അനധികൃത മൽസ്യ വിൽപനക്കാരെ ഒഴിപ്പിച്ചു


പഞ്ചായത്തിലെ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അനധികൃതമായി മൽസ്യ വിൽപന നടത്തുന്നവരെ ഒഴിപ്പിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പൊലീസ് സംരക്ഷണത്തോടെയായിരുന്നു നടപടി. മരുതയൂർ കവലയിലും ചിറ്റാട്ടുകര റോഡിലും തട്ടുകളിട്ട് കച്ചവടം നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. ഗ്രാമസഭയിലെ പരാതിയെ തുടർന്ന് വഴിയോരക്കച്ചവടക്കാരുടെ മലിനീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിനും പരാതി ലഭിച്ചിരുന്നു. പാവറട്ടി സെന്ററിൽ പഞ്ചായത്തിന്റെ മൽസ്യ മാർക്കറ്റ് ഉണ്ട്.

 ഇവിടെ ഉയർന്ന വാടകയും നികുതിയും കൊടുത്ത് ഒരു വിഭാഗം കച്ചവടം നടത്തുമ്പോൾ വാടകയോ നികുതിയോ നൽകാതെ മാർക്കറ്റിനു പുറത്ത് വഴിയോരങ്ങളിൽ കച്ചവടം നടത്തുന്നു എന്ന പരാതിയാണ് നടപടിക്കു വഴി വച്ചത്. മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്ക് വരുമാന നഷ്ടം ഉണ്ടാക്കുന്നതായി പരാതിയുണ്ട്. നേരത്തെ പാവറട്ടി സെന്ററിൽ തെക്ക് പുളിഞ്ചേരിപ്പടി, വടക്ക് സംസ്കൃത കോളജ്, കിഴക്ക് കൾച്ചറൽ സെന്റർ, പടിഞ്ഞാറ് സെന്റ് ജോസഫ് റോഡ് അതിർത്തിക്കുള്ളിൽ അനധികൃത മൽസ്യവിൽപന നടത്തുന്നത് പഞ്ചായത്ത് അധികൃതർ നിരോധിച്ചിട്ടുണ്ട്.

മരുതയൂർ സെന്ററിലും സ്ഥിരം സംവിധാനത്തിൽ മൽസ്യ വിൽപന പാടില്ല. അതിർത്തിക്ക് പുറത്ത് സൈക്കിളിലോ ബൈക്കിലോ ചലിക്കുന്ന തള്ള് വണ്ടിയിലോ മൽസ്യ വിൽപന നടത്തുന്നതിൽ തടസമില്ല. ഇത് ലംഘിച്ചവർക്കെതിരെ നേരത്തെ അറിയിപ്പ് നൽകിയാണ് ഇന്നലെ നടപടി സ്വീകരിച്ചത്. .

അതേ സമയം മാർക്കറ്റിലെ ലേല തുക ഉയർന്നതാണെന്നും അതിനാൽ മൽസ്യ മാർക്കറ്റിൽ തരക് സമ്പ്രദായം ഏർപ്പെടുത്തി താഴ്ന്ന വരുമാനക്കാരെയും ഉപജീവനം നടത്താൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. മൽസ്യ മാർക്കറ്റിൽ ഇപ്പോൾ ലേലത്തിനെടുത്തവരുടെ സമയ പരിധി കഴിഞ്ഞിരിക്കുകയാണ്. മുറികൾ പുതുതായി ലേലം ചെയ്ത് നൽകിയിട്ടില്ല. മുറികൾ പഞ്ചായത്ത് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

ഇവിടെ പുറത്തിരുന്ന് കച്ചവടം നടത്തുന്നവർ ഇപ്പോൾ അനധികൃത കച്ചവടമാണ് നടത്തുന്നതെന്നും ഇവരുടെ മൽസ്യ മാലിന്യങ്ങൾ കാനയിലേക്ക് ഒഴുക്കുന്നത് ആരോഗ്യ വകുപ്പും പഞ്ചായത്തും കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടപടി നേരിട്ട വഴിയോര കച്ചവടക്കാർ പറയുന്നു.