പറമ്പന്‍തളി ഷഷ്ഠി കാവടികൂട്ടങ്ങള്‍ ആവേശമായി


പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയ മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കണ്ണിനും കാതിനും വിസ്മയമായി.


രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നായി ശൂലധാരികള്‍, കടാരംവലി എന്നിവ ക്ഷേത്രത്തിലെത്തി. ഉച്ചയ്ക്ക് ശേഷം 27 ദേശങ്ങളില്‍ നിന്നുള്ള പീലിക്കാവടികളും, പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ക്ഷേത്രത്തിലെത്തി.
വിവിധ വാദ്യമേളങ്ങളോടുകൂടിയെത്തിയ കാവടികൂട്ടങ്ങള്‍ ജനസാഗരത്തില്‍ ആവേശം നിറച്ചു.

ഷഷ്ഠി ദിവസത്തെ പ്രധാന ചടങ്ങായ പാല്‍, പനിനീര്‍, ഇളനീര്‍, ഭസ്മം,പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകങ്ങള്‍ നടന്നു. തന്ത്രി താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ മറ്റുപൂജാകര്‍മങ്ങള്‍ക്ക് എമ്പ്രാന്തിരിമാരായ സുന്ദരന്‍, ദിനേശന്‍, രഞ്ജിത്ത് എന്നിവര്‍ കാര്‍മികരായി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. ലെനിന്‍, മാനേജര്‍ എം.വി. രത്‌നാകരന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.