പാവറട്ടി പഞ്ചായത്ത് ഓഫിസ് വാടക കെട്ടിടത്തിലേക്ക് മാറ്റി


പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനം വാടക കെട്ടിടത്തിലേക്കു മാറ്റി. ചിറ്റാട്ടുകര റോഡിലെ ഒകെ ഷോപ്പിങ് കോപ്ലക്സിലേക്കാണു മാറ്റിയത്. നിലവിലുള്ള സ്വന്തം കെട്ടിടത്തിന്റെ ജീർണാവസ്ഥയെ തുടർന്നാണിത്.


അതേസമയം, പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ നിർമാണം അനിശ്ചിതത്വത്തിലാണ്.  മൂന്നു നില കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം കിട്ടിയെങ്കിലും താഴത്തെ നില നിർമിക്കുന്നതിനു മുൻ എംഎൽഎ പി.എ.മാധവന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 99,000 രൂപ മാത്രമാണ് ഇപ്പോൾ ഉള്ളത്. പ്ലാൻ പ്രകാരം താഴത്തെ നിലയിൽ പഞ്ചായത്ത് ഓഫിസ് ഇല്ല. ബസ് ബേയും പ്രസിഡന്റിനും സെക്രട്ടറിക്കും ഉള്ള മുറികളുമാണ് ഈ നിലയിലുള്ളത്. ഇതിന്റെ നിർമാണം തന്നെ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്.