മിന്നല്‍ പരിശോധനയുമായി ആരോഗ്യവിഭാഗംആരോഗ്യ വിഭാഗം പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി - മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. ക്യൂബ് ഐസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ടീമിന്റെ സേവനം പാവറട്ടി സാന്‍ജോസ് ആസ്​പത്രിയില്‍ ലഭ്യമാക്കും. മുല്ലശ്ശേരി ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.ടി. സുജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.