്മമാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ചെത്തി തയ്യാറാക്കി.

വികാരി ഫാ. ജോസഫ് പൂവ്വത്തൂരിന്റെ കാര്‍മികത്വത്തില്‍ ആശീര്‍വാദത്തിന് ശേഷമാണ് കലവറ ഒരുക്കം തുടങ്ങിയത്. 250 ചാക്ക് അരി, ഏഴ് ടണ്‍ കിലോ പച്ചക്കറി തുടങ്ങിയ വിഭവങ്ങള്‍ കലവറയിലെത്തി. ചോറ്, സാമ്പാര്‍, ഉപ്പേരി, ചെത്തുമാങ്ങ അച്ചാര്‍ എന്നിവയാണ് നേര്‍ച്ച ഊട്ടില്‍ വിളുന്നതെന്ന് കണ്‍വീനര്‍ സേവ്യര്‍ അറയ്ക്കല്‍ പറഞ്ഞു.

മണിക്കൂറില്‍ ആയിരം കിലോ അരി കഴുകി വൃത്തിയാക്കി എടുക്കാവുന്ന യന്ത്രവും ഒരേ സമയം എട്ട് ചാക്ക് അരി ആവിയില്‍ പാകം ചെയ്യുന്നതിനുള്ള മൂന്ന് സ്റ്റീമര്‍ സംവിധാനവും കലവറയില്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യപൂജയ്ക്ക് ശേഷം ആശീര്‍വദിച്ച് നേര്‍ച്ച ഊട്ട് തുടങ്ങും. തുടര്‍ച്ചയായി 30 മണിക്കൂര്‍ നേര്‍ച്ചയൂട്ട് തുടരും.