പാവറട്ടി, എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളില്‍ പരക്കെ നാശം


മഴയിലും കാറ്റിലും പാവറട്ടി, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളില്‍ പരക്കെ നാശം. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പാവറട്ടി ആറാം വാര്‍ഡ് ജവഹര്‍ റോഡില്‍ പോന്നോര്‍ ലാസറിന്റെ ഭാര്യ മേരിയുടെ വീട്ടിലെ അടുക്കളഭാഗത്തെ തറഭാഗം ഇടിഞ്ഞുതാഴ്ന്നു.

അഞ്ചാം വാര്‍ഡ് മനപ്പടി കോളനിയില്‍ വെട്ടിപ്പുറ കുഞ്ഞിമോന്‍ മകന്‍ ബിജേഷിന്റെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ചുമര്‍ അടര്‍ന്നു. മനപ്പടി സാംസ്‌കാരികനിലയത്തിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് കത്തിനശിച്ചു. സാംസ്‌കാരികനിലയത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പെരുവല്ലൂര്‍ ക്വാറിയ്ക്കു സമീപം അംബേദ്കര്‍ കോളനിയില്‍ കുത്താംമ്പുള്ളി വേലായുധന്റെ വീടിന്റെ അടുക്കളഭാഗത്തെ മണ്‍ചുമര്‍ ഇടിഞ്ഞ് വീണു.

എളവള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ കൂമ്പുള്ളി പാലത്തിനു സമീപം ഒലക്കേങ്കില്‍ ഡേവിസിന്റെ ഭാര്യ അന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. മുറികളില്‍ വെള്ളം കയറിയതിനാല്‍ അന്നമ്മയെ മാറ്റി പാര്‍പ്പിച്ചു. ചുമര്‍ പൊട്ടി അടര്‍ന്ന് തകര്‍ച്ചാഭീഷണിയിലാണ്. എളവള്ളി ആറാംവാര്‍ഡില്‍ കോക്കൂരില്‍ കുറുമ്പൂര്‍ ബാലുവിന്റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് വീണ് തകര്‍ന്നു. മറ്റു ഫലവൃക്ഷങ്ങളും കടപുഴകി. കോക്കൂര്‍ രാജുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു.

മഴയില്‍ എളവള്ളി പണ്ടറക്കാട് ജുമാ മസ്ജിദിനു സമീപം റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളിയിലേക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനെത്താന്‍ വിശ്വാസികള്‍ വലഞ്ഞു. റോഡിനു സമീപം നില്‍ക്കുന്ന രണ്ടു വൈദ്യുതിക്കാലുകള്‍ മണ്ണൊലിച്ച് പോയതിനാല്‍ അപകടാവസ്ഥയിലായി. ചിറ്റാട്ടുകര ജനശക്തി റോഡ്, പാവറട്ടി കുണ്ടുവക്കടവ് വെട്ടിക്കല്‍ സ്‌കൂളിനു സമീപമുള്ള റോഡ്, വെന്മേനാട് അമ്പലനട റോഡ്, കരുവപ്പടി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.