മരുതയൂര്‍ ചന്ദനക്കുടം നേര്‍ച്ച തുടങ്ങിപാവറട്ടി മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ ചീനാത്ത് അബ്ദുള്‍ഖാദര്‍ മുസ്ലിയാരുടെ ഓര്‍മയ്ക്കായുള്ള ചന്ദനക്കുടം നേര്‍ച്ച തുടങ്ങി. നട്ടാണിപ്പറമ്പ് വി.എം. ബക്കറിന്റെ വസതിയില്‍നിന്ന് മുട്ടുംവിളിയുടെയും മറ്റു വാദ്യമേളങ്ങളുടെയും അകമ്പടിയോടെ താബൂത്ത് കാഴ്ച പുറപ്പെട്ടതോടെയാണ് നേര്‍ച്ചയ്ക്ക് തുടക്കമായത്.

താബൂത്ത് കാഴ്ച പള്ളിയിലെത്തി ജാറത്തില്‍ പട്ട് സമര്‍പ്പിച്ചു. വൈകീട്ട് കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി.

ശനിയാഴ്ച കൊടിയേറ്റക്കാഴ്ചകള്‍ വിവിധ ദേശങ്ങളില്‍നിന്ന് പുറപ്പെട്ട് 12 മണിയോടെ കവല സെന്ററില്‍ സംഗമിച്ച് ജാറം പരിസരത്തെത്തി ഒരുമണിയോടെ കൊടിയേറ്റ് കര്‍മം നടത്തും.

തുടര്‍ന്ന് മറ്റു കൊടിയേറ്റച്ചടങ്ങുകള്‍ നടക്കും. മൗലീദ് പാരായണം, കൂട്ട സിയാറത്ത്, ചക്കരക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകും.

രാത്രി വിവിധ ടീമുകളുടെ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തും.