'കാറ്റുവന്നേ... പൂ പറിച്ചേ...' വിദ്യാര്‍ഥികളുടെ വീഡിയോ ആല്‍ബം തയ്യാര്‍


വേനലവധിക്കാലം സര്‍ഗാത്മകമായി ചെലവഴിച്ചതിലുള്ള സന്തോഷത്തിലാണ് മണത്തല ഗവ. എച്ച്.എസ്.എസിലെ കുട്ടികള്‍. കാരണം അവര്‍ പാടിയഭിനയിച്ച് കളിച്ചുതിമര്‍ത്ത അവധിക്കാലത്തെ മനോഹരദൃശ്യങ്ങള്‍ 'കാറ്റുവന്നേ... പൂ പറിച്ചേ...' എന്ന
സംഗീത വീഡിയോ ആല്‍ബത്തിലൂടെ പുറത്തിറങ്ങുകയാണ്.

മണത്തല ഗവ. എച്ച്.എസ്.എസിന്റെയും ജനകീയ ചലച്ചിത്രവേദിയുടെയും സഹകരണത്തോടെയാണ് സംഗീത വീഡിയോ തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയത്‌നത്തിന്റെ ഭാഗമായി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് സ്‌കൂളില്‍ ടാലന്റ് ലാബ് ആരംഭിച്ചത്.

ടാലന്റ് ലാബില്‍ അഭിനയിക്കാനും പാടാനും ആടാനും വരയ്ക്കാനും എഴുതാനും കഴിവുള്ളവരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചാണ് വീഡിയോ ഒരുക്കിയത്.

വീഡിയോയുടെ സംവിധാനം അധ്യാപകന്‍ റാഫി നീലങ്കാവിലും നിര്‍മാണം പൂര്‍വവിദ്യാര്‍ഥി എ.കെ. നാസറും നിര്‍വഹിക്കുന്നു.

 പ്രധാനാധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, അധ്യാപകരായ എ.എസ്. രാജു, ഷാജി നിഴല്‍, ധ്വനി വിശ്വനാഥ്, ഹേമ നാരായണബാബു എന്നിവരാണ് ടാലന്റ് ലാബിന് നേതൃത്വം നല്‍കുന്നത്.