പാവറട്ടി പഞ്ചായത്തു പ്രസിഡന്റായിഅബു വടക്കയില്‍ ചുമതലയേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായതോടെ നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്ത് ഭരണം കൈവിടാതിരുന്നതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്. നാല് അംഗങ്ങളിൽ ഒരാളുടെ വോട്ട് അസാധുവായതിന്റെ നടുക്കത്തിലാണ് എൽഡിഎഫ്.

തീരദേശമേഖലയിലെ കുടിവെള്ളക്ഷാമപരിഹാരം, പൊതുശ്മശാനം, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് പാവറട്ടി പഞ്ചായത്തു പ്രസിഡന്റായി ചുമതലയേറ്റ അബു വടക്കയില്‍ പറഞ്ഞു.

അടുത്ത രണ്ടു വർഷം മുസ്‌ലിം ലീഗിനു പ്രസിഡന്റുപദവി എന്ന തീരുമാനം  രൂക്ഷമായ തർക്കത്തിന് ഇടയാക്കി. ഒത്തുതീർപ്പിന്റെ ഭാഗമായി ലീഗിന്റെ പ്രസിഡന്റുപദവി ഒന്നര വർഷമായി ചുരുക്കും. പിന്നീടു വരുന്ന ഒന്നര വർഷം കോൺഗ്രസിലെ വിമല സേതുമാധവനു പദവി നൽകും.

കേരള കോൺഗ്രസിലെ മിനിക്കു സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകും. വിമല വൈസ് പ്രസിഡന്റാകും. അബു വടക്കയിൽ പ്രസിഡന്റായതിനെ തുടർന്ന് ഒഴിവുവന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം  യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര ഗ്രേസി ഫ്രാൻസിസിനു നൽകും.

പ്രസിഡന്റായി തിരഞ്ഞെടുത്ത അബു വടക്കയിലിനെ യുഡിഎഫ് യോഗം അനുമോദിച്ചു.


കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയം ദീപാലങ്കാരത്തിന് നവനാൾ കുർബാനയ്ക്ക് ശേഷം ഫാ. ടോണി റോഡ് വാഴപ്പിള്ളി സ്വിച്ച് ഓൺ നടത്തി. ഫാ. സനോജ് അറങ്ങാശേരി അധ്യക്ഷനായി. ട്രസ്റ്റിമാരായ ഇ.എൽ. ജോസ്, പി.സി. ഫ്രാൻസിസ്, ജനറൽ കൺവീനർ സി.ജെ. ലിജു എന്നിവർ പ്രസംഗിച്ചു.

 തുടർന്ന് നടൻ ശിവജി ഗുരുവായൂരിന്റെ നാടകം അരങ്ങേറി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ ആഘോഷം. ഇന്ന് വൈകിട്ട് 5.30ന് ജപമാല, ലദീഞ്ഞ്, കുർബാന, പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ രൂപം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അതിരൂപത വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ മുഖ്യ കാർമികത്വം വഹിക്കും. പത്ത് വരെ മാതാവിന് കിരീട സമർപ്പണം. തുടർന്ന് വെടിക്കെട്ട്.

നാളെ രാവിലെ പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. യേശുദാസ് ചുങ്കത്ത് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഊട്ട് രാത്രി 8.30ന് ഡിജെ വെടിക്കെട്ട് ഉണ്ടാകും.

പാവറട്ടി പഞ്ചായത്തിലെ പൊതുജന സേവനങ്ങള്‍ക്ക് പുതിയ കാലഘട്ടത്തിന്റെ സുതാര്യതയും ഉറപ്പും നല്കി ഓണ്‍ലൈന്‍ സംവിധാനം. പഞ്ചായത്തിലേക്ക് അടയ്‌ക്കേണ്ട നികുതികള്‍ tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ അടയ്ക്കാം.

കെട്ടിടനിര്‍മാണത്തിനുള്ള അനുമതിക്കായി സങ്കേതം സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. അപേക്ഷകള്‍ buildingpermit.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള എല്ലാം നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ഈ സംവിധാനം സഹായകരമാകും.

വിവാഹ രജിസ്‌ട്രേഷന്‍ സ്വന്തമായോ അക്ഷയമുഖേനയോ cr.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡാറ്റാ എന്‍ട്രി ചെയ്ത് അപേക്ഷിക്കാം.തെറ്റുകള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 


പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയ മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കണ്ണിനും കാതിനും വിസ്മയമായി.


രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നായി ശൂലധാരികള്‍, കടാരംവലി എന്നിവ ക്ഷേത്രത്തിലെത്തി. ഉച്ചയ്ക്ക് ശേഷം 27 ദേശങ്ങളില്‍ നിന്നുള്ള പീലിക്കാവടികളും, പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ക്ഷേത്രത്തിലെത്തി.
വിവിധ വാദ്യമേളങ്ങളോടുകൂടിയെത്തിയ കാവടികൂട്ടങ്ങള്‍ ജനസാഗരത്തില്‍ ആവേശം നിറച്ചു.

ഷഷ്ഠി ദിവസത്തെ പ്രധാന ചടങ്ങായ പാല്‍, പനിനീര്‍, ഇളനീര്‍, ഭസ്മം,പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകങ്ങള്‍ നടന്നു. തന്ത്രി താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ മറ്റുപൂജാകര്‍മങ്ങള്‍ക്ക് എമ്പ്രാന്തിരിമാരായ സുന്ദരന്‍, ദിനേശന്‍, രഞ്ജിത്ത് എന്നിവര്‍ കാര്‍മികരായി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. ലെനിന്‍, മാനേജര്‍ എം.വി. രത്‌നാകരന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.


സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കമ്പിടി തിരുനാൾ ആഘോഷത്തിന് എല്ലാ വീടുകളിലും സ്വന്തമായി വിഷരഹിത ജൈവ പച്ചക്കറി എന്ന ആശയവുമായി ഇടവകയിലാകെ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. കൃഷിഭവനുമായി സഹകരിച്ച് ഇടവകയിലെ 850 വീടുകളിലാണ് അടുക്കളത്തോട്ടം ഉണ്ടാക്കുന്നത്. ജനുവരി ആറ്, ഏഴ് തീയതികളിലാണ് തിരുനാൾ ആഘോഷം. ഇതിന് മുൻപ് വിളവെടുപ്പ് നടത്താൻ പാകത്തിലാണ് കൃഷി ക്രമീകരിച്ചിട്ടുള്ളത്. ഇതിനുള്ള നടീൽ വസ്തുക്കളും വിത്തുകളും ഇടവകയിൽ വിതരണം ചെയ്തു.

പയർ, വെണ്ട, മുളക്, വഴുതിന എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുത്ത ഉൽപന്നങ്ങൾ തിരുനാൾ ദിവസങ്ങളിൽ പള്ളിയിലെത്തിക്കും. കൃഷി വകുപ്പിന്റെ അമ്പ് എഴുന്നള്ളിപ്പ് നടക്കുന്ന ദിവസം ഉൽപന്നങ്ങൾ ലേലം ചെയ്യും. ഇടവക അടുക്കളത്തോട്ടം പദ്ധതി വികാരി ഫാ. റാഫേൽ വടക്കൻ ഉദ്ഘാടനം ചെയ്തു. ഫാ. നവീൻ മുരിങ്ങാത്തേരി അധ്യക്ഷനായി.

എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ.ലതിക നടീൽ വസ്തുക്കളുടെ വിതരണം നടത്തി. ട്രസ്റ്റിമാരായ ജോസ് മാത്യു, ബെന്നി പോൾ, ജനറൽ കൺവീനർ വർഗീസ് മാനത്തിൽ, ജോയിന്റ് ജനറൽ കൺവീനർ പി.ഡി.ജോസ്, പ്രോഗ്രാം കോ–ഓർഡിനേറ്റർ സി.ജെ.സ്റ്റാൻലി, ലിസി വർഗീസ്, ജസ്റ്റിൻ തോമസ്, ഷിന്റോ തരകൻ, റാണി ജോർജ് എന്നിവർ പ്രസംഗിച്ചു. വി.എ.സോജൻ, ആലീസ് ഫ്രാൻസിസ്, നിമ്മി ജൂണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

News : manorama

പാവറട്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു.

പരാതിപ്പെട്ടി സ്ഥാപിക്കല്‍ മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അധ്യക്ഷയായി.

ആഴ്ചയില്‍ ഒരുദിവസം പോലീസ് പരാതികള്‍ ശേഖരിക്കും.

ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഷാ, അഡീഷണല്‍ എസ്.ഐ. എം.വി. ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം സി.എഫ്. രാജന്‍, ജനമൈത്രി കണ്‍വീനര്‍ ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.Simon Pavaratty

.
Powered by Blogger.