നാടിന്‍റെ ഉത്സവമായി ദേവസൂര്യ ചലച്ചിത്രമേള ഫെബ്രു. 8 മുതല്‍5 ദിവസത്തെ മേളയില്‍ 50 ഷോര്‍ട്ട് ഫിലിമുകള്‍,  10 ഡോക്യൂമെന്‍ററികള്‍, രാജ്യാന്തര സിനിമകള്‍, ഓപ്പണ്‍ഫോറം, ജോണ്‍ എബ്രഹാം പുരസ്കാരം വിതരണം

മള്‍ട്ടിപ്ളക്സിനും മാളുകള്‍ക്കും പകരം പാടത്തെ നിലാവില്‍, നനുത്ത മഞ്ഞില്‍ ചുക്കുകാപ്പി യോടൊപ്പം  കപ്പലണ്ടിയും  കൊറിച്ച് സിനിമ ആസ്വദിക്കാന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങി. ഇത് നാലാം തവണയാണ് അഞ്ചുദിവസങ്ങളിലായി  വിളക്കാട്ടുപാടത്ത് മേള സംഘടിപ്പിക്കുന്നത്.  നാട്ടിന്‍ പുറത്തെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികള്‍ക്ക് നല്ല സിനിമകള്‍ കാണിക്കുക എന്ന ലക്ഷ്യത്തോടെ,  ദേവസൂര്യ കലാവേദി, ജനകീയ ചലച്ചിത്രവേദിയുടെ സഹകരണത്തോടെ ഒരു നാടിന്‍റെ ഉത്സവമായി   ദേവസൂര്യ ചലച്ചിത്രേമേള സംഘടിപ്പിക്കുന്നത്.
പി.കെ. ബിജുവിന്‍റെ 'ഓത്ത്' ആണ് ഉദ്ഘാടനച്ചിത്രം,  വനിതാവേദിയുടെ നേതൃത്വത്തില്‍ ഒറ്റമുറിവെളിച്ചം, പെണ്ണൊരുത്തി  എന്നീ ചലച്ചിത്രങ്ങള്‍.   ബാലവേദിയുടെ നേതൃത്വത്തില്‍ വില്ലേജ് റോക്ക് സ്റ്റാര്‍സ്,  സീനിയര്‍ സിറ്റിസണ്‍സിന്‍റെ നേതൃത്വത്തില്‍ 'പരിയേറും പെരുമാള്‍', 'സൈറത്ത്' എന്നിവയും സമാപനദിനത്തില്‍ 'ഇരട്ടജീവിത'വും പ്രദര്‍ശിപ്പിക്കും. ഇവയ്ക്കു പുറമെ മത്സര വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50ല്‍ പരം ഷോര്‍ട്ട് ഫിലുമുകളും 10 ഡോക്യൂമെന്‍ററികളും പ്രദര്‍ശിപ്പിക്കും.  മികച്ച ഹൃസ്വചിത്രത്തിനും ഡോക്യുമെന്‍ററിക്കും ജോണ്‍ എബ്രഹാം പുരസ്കാരം വിതരണം സംഘടിപ്പിക്കുന്നു. ദിവസവും പ്രമുഖ സംവിധായകകരുമായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു.